തകർച്ചതന്നെ മുഖ്യചർച്ച: കോൺഗ്രസ് ബന്ധത്തെക്കുറിച്ച് വ്യാകുലപ്പെടാതെ സി.പി.എം പാർട്ടി കോൺഗ്രസ്

തിരുവനന്തപുരം: കോൺഗ്രസ് ബന്ധത്തെക്കുറിച്ച് വ്യാകുലപ്പെടാനില്ലാതെ സി.പി.എമ്മിന്‍റെ 23ാം പാർട്ടി കോൺഗ്രസ്. കേരളം ഒഴികെ ബംഗാളിലും ത്രിപുരയിലും ഉണ്ടായ തകർച്ച, അരനൂറ്റാണ്ടിനിപ്പുറവും വടക്കേയിന്ത്യയിൽ പച്ചപിടിക്കാത്തത് എന്തെന്ന സ്വയം വിമർശനപരമായ വിലയിരുത്തൽ എന്നിവയാകും പാർട്ടി കോൺഗ്രസിന്‍റെ മുഖ്യ അജണ്ട. അതേസമയം ഫാഷിസ്റ്റ് മനോഭാവമുള്ള ആർ.എസ്.എസ് പിന്തുണയോടെ രാജ്യം ഭരിക്കുന്ന ബി.ജെ.പിയാണ് മുഖ്യശത്രുവെന്ന 22ാം പാർട്ടി കോൺഗ്രസ് നിലപാടിൽതന്നെയാണ് സി.പി.എം. പക്ഷേ, കോൺഗ്രസുമായി രാഷ്ട്രീയസഖ്യം ഉണ്ടാകില്ല. ഇന്നത്തെ സാഹചര്യത്തിൽ കോൺഗ്രസിന് എല്ലാ മതേതര പ്രതിപക്ഷ കക്ഷികളെയും ഒന്നിച്ച് അണിനിരത്താൻ കഴിയില്ലെന്നാണ് സി.പി.എം വിലയിരുത്തൽ. അപ്പോഴും കോൺഗ്രസിന് ദേശീയ സാഹചര്യത്തിൽ പങ്കുവഹിക്കാനുണ്ടെന്ന് സി.പി.എം അംഗീകരിക്കുകയും ചെയ്യുന്നു.

ഹൈദരാബാദിൽ 2018 ൽ ചേർന്ന 22ാം പാർട്ടി കോൺഗ്രസ് കോൺഗ്രസ് സഖ്യത്തെ ചൊല്ലി രണ്ട് ചേരിയായി മാറിയിരുന്നു. കോൺഗ്രസ് സഖ്യമോ ധാരണയോ പാടില്ലെന്നായിരുന്നു പ്രകാശ് കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, ബൃന്ദാ കാരാട്ട് എന്നിവരുടെയും കേരള ഘടകത്തിന്‍റെയും നിലപാട്. എന്നാൽ, കോൺഗ്രസുമായി പരോക്ഷമായ ധാരണയെങ്കിലും രാഷ്ട്രീയ അടവുനയത്തിൽ വേണമെന്നതിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാൾ ഘടകവും ഉറച്ചുനിന്നു. ഒടുവിൽ കോൺഗ്രസുമായി രാഷ്ട്രീയസഖ്യം വേണ്ടതില്ലെന്ന് തീരുമാനിച്ച പാർട്ടി കോൺഗ്രസ് ധാരണയിൽ നിശ്ശബ്ദത പുലർത്തി. ഇതുപയോഗിച്ച് ബംഗാൾ സി.പി.എം ഘടകം നിയമസഭ തെരഞ്ഞെടുപ്പിലും മറ്റ് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസുമായി 'പരസ്യ സഖ്യ'ത്തിലേർപ്പെട്ടെങ്കിലും വൻ പരാജയമാണ് നുണഞ്ഞത്. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം പരാജയപ്പെട്ടു. 2019 ലെ പാർലമെൻറ്, വിവിധ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വലിയ തിരിച്ചടി നേരിട്ടതോടെ ബംഗാൾ ലൈൻ അപ്രസക്തമായി. ശേഷം ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ സി.പി.എം കോൺഗ്രസിനെ വിട്ട് ഒറ്റക്കാണ് മത്സരിച്ചത്.

ബി.ജെ.പി ഭരണം നിലനിർത്തിയ സാഹചര്യത്തിൽ അവരെ ഭരണത്തിൽനിന്ന് പുറത്താക്കുന്നതിന് ആദ്യം സ്വയം ശക്തിപ്രാപിക്കുകയാണ് വേണ്ടതെന്ന നിലപാടാണ് കേന്ദ്ര കമ്മിറ്റിക്കുവേണ്ടി സീതാറാം യെച്ചൂരി അവതരിപ്പിക്കുന്ന കരട് രാഷ്ട്രീയ പ്രമേയം മുന്നോട്ടുവെക്കുന്നത്. ബംഗാളിലെ പരാജയം തകർത്തുകളയുന്നതാണെന്ന് സംഘടന റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നു. ത്രിപുരയിൽ തിരിച്ചടിയുണ്ടെങ്കിലും ആദിവാസി സ്വയംഭരണ മേഖലാ തെരഞ്ഞെടുപ്പിൽ 20 ശതമാനം വോട്ട് നേടാനായി. കേരളത്തിലെ ഭരണത്തുടർച്ചയാണ് അഭിമാനകരമായി മാറിയത്. 

വർഗീയതക്കെതിരെ മതേതര ഏകോപനം

തിരുവനന്തപുരം: പാർട്ടി ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കൊൽക്കത്ത പ്ലീനം തീരുമാനം സംഘടനാപരമായി ഉടൻ നടപ്പാക്കണമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രമേയം നിർദേശിക്കുന്നത്. ഹിന്ദുത്വ ശക്തികളെ ഒറ്റപ്പെടുത്തുന്നതിൽ പരമപ്രധാനം സി.പി.എം ശക്തിപ്പെടുകയാണ്. എന്നാൽ മാത്രമേ രാഷ്ട്രീയ ഇടപെടൽ നടത്താൻ കഴിയൂ. സി.പി.എം ശക്തിപ്പെടുന്നതിനൊപ്പം ഇടത് ശക്തികളെ ഏകോപിപ്പിക്കണമെന്നും ബഹുജന പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കണമെന്നും പ്രമേയം പറയുന്നു. ഹിന്ദുത്വ വർഗീയതക്കെതിരെ എല്ലാ മതേതര ശക്തികളെയും ഏകോപിപ്പിക്കണം. ഇതിൽ കോൺഗ്രസ് ഉൾപ്പെടെ പങ്കുചേരുന്നതിൽ പാർട്ടി എതിരല്ല. അവർകൂടി ഉൾപ്പെട്ട വിശാല വേദിയാണത്. പക്ഷേ പങ്കാളികളാകണമോയെന്ന് കോൺഗ്രസാണ് തീരുമാനിക്കേണ്ടത്. പാർലമെൻറിൽ മതേതരകക്ഷികളുമായി യോജിപ്പുള്ള വിഷയങ്ങളിൽ സഹകരിക്കും. പുറത്ത് മതേതര ശക്തികളെ വർഗീയ അജണ്ടക്കെതിരായി പൊതുവേദിയിൽ കൊണ്ടുവരാൻ പ്രവർത്തിക്കും -പ്രമേയം വ്യക്തമാക്കുന്നു.

Tags:    
News Summary - Breakdown is the main discussion: CPM party congress without worrying about Congress affiliation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.