കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക 12ാം ദിവസമായ തിങ്കളാഴ്ച വൈകീട്ടോടെ പൂർണമായും കെടുത്തിയെന്ന് കലക്ടർ. തീയും പുകയും 100 ശതമാനവും ഇല്ലാതായതായി ജില്ല കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. ചെറിയ തീപിടിത്തങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് 48 മണിക്കൂര്‍ നിതാന്ത ജാഗ്രത തുടരും. അതിനായി അഗ്നിരക്ഷാ സേനാംഗങ്ങള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇനി തീയുണ്ടായാൽ രണ്ട് മണിക്കൂറിനകം അണയ്ക്കും. ഇതിനാവശ്യമായ എക്സ്കവേറ്ററുകളും ഉപകരണങ്ങളുമുണ്ട്. എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു.
വായുവിന്റെ ഗുണനിലവാരം മെച്ചപ്പെട്ടു വരുന്നുണ്ട്. കഴിഞ്ഞയാഴ്ച 442 ആയിരുന്ന പര്‍ട്ടിക്കുലേറ്റ് മാറ്ററിന്റെ അളവ് 139ൽ എത്തി.
തിങ്കളാഴ്ച രാവിലെ മുതൽ പുകയുടെ സാന്നിധ്യത്തിൽ കുറവ് ഉണ്ടായത് ജനങ്ങൾക്ക് ആശ്വാസമായിരുന്നു. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ നടന്നത്. മറ്റു മേഖലകളിലെ തീയും പുകയും ഞായറാഴ്ചയോടെ പൂര്‍ണമായും കെടുത്തിയിരുന്നു. അതിനിടെ വാഴക്കാലയിൽ വൃദ്ധൻ ശ്വാസതടസ്സത്തെ തുടർന്ന് മരിച്ചു. ഇത് പുക ശ്വസിച്ചതുമൂലമാണെന്ന് ആരോപണമുണ്ട്. നിലവില്‍ അഗ്നിരക്ഷാ സേനയുടെ 18 യൂനിറ്റുകളാണ് ദുരന്തമുഖത്തുള്ളത്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്പെഷാലിറ്റി റെസ്പോണ്‍സ് സെന്റര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ട്.
തീയണച്ചുവെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും ദിവസങ്ങൾക്കു മുമ്പേ പറഞ്ഞിരുന്നു. എന്നാൽ, അഗ്നിരക്ഷാ സേന ഇത് സ്ഥിരീകരിച്ചിരുന്നില്ല. തിങ്കളാഴ്ച രാവിലെയും പുക ഉയരുന്ന ദൃശ്യമാണ് കാണാനായത്. നേരത്തേ പ്രവർത്തിച്ചുവന്ന മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളിൽ ഇതുവരെ ചികിത്സ തേടിയത് 73 പേരാണ്. തമ്മനം, പൊന്നുരുന്നി ഭാഗങ്ങളിലാണ് നിലവിൽ മൊബൈൽ യൂനിറ്റുകൾ ഉള്ളത്. പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ചൊവ്വാഴ്ച ആരംഭിക്കും. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയവർ നിരവധിയാണ്. രോഗാവസ്ഥകളുള്ളവർ ചികിത്സക്ക് അവർ പൊയ്ക്കൊണ്ടിരിക്കുന്ന ഡോക്ടർമാരെ തന്നെയാണ് സമീപിച്ചത്. സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സന്നദ്ധ സംഘടനകളും മറ്റും ചികിത്സ സഹായവുമായി രംഗത്തെത്തിയത് ആശ്വാസമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.