താമരശ്ശേരി: കരിങ്കൽ ക്വാറി നടത്തിപ്പിന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാൻ 50,000 രൂപ കൈക്കൂലി വാങ്ങിയ സ്പെഷൽ വില്ലേജ് ഓഫിസറെയും വില്ലേജ് അസിസ്റ്റൻറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി കാരാടിയിൽ പ്രവർത്തിക്കുന്ന രാരോത്ത് വില്ലേജ് ഓഫിസിലെ സ്പെഷൽ വില്ലേജ് ഓഫിസറും സി.പി.ഐ അനുഭാവ സംഘടനയായ ജോയൻറ് കൗൺസിൽ താമരശ്ശേരി താലൂക്ക് സെക്രട്ടറിയുമായ മുക്കം കാരശ്ശേരി മല്ലിേശ്ശരിയിൽ പരവതാനി വീട്ടിൽ എം. ബഷീർ (49), ഫീൽഡ് അസിസ്റ്റൻറ് ചാത്തമംഗലം ചൂലൂർ കുറുമ്പ്രംതൊടി രാഗേഷ്കുമാർ (38) എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ജി. സാബുവിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ചുങ്കത്തെ മൂന്ന് ക്വാറികളുടെ പാരിസ്ഥിതിക അനുമതിക്ക് ജിയോളജി ആൻഡ് മൈനിങ് വകുപ്പിൽ നൽകാൻ മലബാർ െപ്രാഡ്യൂസേഴ്സ് കമ്പനി ഒന്നരവർഷംമുമ്പ് കൈവശാവകാശ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയിരുന്നു. നിരന്തരം ബന്ധപ്പെട്ടെങ്കിലും രാരോത്ത് വില്ലേജ് ഓഫിസിൽനിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് അപേക്ഷ നിരസിച്ചു. തുടർന്ന് ക്വാറി നടത്തിപ്പുകാരായ രാജേഷ്, ശിവകുമാർ എന്നിവർ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു.
കോടതി വിധിയുമായി വന്നിട്ടും പാരിസ്ഥിതികാനുമതി ലഭിക്കാനാവശ്യമായ കൈവശാവകാശ സർട്ടിഫിക്കറ്റടക്കമുള്ള രേഖകൾ നൽകണമെങ്കിൽ 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം ക്വാറിയുമായി ബന്ധപ്പെട്ടവരെ ബഷീർ വിളിച്ച് ആദ്യ ഗഡുവായി 50,000 രൂപ പണിമുടക്ക് ദിവസം ഓഫിസിലെത്തി കൈമാറണമെന്ന് പറഞ്ഞു. ഈ വിവരം ക്വാറി നടത്തിപ്പുകാർ കോഴിക്കോട് വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി ജി. സാബുവിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം ഫിനോഫ്ത്തിലിൻ പൗഡർ പുരട്ടിയ നോട്ടുകളുമായി തിങ്കളാഴ്ച ഉച്ച ഒരുമണിയോടെ വില്ലേജ് ഓഫിസിലെത്തി ശിവകുമാർ പണം ബഷീറിന് കൈമാറി. ഈ പണം ഫീൽഡ് അസിസ്റ്റൻറ് രാഗേഷിന് കൈമാറുകയും ഓഫിസിലെ അലമാരയിൽ സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
ഉടനെ എത്തിയ വിജിലൻസ് സംഘം അലമാരയിൽനിന്ന് തുക പിടിച്ചെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബഷീറിെൻറ മറ്റു ഇടപാടുകളെക്കുറിച്ചും വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്. ഉടനെ എത്തിയ വിജിലൻസ് സംഘം അലമാരയിൽനിന്ന് തുക പിടിച്ചെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബഷീറിെൻറ മറ്റു ഇടപാടുകളെക്കുറിച്ചും വിജിലൻസ് സംഘം അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.