കണ്ണൂർ: കർണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച ബി.ജെ.പിയുടെ നീക്കം ആസൂത്രിതമാണെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്ക്വയറിൽ നടന്ന വനിത അസംബ്ലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വർഷങ്ങളായുള്ള മൗലികാവകാശമാണ് വിദ്യാഭ്യാസം നേടുക, ഇഷ്ടമുള്ള വസ്ത്രം ധരിക്കുക എന്നിവ. പതിയെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന് മുസ്ലിം പെൺകുട്ടികളെ അകറ്റുക എന്ന ആസൂത്രിതനീക്കം ഹിജാബ് നിരോധനത്തിലുണ്ട്. ഹിജാബ് വിഷയത്തിൽ സുപ്രീംകോടതി ശരിയായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷ പാർട്ടിക്കുണ്ട്.
ന്യൂനപക്ഷ സമൂഹങ്ങളിലെ മതമൗലിക വാദികൾ എന്നും സ്ത്രീ സ്വാതന്ത്ര്യത്തിന് എതിരാണ്. മുസ്ലിം സമുദായങ്ങളിലടക്കം ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ ഇത്തരം മതമൗലിക വാദികൾ അനുവദിക്കാറില്ല. ഇതിനെതിരെയും സി.പി.എമ്മിന് ശക്തമായ നിലപാടാണ്. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീയുടെ മാത്രം സ്വാതന്ത്ര്യമാണ്.
ഇത്തരം മതമൗലിക വാദികളുടെ ഇരട്ടത്താപ്പിനെതിരെയും ഇടതുപക്ഷം സമരസപ്പെടാനില്ലാത്ത പോരാട്ടത്തിലാണ്. എന്നാൽ, ഇക്കാര്യത്തിൽ കോൺഗ്രസിന് മൃദുസമീപനമാണ്.
സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളിൽ കേരളത്തിലെ ഇടതുസർക്കാറിന്റെ പങ്ക് അഭിനന്ദനീയമാണ്. കുടുംബശ്രീപോലുള്ള സംഘടനകൾക്ക് സർക്കാർ നൽകുന്ന പിന്തുണ ഇതിന് എറ്റവും നല്ല തെളിവാണ്. സാമ്പത്തിക ഞെരുക്കത്തിനിടയിലും ജൻഡർ ബജറ്റ് അവതരിപ്പിച്ച സർക്കാർനീക്കം അഭിനന്ദനീയമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.