കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ കരാറുകാരായ സോൺട കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ കൊച്ചി കോർപറേഷനെതിരെ സോൺട നിയമ നടപടി ആരംഭിച്ചതോടെ ബയോമൈനിങ് പദ്ധതി മറ്റൊരു നിയമ പോരാട്ടത്തിലേക്ക്. സർക്കാറിന്റെയും കോർപറേഷന്റെയും നടപടി ചോദ്യം ചെയ്ത് സോൺട എറണാകുളം ജില്ലകോടതിയിൽ ആർബിട്രേഷൻ ഹരജി ഫയൽചെയ്തു. സോൺടയുടെ ഹരജിയിൽ ജില്ല കോടതി കോർപറേഷന് നോട്ടീസ് നൽകി.
ആർബിട്രേഷൻ ഹരജിയിൽ തീരുമാനമാകും വരെ തുടർനടപടി പാടില്ലെന്നാണ് സോൺടയുടെ ആവശ്യം. ബ്രഹ്മപുരത്തെ ബയോമൈനിങ് കരാറിൽനിന്ന് സോൺടയെ ഒഴിവാക്കാനാണ് കോർപറേഷൻ തീരുമാനിച്ചിരുന്നത്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള കരാർ ഉപേക്ഷിക്കും, പകരം സംവിധാനമായി കംപ്രസ്ഡ് ബയോ ഗ്യാസ്(സി.ബി.ജി) പ്ലാന്റ് സ്ഥാപിക്കും. ഇതിനായി ബി.പി.സി.എല്ലുമായി കരാർ ഒപ്പുവെക്കാനും നീക്കമുണ്ട്. പദ്ധതി നടത്തിപ്പ് നടപടികൾ തൃപ്തകരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സോൺടയെ പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ കത്ത് നൽകിയത്.
നിയമ നടപടിയുമായി മുന്നോട്ട് പോകാനും അതുവരെ മറ്റു നടപടികൾ പാടില്ലെന്നുമുള്ള സോൺടയുടെ ആവശ്യം കോടതി അംഗീകരിച്ചാൽ കോർപറേഷൻ പ്രതിസന്ധിയിലാകും. കോർപറേഷനുമായി ഏതെങ്കിലും തരത്തിലുള്ള തർക്കമുണ്ടങ്കിൽ അത് ആർബിട്രേഷനിലൂടെ പരിഹരിക്കണമെന്നാണ് സോൺടയുടെ ആവശ്യം. അതുപോലെ ചില ആരോപണങ്ങളും സോൺട കോർപറേഷനെതിരെ ഉന്നയിക്കുന്നുണ്ട്. ബയോമൈനിങ്ങുമായി ബന്ധപ്പെട്ട് അനുമതി അടക്കം പല കാര്യങ്ങളും കോർപറേഷൻ ചെയ്തു തന്നിട്ടില്ലന്നാണ് സോൺടയുടെ പരാതി. 54 കോടിയുടെ കരാറിൽ പത്തര കോടിയാണ് കോർപറേഷൻ സോൺടക്ക് നൽകിയത്. വൈദ്യുതി ഉൽപാദനകരാർ ഒപ്പുവെച്ചിരുന്നെങ്കിലും പ്ലാന്റ് നിർമാണം എങ്ങുമെത്തിയിരുന്നില്ല.
മാലിന്യ സംസ്കരണത്തിന് രണ്ടരമാസത്തിനകം പുതിയ കരാർ നൽകുമെന്ന് തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച റിപ്പോർട്ടിൽ അറിയിച്ചിരുന്നു. സോൺടയുടെ നിയമ നടപടി നീക്കം അത് പ്രതിസന്ധിയിലാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.