കോഴിക്കോട്ട്: എം.ജി സർവകലാശാലയിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥ പിടിയിലായതിനു പിന്നാലെ, കാലിക്കറ്റ് സർവകലാശാലയിൽ സർട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങിയതായി പരാതി. പ്രീഡിഗ്രി സർട്ടിഫിക്കറ്റിലെ പേര് തിരുത്താൻ ഗൂഗ്ൾപേ വഴി 5000 രൂപ വാങ്ങി കബളിപ്പിച്ചതായുള്ള യുവതിയുടെ പരാതിയിൽ പരീക്ഷഭവനിലെ ജനറൽ സെക്ഷനിലെ അസിസ്റ്റന്റിനെതിരെ പ്രോ വൈസ് ചാൻസലറുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ 5000 രൂപ ആവശ്യമില്ല. ഗൂഗ്ൾപേ വഴി അധികതുക ഈടാക്കിയ ഉദ്യോഗസ്ഥൻ ബാക്കി സ്വന്തമാക്കുകയായിരുന്നു. സർവകലാശാലയിൽനിന്നുള്ള അറിയിപ്പിൽനിന്നാണ് 5000 രൂപ ആവശ്യമുണ്ടായിരുന്നില്ലെന്ന് പരാതിക്കാരിക്ക് മനസ്സിലായത്. ഒരു ഉദ്യോഗസ്ഥന് സ്വന്തം നിലക്ക് ഫീസുകൾ വാങ്ങാൻ കഴിയില്ല.
സർവകലാശാലകളിലേക്ക് ഫീസ് ഔദ്യോഗിക അക്കൗണ്ട് വഴിയാണ് അടക്കേണ്ടത്. ഗുരുതരമായ കുറ്റമാണ് നടത്തിയതെന്നാണ് വിലയിരുത്തൽ. അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച വി.സിക്ക് സമർപ്പിച്ചേക്കും. പണം തിരിച്ചുനൽകി പരാതി പിൻവലിപ്പിക്കാനും സമ്മർദമുണ്ടായിരുന്നു. ജനറൽ സെക്ഷനിലെ മറ്റൊരു അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതായി ആരോപണമുയരുന്നുണ്ട്.
ഇടതുപക്ഷ യൂനിയൻ പ്രവർത്തകരായ ഉദ്യോഗസ്ഥരെ രക്ഷിക്കാനുള്ള ശ്രമമവും നടക്കുന്നുണ്ട്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ നേരിട്ട് കൈക്കൂലി വാങ്ങിയതായാണ് ആക്ഷേപം. പരാതി ലഭിച്ചതായി പി.വി.സി ഡോ. എം. നാസർ സ്ഥിരീകരിച്ചു. അന്വേഷണം നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.