കൈവെട്ട് കേസിൽ സഭ ടി.ജെ ജോസഫിനോട് അനീതി കാണി​ച്ചുവെന്ന വെളിപ്പെടുത്തലുമായി പുസ്തകം

എറണാകുളം: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫസർ ടി.ജെ ജോസഫിന്‍റെ കൈവെട്ടിയ സംഭവത്തിൽ സഭാ നേതൃത്വം അദ്ദേഹത്തിനൊപ്പം നിന്നില്ലെന്ന ആരോപണവുമായി പുസ്തകം. കേരളത്തിൽ ഏറെ വിവാദമായ സംഭവത്തിൽ സഭയുടെ ഇടപെടലുകളെ വിശദീകരിക്കുകയാണ്​​ നവീകരണ പ്രവർത്തകനായ ജോർജ് മൂലേച്ചാൽ എഴുതിയ 'കെ.സി.ആർ.എം ചരിത്രം, ഇടപെടലുകൾ, പഠനങ്ങൾ' എന്ന പുസ്തകം.


ജോസഫിന് വേണ്ടി അനുഭാവം പ്രകടിപ്പിച്ച കെ.സി.ആർ.എം പ്രവർത്തകരെ വൈദികരുടെ നേതൃത്വത്തിൽ റോഡിലിട്ട് തല്ലിയെന്ന്​ പുസ്തകം പറയുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലെ സഭാ നവീകരണ ചരിത്രമാണ്​ പുസ്തകം പറയുന്നത്​. ജോസഫിനെ ന്യൂമാൻ കോളജിൽ നിന്ന് പിരിച്ചുവിട്ട മാനേജ്‌മെന്‍റ്​ നടപടിയിൽ പ്രതിഷേധിച്ചവർക്കെതിരെയാണ് ആക്രമണമുണ്ടായത്. സഭാ നവീകരണ പ്രസ്ഥാനമായ കെ.സി.എം.ആർ കൂടി ഭാഗഭാക്കായ ജോയന്‍റ്​ ക്രിസ്ത്യൻ കൗൺസിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോതമംഗലം രൂപതാ കേന്ദ്രത്തിലേക്കായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനായി തൃശൂരിൽ നിന്നും പാലായിൽ നിന്നുമുള്ള പ്രവർത്തകർ രാവിലെ 11 ന്​ മുമ്പ്​ തന്നെ കോതമംഗലം കത്തീഡ്രൽ പള്ളിക്കു താഴെ ഹൈറേഞ്ച് കവലയിൽ എത്തിയിരുന്നു. പ്രതിഷേധം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പള്ളിമുറ്റത്ത് കൂട്ടംകൂടി നിന്നിരുന്നവർ ജെ.സി.സി പ്രവർത്തകരെ തല്ലിയോടിച്ചു​. പൊലീസെത്തിയാണ് പ്രവർത്തകരെ രക്ഷിച്ചതെന്നും പുസ്​തകം പറയുന്നു.

തല്ലു കൊണ്ടവരെ പ്രതികളാക്കുകയാണ് സഭാ നേതൃത്വം ചെയ്തതെന്നും പുസ്തകം ആരോപിക്കുന്നു. 'തങ്ങളെ അകാരണമായി ആക്രമിച്ചവർക്കെതിരെ കോതമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി...എന്നാൽ വിരോധാഭാസമെന്നു പറയട്ടെ, പള്ളിയിൽ കുർബാന കണ്ടിരുന്നവരുടെയിടയിൽ ലഘുലേഖ വിതരണം ചെയ്ത് വിശ്വാസികളെ പ്രകോപിപ്പിച്ചു എന്ന തരത്തിൽ പിന്നീട് ചിലർ നൽകിയ പരാതിയാണ് പൊലീസ് പരിഗണിച്ചത്​.അങ്ങനെ പ്രധാന വാദികളായിരുന്ന ജോയിപോൾ പുതുശ്ശേരിയും ജോസും വികെ ജോയിയും മുഖ്യപ്രതികളായി.


ആരുടെയും പ്രതിഷേധമൊന്നും കോതമംഗലം രൂപതാ മെത്രാന്‍റയോ കോളജ്​ മാനേജ്​മെന്‍റിന്‍റയോ ഹൃദയങ്ങളിൽ ചലനമുണ്ടാക്കിയില്ലെന്ന് പുസ്തകം പറയുന്നു. ജോസഫിന്‍റെ ഭാര്യ സലോമിയുടെ ബലിദാനം ഉണ്ടായിട്ട്​ പോലും അവരിൽ മനസലിവുണ്ടാക്കിയില്ല. രൂപതാമെത്രാൻ എഴുതിയ ഇടയലേഖനമാണ് അതിന് തെളിവെന്നും പുസ്​തകം വിശദീകരിക്കുന്നു.

Tags:    
News Summary - book with the revelation that the church showed injustice to TJ Joseph in the handcuff case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.