ആലപ്പുഴ: അനുവദിച്ചതിനേക്കാൾ ഇരട്ടി ആളുകളെ കുത്തിനിറച്ച് യാത്രനടത്തിയ മോട്ടോർ ബോട്ട് പൊലീസ് സഹായത്തോടെ പിടിച്ചെടുത്തു. യാർഡിലേക്ക് മാറ്റിയ ബോട്ടിന് തുറമുഖ വകുപ്പ് 10,000 രൂപ പിഴയീടാക്കി. സ്രാങ്കിന്‍റെയും ലാസ്കറിന്‍റെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.
30 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയും അനുമതിയുമുള്ള ബോട്ടിൽ കുട്ടികളടക്കം 62 സഞ്ചാരികളുണ്ടായിരുന്നു. വ്യാഴാഴ്ച 12.45ന് രാജീവ് ജെട്ടിക്ക് സമീപമായിരുന്നു സംഭവം. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളുമായി കായൽയാത്ര കഴിഞ്ഞ് വരുകയായിരുന്ന ‘എബനേസർ’ ബോട്ടാണ് സഞ്ചാരികളെ കുത്തിനിറച്ചത്.
താനൂർ ബോട്ട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തുറമുഖ വകുപ്പ് പരിശോധന. താഴത്തെ നിലയിൽ 20 പേർക്കും മുകൾഭാഗത്ത് 10 പേർക്കും മാത്രമേ ബോട്ടിൽ സഞ്ചരിക്കാൻ അനുമതിയുള്ളൂ. നിയമലംഘനം നടത്തിയ ബോട്ടിൽനിന്ന് സഞ്ചാരികളെ ഇറക്കി യാർഡിലേക്ക് മാറ്റണമെന്ന് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇത് ബോട്ട് ജീവനക്കാർ അംഗീകരിക്കാതിരുന്നതോടെ വാക്കേറ്റവും സംഘർഷവുമുണ്ടായി. പിന്നീട് ടൂറിസം പൊലീസിനെ വിളിച്ചുവരുത്തി ബോട്ട് ബലമായി പിടിച്ചെടുത്ത് തുറമുഖ വകുപ്പിന്‍റെ ആര്യാട് യാർഡിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.