വടക്കഞ്ചേരി: വടക്കഞ്ചേരിയിൽ എ.ഐ കാമറ തകർത്ത വാഹനം കസ്റ്റഡിയിലെടുത്തു. ആയക്കാട്ടിൽ സ്ഥാപിച്ച എ.ഐ കാമറ തകർക്കാനുപയോഗിച്ച ഇന്നോവ കാറാണ് വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കോതമംഗലത്തെ വർക് ഷോപ്പിൽനിന്നാണ് വാഹനം കണ്ടെത്തിയത്.
പ്രതി മുഹമ്മദ് വാടകക്ക് എടുത്ത കാർ കൊണ്ടാണ് കാമറ ഇടിച്ച് തകർത്തത്. സംഭവശേഷം സുഹൃത്തുക്കളുമൊത്ത് മൂന്നാറിലേക്ക് പോകുന്നതിനിടെ വാഹനം നന്നാക്കാനായി കോതമംഗലത്തെ വർക് ഷോപ്പിൽ നൽകുകയായിരുന്നു. വടക്കഞ്ചേരി പൊലീസ് വാഹന ഉടമയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് പ്രതി പിടിയിലാകുന്നത്. മുഹമ്മദിനോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച മറ്റ് രണ്ട് പേർക്ക് സംഭവത്തിൽ പങ്കില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.
ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ആയക്കാട് മന്ദിന് സമീപം സ്ഥാപിച്ച കാമറ പോസ്റ്റ് സഹിതം വാഹനമിടിച്ച് തകർത്തത്. വാഹനം പിന്നോട്ടെടുത്ത് ബോധപൂർവം ഇടിച്ച് തകർത്തതാണെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. സംഭവത്തെ തുടർന്ന് കാറിന്റെ പിൻഭാഗത്തെ തകർന്ന ചില്ലിൽ എഴുതിയിരുന്ന പേരാണ് അന്വേഷണത്തിന് വഴിതിരിവായത്.
കോതമംഗലത്ത് നിന്നും വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച വാഹനത്തിൽ ഫോറൻസിക് അധികൃതർ പരിശോധന നടത്തി. ഇതിനിടെ തകർന്ന കാമറ പുനഃസ്ഥാപിക്കാൻ നടപടിക്രമങ്ങൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. താഴെ വീണ കാമറയും അനുബന്ധ സാധനങ്ങളും നന്നാക്കാനായി കൊണ്ട് പോയി. ഉടൻ കാമറ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.