തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നു ശതമാനം കടമെടുക്കാമെന്നിരിക്കെ ഇത് 1.6 ശതമാനമായി വെട്ടിക്കുറച്ച കേന്ദ്രനീക്കം സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ വരിഞ്ഞുമുറുക്കും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു വെട്ടിക്കുറക്കൽ കേന്ദ്രത്തിന്റെ ഭാഗമായുണ്ടാകുന്നത്.
മൂന്നു ശതമാനമെന്ന കണക്കനുസരിച്ച് 32,440 കോടി കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ട്. 28,550 കോടിയെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് 17,052 കോടി വെട്ടിക്കുറച്ചത്. ഫലത്തിൽ 15,390 കോടിയായി കടമെടുപ്പ് ചുരുങ്ങും. സാധാരണ ഏപ്രിൽ പകുതിയോടെ കടമെടുപ്പിനുള്ള കേന്ദ്രാനുമതി സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. ഇക്കുറി ഇത് അനിശ്ചിതമായി നീണ്ടുപോയി. ഈ സാഹചര്യത്തിൽ താൽക്കാലികമായി 2000 കോടി കടമെടുക്കാൻ അനുമതി നൽകിയിരുന്നു. എന്നാൽ, അന്തിമാനുമതി നൽകിയ 15,390 കോടിയിൽ ഈ 2000 കോടിയും ഉൾപ്പെടുത്തി എന്നതാണ് മറ്റൊരു ഇരുട്ടടി.
സംസ്ഥാന സർക്കാറിന്റെ വരുമാനത്തിലെ മുഖ്യസ്രോതസ്സാണ് കടമെടുപ്പ്.റിസർവ് ബാങ്ക് വഴി ഇറക്കുന്ന കടപ്പത്രങ്ങൾ 7.5 ശതമാനം പലിശക്ക് വിറ്റാണ് കടമെടുക്കുന്നത്. കടമെടുപ്പ് പ്രതീക്ഷിച്ചാണ് ബജറ്റടക്കം തയാറാക്കിയത്.ഇതു മാത്രമല്ല, സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ശമ്പളപരിഷ്കരണ കുടിശ്ശികയും ഡി.എയും ഉൾപ്പെടെ 20,000 കോടിയാണ് നൽകാനുള്ളത്. പെൻഷൻ പരിഷ്കരണ കുടിശ്ശിക മാത്രം 2800 കോടിയാണ്. ക്ഷേമ ബത്ത കുടിശ്ശിക 1400 കോടിയും. ഈ തുകകളെല്ലാം മരവിപ്പിച്ച് നിർത്തിയാണ് കടുത്ത പ്രതിസന്ധികൾക്കിടയിലും കേരളം ധനസ്ഥിതി പിടിച്ചുനിർത്തുന്നത്. ഇതിനു പുറമെ, മൂന്നുമാസത്തെ ക്ഷേമ പെൻഷനും കുടിശ്ശികയാണ്.
കേന്ദ്രത്തിൽനിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്കാകും കേരളമെത്തുക.ദൈനംദിന ചെലവിന്റെ 64 ശതമാനവും തനത് വരുമാനത്തിൽനിന്നാണ് സംസ്ഥാനം കണ്ടെത്തുന്നത്.മറ്റു പല സംസ്ഥാനങ്ങളും 30 ശതമാനം മാത്രമാണ് തനതുവരുമാനത്തിൽനിന്ന് ചെലവിനുള്ള വക കണ്ടെത്തുന്നത്. പക്ഷേ, സ്ഥിതി ഇതായിട്ടും കേരളത്തോട് കടുത്ത അവഗണനയാണുണ്ടായത്.
കഴിഞ്ഞ ഒന്നു രണ്ടു വർഷങ്ങളായി കേന്ദ്രവിഹിതത്തിൽ ഏതാണ്ട് 40,000 കോടിയുടെ കുറവാണുണ്ടായത്. ഫിസിക്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് ആക്ട് (എഫ്.ആർ.ബി.എം ആക്ട്) നിഷ്കർഷിക്കുന്ന വായ്പത്തുകപോലും കേന്ദ്രം നൽകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.