ബിനിത

എസ്.എസ്.എൽ.സി പരീക്ഷയിൽ മിന്നും ജയം; വിധി നൽകിയ പരീക്ഷക്ക് മുന്നിൽ പകച്ച് ബിനിത

കോലഞ്ചേരി: അസുഖത്തോട് പടവെട്ടി എസ്.എസ്.എൽ.സി പരീക്ഷയിൽ ബിനിത നേടിയത് തിളക്കമാർന്ന വിജയം. വടവുകോട് രാജർഷി മെമ്മോറിയൽ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ചോയിക്കരമോളത്ത് സുബ്രഹ്മണ്യന്റെ മകൾ ബിനിത. എസ്.എസ്.എല്‍.സി പരീക്ഷക്ക് തയാറെടുക്കവെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനിതക്ക് അർബുദം സ്ഥിരീകരിച്ചത്. ഇപ്പോൾ തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിലെ ചികിത്സയിലാണ്.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരീക്ഷ മുടങ്ങുമോ എന്നതായിരുന്നു ഭയം. എന്നാൽ, സ്കൂളധികൃതർ മികച്ച പിന്തുണയാണ് നൽകിയത്. അസുഖം നൽകിയ ഞെട്ടലിൽ പകയ്ക്കാതെ പരീക്ഷക്കായി പഠനം തുടർന്നു. അവസാന പരീക്ഷയും ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷയും കഴിഞ്ഞതിന്‍റെ പിറ്റേദിവസം മുതല്‍ തിരുവനന്തപുരം ആർ.സി.സിയിൽ കീമോതെറാപ്പിക്ക് വിധേയയായിക്കൊണ്ടിരിക്കുകയാണ് ബിനിത. പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ അഞ്ച് എ പ്ലസും മൂന്ന് എ ഗ്രേഡും നേടി മികച്ച വിജയമാണ് ബിനിത നേടിയത്.

ചികിത്സയ്ക്കിടയിൽ കുട്ടിയെ താമസിപ്പിക്കാൻ പോലും കഴിയാത്തത്രയും ശോചനീയാവസ്ഥയിലുള്ള വീടാണ് ബിനിതയുടേത്. അതിനാല്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് തന്നെ വാടകയ്ക്ക് താമസിക്കുകയാണ് ഇവർ. നിർധന കുടുംബത്തിലെ അംഗമായ കുട്ടിയുടെ ചികിത്സ ചെലവ് കണ്ടെത്താൻ കഴിയാതെ പകച്ചു നിന്ന കുടുംബത്തിന് സഹായവുമായി നാട്ടുകാരും സഹപാഠികളും രംഗത്ത് വന്നിട്ടുണ്ട്.

കുടുംബത്തിന്റെ നിസ്സഹായാവസ്ഥ തിരിച്ചറിഞ്ഞ് സൗഹൃദ റെസിഡന്‍റ്സ് അസോസിയേഷന്‍റെ നേതൃത്ത്വത്തില്‍ ജനപ്രതിനിധികളും, രാഷ്ട്രീയ - സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും ഒത്തുചേർന്ന് ബെന്നി ബഹനാൻ എം.പി, പി.വി. ശ്രീനിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗം ലിസ്സി അലക്സ്, ബ്ലോക്ക് പഞ്ചായത്തംഗം ജുബിൾ ജോർജ് എന്നിവര്‍ രക്ഷാധികാരികളായും വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ ചെയർമാനായും സഹായനിധി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്. ബിനിതയുടെ ചികിത്സക്കായുള്ള സഹായത്തിനായി വടവുകോട് എസ്.ബി.ഐ ശാഖയിൽ Binitha C.S, A/C Number: 38206744694, IFSC CODE: SBIN 0070316, SBI Vadavucode Branch എന്ന അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഇതു കൂടാതെ 8078034314 എന്ന നമ്പറില്‍ ഗൂഗിൾപേ സംവിധാനവും സഹായ സമിതി ഒരുക്കിയിട്ടുണ്ട്. 

Tags:    
News Summary - brilliant victory for SSLC Binitha needs help to overcome her illness

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.