‘ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കരുത്’; സദാചാര സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ

കൊല്ലം: വിദ്യാർഥികളുടെ വിനോദയാത്രയുമായി ബന്ധപ്പെട്ട് കൊല്ലം എസ്.എൻ കോളജിന്‍റെ പേരിൽ പ്രചരിക്കുന്ന സദാചാര സർക്കുലറിൽ പങ്കില്ലെന്ന് പ്രിൻസിപ്പൽ നിഷ തറയിൽ. വിനോദയാത്രക്ക് പോകുന്ന മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികൾക്കുള്ള നിയമാവലിയെന്ന പേരിൽ പ്രചരിച്ച സർക്കുലർ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനത്തിനിടയാക്കിയിരുന്നു. ഈ സർക്കുലറുമായി കോളജ് മാനേജ്മെന്റിനോ പ്രിൻസിപ്പലിനോ യാതൊരു ഉത്തരവാദിത്തവുമില്ലെന്നാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടിച്ചില്ലെന്നും അവർ പറഞ്ഞു.

‘എസ്.എൻ കോളജിൽനിന്ന് സർക്കുലർ ഇറക്കണമെങ്കിൽ അതിന്റെ പ്രിൻസിപ്പലായ ഞാനാണ് ചെയ്യേണ്ടത്. ഞാൻ ഒരു സർക്കുലർ ഇറക്കുമ്പോൾ അത് എന്റെ ലെറ്റർ പാഡിലായിരിക്കും. അതിൽ എന്റെ ഒപ്പും സീലുമുണ്ടാകും. ഇങ്ങനെയൊന്നും കാണാത്ത ഒരു സർക്കുലറാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്തായാലും ഞാൻ അറിഞ്ഞുകൊണ്ട് അങ്ങനെയൊരു സർക്കുലർ ഇറക്കിയിട്ടില്ല. ഇവിടെനിന്ന് കുട്ടികൾ വിനോദയാത്രക്ക് പോയി എന്നത് ശരിയാണ്. അതിൽ അവസാന ബാച്ച് തിരിച്ചെത്തി. അവരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. കുട്ടികളോ അവരുടെ മാതാപിതാക്കളോ യാതൊരു പരാതിയും ഉന്നയിച്ചിട്ടില്ല’ – പ്രിൻസിപ്പൽ പറഞ്ഞു.

നാക് സംഘം വരും ദിവസങ്ങളിൽ കോളജ് സന്ദർശിക്കാനിരിക്കെയാണ് സദാചാര സർക്കുലർ വിവാദം ഉടലെടുത്തിരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് ഫോട്ടോ എടുക്കരുത്, ഹീലുള്ള ചെരുപ്പുകള്‍ ഒഴിവാക്കണം, മാന്യമായ വസ്ത്രം ധരിക്കണം തുടങ്ങി 11 നിര്‍ദേശങ്ങളടങ്ങിയ നിയമാവലിയാണ് പ്രചരിക്കുന്നത്. ബസിന്റെ മുന്‍വശത്തായാണ് പെണ്‍കുട്ടികള്‍ക്കുള്ള സീറ്റ് ക്രമീകരിച്ചിരിക്കുന്നത്, ഈ സീറ്റുകളില്‍ ആണ്‍കുട്ടികള്‍ ഇരിക്കാന്‍ പാടില്ല, പെണ്‍കുട്ടികളും ആണ്‍കുട്ടികളും മാന്യമായ വസ്ത്രം ധരിക്കണം, പെണ്‍കുട്ടികള്‍ ഒപ്പമുള്ള അധ്യാപകരോ എസ്കോര്‍ട്ടോ ഇല്ലാതെ ഒറ്റക്ക് എവിടെയും പോകരുത്, ഷോപ്പിങ്ങിനും സ്ഥലങ്ങൾ കാണാനും പോകുമ്പോള്‍ പെണ്‍കുട്ടികള്‍ എല്ലാവരും ഒറ്റ ഗ്രൂപ്പായി അധ്യാപകര്‍ക്കോ എസ്കോര്‍ട്ടിനോ ഒപ്പമേ പോകാവൂ, പെണ്‍കുട്ടികള്‍ക്കായി ഒരുക്കിയ പ്രത്യേക സുരക്ഷിത താമസസ്ഥലങ്ങള്‍ നിശ്ചിത സമയത്തിനു ശേഷം പുറത്തുനിന്ന് പൂട്ടും, ഒരാണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും മാത്രമായി ഫോട്ടോ എടുക്കരുത്, ഫോട്ടോക്ക് മാന്യമായ പോസുകള്‍ മാത്രമേ അനുവദിക്കൂ, പെണ്‍കുട്ടികള്‍ വിലപിടിപ്പുള്ള ആഭരണങ്ങള്‍ ധരിക്കരുത്, പെട്ടെന്ന് നടക്കാനും മറ്റും കഴിയുന്ന തരത്തിലുള്ള വസ്ത്രങ്ങളും ചെരുപ്പുകളും വേണം പെണ്‍കുട്ടികള്‍ ധരിക്കാന്‍, വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള മോശം പ്രവൃത്തികളുണ്ടായാല്‍ വിനോദയാത്രയുടെ അവസാനം കടുത്ത നടപടികള്‍ ഉണ്ടാകുന്നതാണ് എന്നിങ്ങനെയാണ് സർക്കുലർ പറയുന്നത്. ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. സർക്കുലറിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയ എസ്.എഫ്.ഐ, കോളജ് കവാടത്തില്‍ ‘സദാചാരം പടിക്ക് പുറത്ത്’ എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിയിരുന്നു.

Tags:    
News Summary - 'Boys and girls should not sit together'; Not involved in the morality circular -Principal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.