മുഴപ്പിലങ്ങാട്: കുളം ബസാറിലെ സ്റ്റാന്‍റിൽ ഓട്ടം കഴിഞ്ഞ് രാത്രി റോഡരികിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബോംബ് കണ്ടെത്തി. ചാലാക്ക് റോഡിലെ കെ.റിജേഷിന്‍റെ ഓട്ടോയിലാണ് ഉഗ്രസ്ഫോടനശേഷിയുള്ള നാടൻ ബോംബ് കണ്ടെത്തിയത്. പതിവ് പോലെ രാത്രി ഓട്ടം കഴിഞ്ഞ് വീടിനടുത്തെ റോഡരികിൽ ബുധനാഴ്ച പാർക്ക് ചെയ്ത ഓട്ടോറിക്ഷ വ്യാഴാഴ്ച രാവിലെ എടുക്കാനെത്തിയതായിരുന്നു റിജേഷ്. ഓട്ടോറിക്ഷയുടെ മുൻഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്റ്റെപ്പിനി ടയറിനടുത്ത് അസാധാരണമായി എന്തോ വസ്തു കണ്ട് റിജേഷ് നോക്കിയപ്പോഴാണ് ബോംബാണെന്ന് മനസ്സിലായത്.
റിജേഷ് ഉടൻ വിവരമറിയിച്ചതിനെ തുടർന്ന് എടക്കാട് പൊലീസെത്തി. കണ്ണൂരിൽ നിന്നും ബോംബു സ്ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കുകയും ചെയ്തു. ഉഗ്രസ്ഫോടനശേഷിയുള്ള നാടൻ ബോംബാണ് കണ്ടെത്തിയതെന്ന് എടക്കാട് പൊപോലീസ് പറഞ്ഞു.
ഓട്ടോ ഡ്രൈവർ റിജേഷിന്‍റെ പരാതിയിൽ എടക്കാട് പോലീസ് കേസ് എടുത്തിട്ടുണ്ട്. റിജീഷ് കുളം ബസാറിലെ ഓട്ടോസ്റ്റാന്‍റിലാണ് ഓട്ടോ നിർത്തിയിടാറുള്ളത്. ഒരു രാഷ്ട്രീയ സംഘടനയിലും അംഗമല്ല റിജേഷ്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് എടക്കാട് എസ്.ഐ.മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു.
സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും നാടിന്‍റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ആസൂത്രിത ശ്രമമാണിതിന് പിന്നിലെന്നും വിവിധ രാഷ്ട്രീയപ്പാർട്ടികൾ പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.