കോലഞ്ചേരി: പി.വി. ശ്രീനിജിൻ എം.എൽ.എയെ മാസങ്ങളായി ബഹിഷ്കരിക്കുന്ന ട്വന്‍റി20 നിലപാട് പാർട്ടിയുടെ ജനപ്രതിനിധികൾക്കിടയിൽ അതൃപ്തി വളർത്തുന്നു. വിലക്ക് ലംഘിച്ച് ട്വന്‍റി20യുടെ ജില്ല പഞ്ചായത്ത് അംഗം ഉമാമഹേശ്വരി കഴിഞ്ഞ ദിവസം എം.എൽ.എയോടൊത്ത് വിവിധ പരിപാടികളിൽ വേദിപങ്കിട്ടു.
കിറ്റെക്സ് കമ്പനിയിൽ നടത്തിയ സർക്കാർ പരിശോധനകളുടെ പേരിലാണ് പി.വി. ശ്രീനിജിൻ എം.എൽ.എയോട് ട്വന്‍റി20 നേതൃത്വം അകൽച്ച രൂക്ഷമാക്കിയത്. ഇതോടെ എം.എൽ.എ പങ്കെടുക്കുന്ന പൊതുപരിപാടികൾ ബഹിഷ്കരിക്കാൻ തങ്ങളുടെ ജനപ്രതിനിധികൾക്ക് സംഘടന നിർദേശവും നൽകി. ഇതോടെ സംഘടന ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ എം.എൽ.എ പങ്കെടുക്കുന്ന പരിപാടികൾ പഞ്ചായത്ത് പ്രസിഡന്‍റുമാരടക്കമുള്ള ജനപ്രതിനിധികൾ കൂട്ടത്തോടെ ബഹിഷ്കരിക്കുന്നത് പതിവായി.
പിന്നീട് വടവുകോട് ബ്ലോക്കിന്‍റെ ഭരണം ട്വന്‍റി20ക്ക് ലഭിച്ചതോടെ അവിടെയും അതായി സ്ഥിതി. ബഹിഷ്കരണം മാസങ്ങൾ പിന്നിട്ടതോടെയാണ് സംഘടനയുടെ ജനപ്രതിനിധികളിൽ അതൃപ്തി വളരാൻ കാരണം. സംഘടനയുടെ വിലക്ക് ലംഘിച്ച് കുടുംബശ്രീ നടത്തിയ പരിപാടിയിൽ മഴുവന്നൂർ പഞ്ചായത്തിലെ ട്വന്‍റി20യുടെ വനിത അംഗം എം.എൽ.എയോടൊപ്പം വേദി പങ്കിട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ജില്ല പഞ്ചായത്ത് അംഗവും വേദി പങ്കിട്ടത്. ബഹിഷ്കരണം തദ്ദേശ സ്ഥാപനങ്ങളിലെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നതാണ് ജനപ്രതിനിധികളുടെ അതൃപ്തിക്ക് കാരണം.സർക്കാർ കാര്യങ്ങളിലോ ജനകീയ പ്രശ്നങ്ങളിലോ ഇടപെടൽ നടത്താൻ കഴിയാതെ സംഘടനയുടെ ജനപ്രതിനിധികൾ ഒതുക്കപ്പെടുകയാണെന്നാണ് ജനപ്രതിനിധികളുടെ ആക്ഷേപം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്ക് മണ്ഡലത്തിലെ നാല് പഞ്ചായത്തുകൾ ഭരിക്കുന്ന സംഘടന മാസങ്ങളായി തുടരുന്ന ബഹിഷ്കരണം അപരിഷ്കൃതമാണെന്നആക്ഷേപവും ഉയർന്നിട്ടുണ്ട്.
കോലഞ്ചേരി: ബഹിഷ്കരണം പ്രഖ്യാപിച്ചവർ തന്നെയാണ് അത് പിൻവലിക്കണമോയെന്ന് തീരുമാനിക്കേണ്ടതെന്ന് പി.വി. ശ്രീനിജിൻ എം.എൽ.എ. മണ്ഡലത്തിലെ ഏത് ജനപ്രതിനിധികൾ ബന്ധപ്പെട്ടാലും എം.എൽ.എ എന്ന നിലയിൽ സഹായിക്കാറുണ്ടെന്ന് അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്തരം രീതികൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഇത് ജനങ്ങൾ മനസ്സിലാക്കുമെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.