കളമശ്ശേരി: കൈനിറയെ പണവും പുത്തൻവസ്ത്രങ്ങളുമായി തിരികെ വരുന്നതും കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെ അടുത്തേക്ക് അവർ നാലുപേരും ചേതനയറ്റ നിലയിൽ ഞായറാഴ്ച എത്തും. കുടുംബം പുലർത്താൻ എല്ലുമുറിയെ പണിയെടുക്കുന്നതിനിടെ അപ്രതീക്ഷിത ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പശ്ചിമബംഗാൾ സ്വദേശികളുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച രാവിലെ വിമാനത്തിൽ നാട്ടിലെത്തിക്കുക.
കിൻഫ്ര ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ മരിച്ച നൂറുൽ അമീൻ മണ്ഡൽ, കൊദൂസ് മണ്ഡൽ, ഫൗജുൽ മണ്ഡൽ, നൗജേഷ് ഷാലി എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ നെടുമ്പാശ്ശേരിയിൽനിന്ന് യാത്രയാക്കും. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലാണ് വരുടെ സ്വദേശം. സർക്കാർ ചെലവിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്.
ശനിയാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് നാല് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവം കളമശ്ശേരി കിൻഫ്ര പാർക്കിലെ ഇലക്ട്രോണിക് സിറ്റിയിൽ ഉണ്ടായത്. ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് ഇവിടെ എത്തിയ 25 പേരടങ്ങിയ തൊഴിലാളികൾ 30 അടിയോളം താഴ്ചയിലുള്ള കുഴിയിൽ പണിയെടുത്ത് കൊണ്ടിരിക്കെയാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്.
സംഭവത്തിൽ ജില്ല കലക്ടർ ജാഫർ മാലിക്കിന്റെ നിർദേശപ്രകാരം എ. ഡി. എം എസ്.ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തു.
റിപ്പോർട്ട് ലഭിക്കുന്നതനുസരിച്ച് കർശന നടപടി സ്വീകരിക്കുമെന്ന് കളമശ്ശേരി സി.ഐ സന്തോഷ് പറഞ്ഞു. അതേസമയം മരിച്ച തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടതെന്നാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.