കളമശ്ശേരി: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഏലൂര്‍ ഹിന്ദുസ്ഥാന്‍ ഇന്‍സെക്റ്റിസൈഡ് ലിമിറ്റഡ് (എച്ച്.ഐ.എല്‍) കമ്പനിയില്‍ വന്‍ അഗ്നിബാധ. രാസവസ്തുവായ കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകം ടാങ്കര്‍ ലോറിയില്‍ നിന്ന് ഫാക്ടറിയിലെ സംഭരണിയിലേക്ക് പകര്‍ത്തുന്നതിനിടെ ബുധനാഴ്ച രാവിലെ 10 ഓടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ 12 പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
കമ്പനി ഡെപ്യൂട്ടി മാനേജര്‍ ഗണപതി (50), സൂപ്പര്‍വൈസര്‍ പോള്‍ പി. തോമസ്, ജീവനക്കാരായ രജ്ഞിത് കെ. ജോസ് (39), ടി.വി. ജോണ്‍ (59), ആന്‍റണി (51), പുരുഷോത്തമന്‍ (52), വി.ജെ. ജോഷി (50), നാസര്‍ (46), വര്‍ഗീസ് അഖില്‍ (25), ടി.ജെ. അഗസ്റ്റിന്‍ (26) വിജയകുമാര്‍ (43), അനന്തപത്മനാഭന്‍ (21) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഡെപ്യൂട്ടി മാനേജര്‍ ഗണപതിക്കും സൂപ്പര്‍വൈസര്‍ പോള്‍ പി. തോമസിനുമാണ് ഗുരുതര പൊള്ളലേറ്റത്. ഇവരെ വിദഗ്ധചികിത്സക്കായി എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പത്തടിപ്പാലം കിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കമ്പനിയിലെ പ്രധാന ഉല്‍പന്നമായ മാന്‍ങ്കോസെബ് നിര്‍മിക്കാനുള്ള കാര്‍ബണ്‍ ഡൈ സള്‍ഫൈഡാണ് സംഭരണിയിലേക്ക് പകര്‍ത്തുന്നതിനിടെ ചോര്‍ച്ചയത്തെുടര്‍ന്ന് തീപിടിച്ചത്. തീ പടര്‍ന്നതോടെ വാതകവുമായത്തെിയ ടാങ്കര്‍ ലോറിയുടെ ആറ് ടയറുകള്‍ പൊട്ടിത്തെറിച്ചു. അന്തരീക്ഷവുമായി സമ്പര്‍ക്കമുണ്ടായാല്‍ വളരെ പെട്ടെന്ന് തീപിടിക്കുന്ന കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വെള്ളം നിറച്ച് സംരക്ഷക കവചമുണ്ടാക്കിയ ശേഷമാണ് സംഭരണിയില്‍ സുക്ഷിക്കുന്നത്. സംഭരണിയിലേക്ക് വാതകം പകര്‍ത്താനായി വാല്‍വ് തുറക്കുന്നതിനിടെയാണ് തീപിടിച്ചത്. വാതകം പകര്‍ത്തുന്ന സമയം ഡ്യൂട്ടിയിലുണ്ടായ ജീവനക്കാരാണ് പെള്ളലേറ്റ എല്ലാവരും. ഉടന്‍ കമ്പനിയിലെ അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിച്ചു. പൊള്ളലേറ്റവരെ കിംസ് ആശുപത്രിയിലുമത്തെിച്ചു.
തൊട്ടടുത്ത ഫാക്ടിലെയും ബി.എസ്. സി.എസിലെയും ഏലൂരിലെയും ഫയര്‍ യൂനിറ്റുകള്‍ എത്തി വാതകചോര്‍ച്ച കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ടാങ്കര്‍ തണുപ്പിച്ചുകൊണ്ടിരുന്നു. ചോര്‍ച്ചയുണ്ടായ ടാങ്കറില്‍ 26 ടണ്‍ കാര്‍ബണ്‍ ഡൈ സള്‍ഫൈഡാണ് ഉണ്ടായിരുന്നത്. അപകടശേഷം ടാങ്കറിലെ മുഴുവന്‍ വാതകവും വൈകിട്ട് ഏഴോടെ ആറ് ഫയര്‍ യൂനിറ്റുകള്‍ വെള്ളം ഒഴുക്കി തണുപ്പിച്ച് നിര്‍ജീവമാക്കി. ഇസ്രായേലില്‍നിന്ന് ഇറക്കുമതി ചെയ്തതാണ് വാതകമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. കമ്പനിയില്‍നിന്ന് പൊട്ടിത്തെറി ശബ്ദവും പുകയും ഉയരുന്നതുകണ്ട് നാട്ടുകാര്‍ കമ്പനിക്കുമുന്നില്‍ തടിച്ചുകൂടി. എന്താണ് സംഭവിച്ചതെന്ന വിവരം മറച്ചുവെക്കാനും മാധ്യമ പ്രവര്‍ത്തകരെ തടയാനും ശ്രമിച്ചത് നാട്ടുകാരും സുരക്ഷ ഉദ്യോഗസ്ഥരും തമ്മില്‍ നേരിയ സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു.
കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല, ഡെപ്യൂട്ടി കലക്ടര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സ് ഡയറക്ടര്‍ എം.റെജി, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയണ്‍മെന്‍റ് എന്‍ജിനീയര്‍ ത്രിദീപ് കുമാര്‍, ജില്ലാ ഡെപ്യൂട്ടി കമീഷണര്‍ അരുള്‍ ആര്‍.ബി. കൃഷ്ണ, അസി. കമീഷണര്‍ ലാല്‍ജി, ഏലൂര്‍ നഗരസഭാ അധ്യക്ഷ സിജി ബാബു, വൈസ് ചെയര്‍മാന്‍ എ.ഡി. സുജില്‍ തുടങ്ങിയവര്‍ കമ്പനിയിലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.