കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തൃതി കുറക്കരുത് -യു.ഡി.എഫ് സംഘം 

തിരുവനന്തപുരം: നിര്‍ദ്ദിഷ്ട കുറിഞ്ഞി ഉദ്യാനത്തിന്‍റെ വിസ്തീര്‍ണ്ണം കുറക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിച്ച യു.ഡി.എഫ് സംഘം. അതേസമയം കുടിയേറ്റവും കയ്യേറ്റവും രണ്ടായി കാണണം. കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതോടൊപ്പം യഥാര്‍ത്ഥ കര്‍ഷകരേയും സംരക്ഷിക്കണം. ജോയ്‌സ് ജോര്‍ജ് എം.പിയുടെ വ്യാജപട്ടയം സംബന്ധിച്ച കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം. 
കുറിഞ്ഞി ഉദ്യാന സന്ദര്‍ശനത്തിന് ശേഷം സംഘം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇവ അടക്കം 16 നിർദേശങ്ങളാണ് മുന്നോട്ട് വെക്കുന്നത്.

 രാജഭരണ കാലത്ത് ചെമ്പു പട്ടയം കിട്ടിയവരും പില്‍ക്കാലത്ത് പട്ടയം കിട്ടിയവരും അവരുടെ പിന്‍തലമുറക്കാരും അവരോടൊപ്പം വസ്തുക്കള്‍ തീറുവാങ്ങിയവരും എല്ലാം ചേര്‍ന്നതാണ് വട്ടവട ഗ്രാമപഞ്ചായത്തിലെ കര്‍ഷക സമൂഹമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാജ പട്ടയങ്ങളുടെ പിന്‍ബലത്തില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കൈവശം വെച്ചിരിക്കുന്ന വസ്തുകച്ചവടക്കാരും കോര്‍പ്പറേറ്റുകളും അടങ്ങുന്ന വന്‍കിട കയ്യേറ്റ ലോബിയുടെ സാന്നിദ്ധ്യമാണ് കുറിഞ്ഞി ഉദ്യാനത്തിന്‍റെ നിലനില്‍പ്പിനുള്ള ഭീഷണി. യഥാര്‍ത്ഥ കര്‍ഷകരെ മറയാക്കി വന്‍കിട കയ്യേറ്റങ്ങള്‍ സംരക്ഷിക്കാനുള്ള കയ്യേറ്റ ലോബിയുടെ കുതന്ത്രങ്ങള്‍ കാരണമാണ് കുറിഞ്ഞി ഉദ്യാനത്തിന്റെസര്‍വ്വേ നടപടികള്‍ തടസ്സപ്പെട്ടത്. 

കുറിഞ്ഞി ഉദ്യാനത്തിലെ  വന്‍കിട കയ്യേറ്റക്കാരെ ഒറ്റപ്പെടുത്തി ഒഴിപ്പിക്കണം. അതേ സമയം  കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനോടൊപ്പം യഥാര്‍ത്ഥ കര്‍ഷകരെയും സംരക്ഷിക്കണം. ഉദ്യാന പരിധിയില്‍ വരുന്ന യഥാര്‍ത്ഥ കര്‍ഷകരെ വഴിയാധാരമാക്കരുത്. അവര്‍ക്ക് മതിയായ നഷ്ടപരിഹാരവും അനുയോജ്യമായ പകരം കൃഷിഭൂമിയും നല്‍കണം.  

കുറിഞ്ഞി ഉദ്യാനത്തിന്റെ സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കി അതിര്‍ത്തി തിരിച്ച് കയ്യേറ്റ രഹിത മേഖലയായി സംരക്ഷിക്കണം. ഇതിനായി തടസ്സപ്പെട്ടു കിടക്കുന്ന സര്‍വ്വെ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. ഉദ്യാന മേഖലയില്‍ വരുന്ന കര്‍ഷകരുടെ ഉടമസ്ഥാവകാശങ്ങള്‍ നിയമാനുസരണം പരിഗണിച്ച് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കണം. 

അവിടെ സ്വകാര്യ ഭൂമിയിലും വനഭൂമിയിലും നട്ടുവളര്‍ത്തിയിരിക്കുന്ന യൂക്കാലി, ഗ്രാന്റീസ് മരങ്ങള്‍ അതീവ ഗുരുതരമായ ജലക്ഷാമമാണ്  ഉണ്ടാക്കിയിരിക്കുന്നതെന്നും ജലക്ഷാമം മൂലം ഈ മേഖലയിലെ പച്ചക്കറി കൃഷി നാശത്തിന്റെ വക്കിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കൃഷിഭൂമിയും വനഭൂമിയും ഇഴ ചേര്‍ന്ന്ു കിടക്കുന്ന വട്ടവട ഗ്രാമപഞ്ചായത്തിലെ കൃഷിയിടങ്ങള്‍ കേരളത്തിന് ആവശ്യമായ പച്ചക്കറികള്‍ മൊത്തമായി ഉല്പാദിപ്പിക്കാന്‍ പര്യാപ്തമാണ്. അതിനായി ജലക്ഷാമം പരിഹരിക്കുന്നതിന് നടപടികള്‍ വേണം. വനഭൂമിയിലെ യൂക്കാലിപ്റ്റസ്, ഗ്രാന്റീസ് മരങ്ങള്‍ പിഴുതു മാറ്റി സൗഹൃദ മരങ്ങളും കുറിഞ്ഞിയും നട്ടുപിടിപ്പിക്കണം. ജലക്ഷാമം പരിഹരിക്കുന്നതിന് തടയണകള്‍ നിര്‍മ്മിക്കണം. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി ആവിഷ്‌ക്കരിക്കണം. പദ്ധതി രേഖ തയ്യാറാക്കുന്നതിന് നോഡല്‍ ഓഫീസറെ നിയോഗിക്കണം. 

സ്വകാര്യ ഭൂമിയിലെ യൂക്കാലിപ്റ്റസും ഗ്രാന്റീസും വെട്ടിവില്‍ക്കുന്നത് നിരോധിച്ചത് കാരണം കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ആ നിരോധനം പിന്‍വലിക്കണം. സ്വകാര്യ ഭൂമിയില്‍ നിന്ന് യൂക്കാലിയും ഗ്രാന്റിസും പിഴുതു മാറ്റുന്നതിനുള്ള ധനസഹായം പുനരാരംഭിക്കണം.  

ഭൂമി സംബന്ധമായ സര്‍ട്ടിഫിക്കറ്റുകളും ഉത്തരവുകളും ലഭിക്കാന്‍ അതിവിദൂരത്തിലുള്ള ആര്‍.ഡി.ഒ ഓഫീസില്‍ പോകുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ ഇവ വട്ടവട വില്ലേജ് ഓഫീസില്‍ നിന്ന് ലഭ്യമാക്കണം. ഇപ്പോള്‍ വസ്തു കൈമാറ്റവും പോക്കു വരവും കരം അടയ്ക്കലും തടസ്സപ്പെട്ടിരിക്കുകയാണ്. അതിന് പരിഹാരം വേണം. ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ അപര്യാപ്തമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് പുറമെ ബെന്നിബഹ്നാന്‍ (കോണ്‍ഗ്രസ്), കെ.എച്ച്.ഹംസ (മുസ്‌ളീം ലീഗ്), ജോണി നെല്ലൂര്‍(കേരളാ കോണ്‍ഗ്രസ്), ഷിബു ബേബി ജോണ്‍(ആര്‍.എസ്.പി), സുരേഷ് ബാബു(സി.എം.പി) റാംമോഹന്‍ (ഫോര്‍വേര്‍ഡ് ബ്‌ളോക്ക്) ഇബ്രാഹിംകുട്ടി കല്ലാര്‍(ഡി.സി.സി പ്രസിഡന്റ്), അഡ്വ. എസ്.അശോകന്‍  (യു.ഡി.എഫ്  ജില്ലാ ചെയര്‍മാന്‍) എന്നിവരാണ് യു.ഡി.എഫ് സംഘത്തിലുണ്ടായിരുന്നത്.  
റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും കൈമാറി.


 

Tags:    
News Summary - Boundary of Kurinji sanctuary should not be altered Says UDF-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.