തിരുവനന്തപുരം: സംഘടനാ നേതൃത്വവുമായി ഇടഞ്ഞ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യു.ഡി.എഫ് േയാഗം ബഹിഷ്കരിച്ചതോടെ സംസ്ഥാന കോൺഗ്രസിലെ തർക്കം കൂടുതൽ വഷളാകുന്നു.
പാർട്ടിയെയും മുന്നണിയെയും ദുർബലമാക്കാൻ ഇരുവരും ശ്രമിക്കുന്നെന്ന ആരോപണവുമായി കെ.പി.സി.സി നേതൃത്വവും മുതിർന്ന രണ്ടു നേതാക്കളെ പാർട്ടി നേതൃത്വം പരസ്യമായി അപമാനിക്കുകയും അവഗണിക്കുകയും െചയ്യുന്നെന്ന പരാതിയുമായി ഗ്രൂപ് നേതൃത്വവും ഹൈകമാൻഡിനെ സമീപിക്കാനൊരുങ്ങുകയാണ്. ഇതോടെ, കുറച്ചുകാലമായി സംസ്ഥാന കോൺഗ്രസിൽ പുകഞ്ഞിരുന്ന തർക്കം വരുംനാളുകളിൽ തുറന്ന പോരിലേക്ക് നീങ്ങും. നിയമസഭ തെരഞ്ഞെടുപ്പോടെ നഷ്ടമായ പ്രവർത്തകരുടെ ആത്മവീര്യം വീണ്ടെടുക്കാനുള്ള ശ്രമം തകർക്കാനാണ് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകൾ ശ്രമിക്കുന്നതെന്നാണ് സംഘടനാ നേതൃത്വത്തിെൻറ പ്രധാന പരാതി.
സംസ്ഥാന കോൺഗ്രസിലെ തർക്കം മുന്നണിയെ ബാധിക്കാതിരിക്കാൻ എല്ലാ നേതാക്കളും ശ്രദ്ധിച്ചിരുന്നു. എന്നാലിതിന് വിരുദ്ധമായാണ് മുതിർന്ന രണ്ടു നേതാക്കളും മുന്നണിയോഗം ബഹിഷ്കരിച്ചത്. സമ്മർദത്തിലൂടെ പാർട്ടിയെ വരുതിയിലാക്കാനും ആവശ്യങ്ങൾ നേടിയെടുക്കാനുമുള്ള മുതിർന്ന നേതാക്കളുടെ നീക്കം അംഗീകരിക്കാനാവില്ലെന്നും സംഘടനാനേതൃത്വം ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും അവർ ഇരു നേതാക്കൾക്കുമെതിരെ ഹൈകമാൻഡിനെ സമീപിക്കുക. അതേസമയം, മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും സംസ്ഥാനത്തെ പാർട്ടി നേതൃത്വം പരസ്യമായി അപമാനിക്കുകയാണെന്ന് ഗ്രൂപ്പുകൾ ആരോപിക്കുന്നു. അച്ചടക്കനടപടി വ്യക്തിവിരോധം തീർക്കാനും കുടിപ്പക തീർക്കാനുമായി കെ.പി.സി.സി നേതൃത്വം ദുർവിനിയോഗം ചെയ്യുന്നു. അച്ചടക്കസമിതി രൂപവത്കരിക്കുമെന്ന ഉറപ്പ് പാലിക്കുന്നില്ലെന്ന് മാത്രമല്ല, രാഷ്ട്രീയകാര്യസമിതി വിളിച്ചുചേർക്കാനും നേതൃത്വം തയാറാകുന്നില്ല. സംഘടനാതെരഞ്ഞെടുപ്പിനെ ഭയപ്പെടുന്നതിനാൽ അതിന് മുന്നോടിയായ അംഗത്വവിതരണ പ്രവർത്തനം നടത്താൻ പാർട്ടി നേതൃത്വം തയാറാകുന്നില്ലെന്നും ഗ്രൂപ്പുകൾ ആരോപിക്കുന്നു. ഇരുകൂട്ടരും ഹൈകമാൻഡ് ഇടപെടലാണ് ആഗ്രഹിക്കുന്നത്. പാർട്ടിയിലെ പ്രശ്നങ്ങൾ ഹൈകമാൻഡിനെ നേരിൽക്കണ്ട് ഗ്രൂപ് നേതൃത്വം േനരത്തേ അറിയിച്ചിരുന്നെങ്കിലും കാര്യമായ ഇടപെടൽ ഉണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് യു.ഡി.എഫ് േയാഗം ബഹിഷ്കരിക്കാൻ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തയാറായത്.
അതേസമയം, മുന്നണിയിലും കോൺഗ്രസിലും പ്രശ്നമാണെന്ന് വരുത്തി പുതിയ നേതൃത്വത്തെ സമ്മർദത്തിലാക്കാനാണ് യോഗം ബഹിഷ്കരിച്ച് വാർത്ത സൃഷ്ടിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിെൻറ വിലയിരുത്തൽ.
പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റ് –കെ. സുധാകരൻ
കണ്ണൂർ: കോൺഗ്രസിൽ നിലവിലുള്ള പ്രശ്നങ്ങൾ ചായക്കോപ്പയിലെ കൊടുങ്കാറ്റായി കെട്ടടങ്ങുമെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ. എത്രയോ കാലമായി കോൺഗ്രസിൽ പ്രശ്നങ്ങളുണ്ട്. അതൊക്കെ തീർത്തിട്ടുമുണ്ട്. എല്ലാ കാലത്തും കോൺഗ്രസിൽ ഗ്രൂപ്പുണ്ട്. യു.ഡി.എഫ് യോഗത്തിൽനിന്ന് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും വിട്ടുനിന്നതാണോ എന്ന് അവരോടുതന്നെ ചോദിക്കണം. വിട്ടുനിന്നതാണെന്ന് തനിക്ക് തോന്നുന്നില്ല. കോൺഗ്രസിലെ പ്രശ്നങ്ങൾ തീർക്കാൻ സംവിധാനങ്ങളുണ്ട്. തർക്കമുണ്ടെന്ന് വരുത്തിത്തീർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. താൻ നേരെ ചൊവ്വേ പാർട്ടിയുമായി മുന്നോട്ടു പോകുകയാണ്. ആർക്കെതിരെയും നടപടിയുമായി മുന്നോട്ടു പോകാൻ താൽപര്യമില്ല. ആരോടും വിരോധമോ വിദ്വേഷമോ ഇല്ലെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.