കണ്ണൂർ: അർജൻറീനയിലെ സ്വവസതിയിൽ ഫുട്ബാൾ ഇതിഹാസത്തിെൻറ ശ്വാസം നിലച്ചപ്പോൾ എട്ടു വർഷങ്ങൾക്കു മുമ്പ് ആ നിശ്വാസം പതിഞ്ഞൊരു മുറിയുണ്ട് കണ്ണൂരിൽ. തെൻറ ചുരുട്ടിന് തീപടർത്തി ഡീഗോ പുറത്തുവിട്ട പുകച്ചുരുളുകൾപോലെ അദ്ദേഹത്തിെൻറ ഓർമകൾ ഈ മുറിയിൽ തങ്ങിനിൽക്കുന്നുണ്ട്. മുറിയിലെത്തുന്നവരെ അവ മത്തുപിടിപ്പിക്കും.
ഫുട്ബാൾ മൈതാനങ്ങൾക്ക് തീകൊടുത്ത് പത്താം നമ്പർ കുപ്പായത്തിൽ പാഞ്ഞ, ആരാധകരുടെ ദൈവം കേരളത്തിലെത്തിയപ്പോൾ രണ്ടുദിവസം വിശ്രമിച്ചത് കണ്ണൂരിലെ ഹോട്ടൽ ബ്ലൂനൈലിലെ 309ാം നമ്പർ സ്യൂട്ട് മുറിയിലാണ്.
ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് 2012 ഒക്ടോബർ 23, 24 തീയതികളിൽ മറഡോണ കണ്ണൂരിലെത്തിയത്. അന്നുമുതൽ മറഡോണ സ്യൂട്ട് എന്നാണ് ഈ മുറി അറിയപ്പെടുന്നത്. അദ്ദേഹം ഉപയോഗിച്ച പാത്രങ്ങളും തുണികളും വലിച്ച ചുരുട്ടുകളുടെ അവശിഷ്ടങ്ങളുമെല്ലാം നിധിപോലെ ഫ്രെയിം ചെയ്ത് ആ മുറിയിൽ സൂക്ഷിച്ചിരിക്കുകയാണ് ഫുട്ബാൾ പ്രേമിയും ഹോട്ടൽ ഉടമയുമായ രവീന്ദ്രൻ. വിദേശികളും സ്വദേശികളുമായ നിരവധി ആരാധകരാണ് ഈ മുറിയിൽ താമസക്കാരായി എത്തുന്നത്.
അർജൻറീനയുടെ ലോകകപ്പ് മത്സരങ്ങൾ മറഡോണയുടെ മുറിയിലിരുന്നു കാണുന്നത് ആരാധകർ അഹങ്കാരമായാണ് കരുതുന്നത്. കാൽപന്തിെൻറ ഇതിഹാസം ഈ ലോകത്തുനിന്ന് യാത്രയാകുേമ്പാഴും സിറിയൻ സ്വദേശിയായ ആരാധകൻ 'മറഡോണ സ്യൂട്ടി'ലുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം മുറിവിട്ടുപോയത്. മറഡോണയെ സ്വീകരിക്കാനും പരിചരിക്കാനും സാധിച്ച നിമിഷങ്ങളെ ജീവിതത്തിൽ അമൂല്യമായാണ് രവീന്ദ്രനും ഹോട്ടൽ ജീവനക്കാരും കാണുന്നത്. അദ്ദേഹത്തിെൻറ വിയോഗത്തിെൻറ ഞെട്ടലിലാണ് ഏവരും.
മറഡോണ ഹോട്ടലിൽ എത്തിയതിെൻറ ഓർമക്ക് കഴിഞ്ഞമാസം ബ്ലൂനൈലിൽ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. താരം ഉപയോഗിച്ച ബെഡ്ഷീറ്റും ഹാഷ്ട്രേയും സോപ്പും വരെ ചില്ലിട്ട് സൂക്ഷിച്ച മുറിയിൽ ഇനിയും ആരാധകരെത്തും.
വീണ്ടും വരാമെന്ന് രവിചന്ദ്രനിലൂടെ കണ്ണൂരിന് നൽകിയ വാക്ക് പാലിക്കാനാവാതെയാണ് മറഡോണ യാത്രയാവുന്നത്. അതെ ഡീഗോ, കണ്ണൂരുകാർ നിങ്ങളെ വീണ്ടും പ്രതീക്ഷിച്ചിരുന്നു...
''മറഡോണ കണ്ണൂരിലെത്തിയതിെൻറ ഓർമക്ക് ഹോട്ടൽ ബ്ലൂനൈലിൽ സ്മാരകമൊരുക്കും. ഹോട്ടലിെൻറ മുന്നിൽ പ്രത്യേകം മൈതാനമൊരുക്കി അദ്ദേഹത്തിെൻറ ജീവൻതുടിക്കുന്ന പ്രതിമ സ്ഥാപിക്കും.
അദ്ദേഹത്തിെൻറ അവസാന ഗോളിെൻറ മാതൃകയിലാവും പ്രതിമ. മറഡോണയുടെ ഓർമകളുറങ്ങുന്ന മുറി ആരാധകർക്ക് കാണാൻ അവസരമൊരുക്കും. മുറിയിൽ താമസക്കാരില്ലാത്തപ്പോൾ ആരാധകർക്ക് മറഡോണ സ്യൂട്ട് സന്ദർശിക്കാം.''
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.