കളമശ്ശേരി: മിൽമയിൽ ജോലി തരപ്പെടുത്താൻ ലക്ഷങ്ങൾ കോഴ ആവശ്യപ്പെട്ടുള്ള ഇടനിലക്കാരെൻറ ഫോൺ സംഭാഷണം പുറത്ത്. മിൽമ എറണാകുളം മേഖല യൂനിയന് കീഴിൽ പരീക്ഷ കഴിഞ്ഞ് നിയമനം കാത്തിരിക്കുന്ന ഉദ്യോഗാർഥിയോടാണ് ബോർഡ് അംഗത്തിെൻറ ഇടനിലക്കാരനെന്ന രീതിയിൽ പരിചയപ്പെടുത്തിയ തൃശൂർ സ്വദേശി ആറ് ലക്ഷം രൂപ കോഴ ആവശ്യപ്പെടുന്നത്. പണം നൽകിയാൽ ജോലി ഉറപ്പാണെന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ ഒരാൾ പറഞ്ഞതനുസരിച്ച് തെൻറ സുഹൃത്ത് വഴിയാണ് ഉദ്യോഗാർഥിയുടെ വിലാസം ലഭിച്ചതെന്നും ഇടനിലക്കാരൻ പറയുന്നുണ്ട്.
ഡയറക്ടർമാർക്ക് നിയമനത്തിന് ക്വാട്ടയുണ്ടെന്നും കോഴയായി നൽകുന്ന തുകയിൽ പകുതി മന്ത്രിതലത്തിലേക്ക് പോകുമെന്നും ഇടനിലക്കാരൻ വെളിപ്പെടുത്തുന്നു. വർഷങ്ങളായി ജോലിക്ക് വേണ്ടി മിൽമയിലെ ഓരോ ഒഴിവിലേക്കും അപേക്ഷ നൽകി കാത്തിരിക്കുന്ന ആളാണ് ഉദ്യോഗാർഥി. നിലവിൽ മിൽമയുടെ സൊസൈറ്റിയിൽ ജോലി ചെയ്യുന്നുമുണ്ട്.
പണം നൽകാൻ തയാറാണോ എന്നറിയാനാണ് തന്നെ ചുമതലപ്പെടുത്തിയതെന്നും തയാറാണെങ്കിൽ തുടർകാര്യങ്ങൾ ഡയറക്ടർ ബോർഡ്അംഗം ചെയ്തുകൊള്ളുമെന്നും ആലോചിച്ച് മറുപടി അറിയിക്കണമെന്നും ഇടനിലക്കാരൻ ആവശ്യപ്പെടുന്നു. എന്നാൽ, പണം നൽകി ജോലി വാങ്ങാൻ താൽപര്യമില്ലാത്ത ഉദ്യോഗാർഥി, ഇത്തരക്കാരുള്ളപ്പോൾ ഈ നാട് രക്ഷപ്പെടില്ലെന്നും മിൽമ കർഷകനെ പിഴിഞ്ഞ് പണമുണ്ടാക്കുകയാണെന്നും ഇടനിലക്കാരനോട് പറയുന്നുണ്ട്. എന്നാൽ, മിൽമയിലെ എല്ലാ നിയമനങ്ങളും കോഴ വാങ്ങിച്ചുതന്നെയാണെന്നായിരുന്നു ഇടനിലക്കാരെൻറ മറുപടി.
കോൺഗ്രസ് ഭരിക്കുന്ന മിൽമ യൂനിയനിലെ നിയമനങ്ങളിൽ അഴിമതി ആരോപിച്ച് യൂത്ത് കോൺഗ്രസ് തന്നെ രംഗത്തുള്ള സമയത്താണ് കോഴ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.