തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങൾ സിലബസില്‍ ഉള്‍പ്പെടുത്തിയ സംഭവത്തില്‍ യൂനിവേഴ്‌സിറ്റി യൂനിയന്‍ നിലപാട് തള്ളി എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റി. ആര്‍.എസ്.എസ് പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ സച്ചിന്‍ ദേവ് വ്യക്തമാക്കി.
സിലബസ് പിന്‍വലിക്കാന്‍ ആവശ്യമായ നടപടിയെടുക്കുമെന്നും കാര്യങ്ങള്‍ കൃത്യമായി വിലയിരുത്തിയ ശേഷമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. സിലബസിന് എതിരായ നിലപാടാണ് എസ്.എഫ്.ഐക്ക്. മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രസ്താവനകളെ അംഗീകരിക്കുന്നില്ല. സിലബസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ചെയര്‍മാന്‍റെ പ്രസ്താവന സംഘടനാ തലത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരെയും പഠിക്കണമെന്നാണ് എസ്.എഫ്.ഐ നേതൃത്വം നൽകുന്ന യൂനിയന്‍റെ ചെയർമാൻ എം.കെ. ഹസൻ പറഞ്ഞിരുന്നത്. 'സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സർവകലാശാല യൂനിയൻ തുറന്ന സംവാദത്തിന് തയാറാണ്. ഇതിൽ ആർക്കും പെങ്കടുക്കാം. സമരത്തിന് പിറകിൽ രാഷ്ട്രീയ കാരണങ്ങളുണ്ടാകാം. ജെ.എൻ.യുവിൽ ഇതൊക്കെ പഠിപ്പിക്കുന്നുണ്ട്. സവർക്കറെയും ഗോൾവാക്കറെയും പഠിക്കേണ്ടതുണ്ട്. പഠിച്ചുകൊണ്ട് അവരുടെ ആശയങ്ങൾ നടപ്പാക്കണമെന്നില്ല' -എന്നായിരുന്നു ഹസൻ പറഞ്ഞത്. ഇത് വിവാദമായതോടെയാണ് എസ്.എഫ്.ഐ സംസ്ഥാന നേതൃത്വം യൂനിയനെ തള്ളിപ്പറഞ്ഞത്.
എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പുസ്തകങ്ങളുള്ളത്. തീംസ് - ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേപ്പറിലാണ് പുസ്തകങ്ങൾ പാഠഭാഗങ്ങളായുള്ളത്. കൂടാതെ, ഹിന്ദുത്വവാദികളായ ദീൻദയാൽ ഉപാധ്യായ, ബാൽരാജ് മധോക് എന്നിവരുടെ പുസ്തകങ്ങളിലെ ചില ഭാഗങ്ങളും സിലബസിലുണ്ട്.
ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയാറാക്കി എന്നാണ് ആക്ഷേപം. സിലബസ് പാനലിലെ ഒരു വിഭാഗം അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസിനെക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദേശിച്ച പേപ്പറുകളെല്ലാം ഒരു വിഭാഗം തള്ളിക്കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് കമ്മിറ്റി പാഠ്യപദ്ധതി തീരുമാനിച്ചത്. എം.എ പൊളിറ്റിക്കൽ സയൻസ് ആയിരുന്ന പി.ജി കോഴ്സ് ഈ വർഷം മുതലാണ് എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് ആയത്.
ഇന്ത്യയിൽതന്നെ ഈ കോഴ്സ് കണ്ണൂർ സർവകലാശാലക്കു കീഴിലെ ബ്രണ്ണൻ കോളജിൽ മാത്രമേയുള്ളൂ. 2021 ജനുവരി 15ന് ആരംഭിച്ച കോഴ്സിെൻറ ആദ്യ സെമസ്റ്റർ സിലബസ് പ്രസിദ്ധീകരിച്ചത് ജനുവരി 30നാണ്.
സിലബസിൽ ഉൾപ്പെടുത്തിയ പുതിയ ഭാഗങ്ങൾ നീക്കില്ലെന്നും ഹിന്ദുത്വയുടെ അടിസ്ഥാനമായ പുസ്തകങ്ങൾ വിദ്യാർഥികൾ വായിക്കേണ്ടതുണ്ടെന്നുമാണ് സർവകലാശാല വൈസ്ചാൻസ്ലറുടെ നിലപാട്. ഇഷ്ടപ്പെടാത്തത് വായിക്കരുതെന്ന് പറയുന്നത് താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.