തൃശൂർ: പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിന് 4ജി നെറ്റ്വർക്ക് ഒരുക്കാൻ 'അവിയൽ കമ്പനി'യുണ്ടാക്കാൻ ശിപാർശ. നേരത്തേ 4ജി ടെൻഡർ റദ്ദാക്കിയശേഷം കേന്ദ്ര ടെലികോം വകുപ്പ് രൂപവത്കരിച്ച സമിതിയാണ് ഇത്തരമൊരു കമ്പനിയുണ്ടാക്കണമെന്ന് കാണിച്ച് കേന്ദ്രസർക്കാറിന് റിപ്പോർട്ട് നൽകിയത്. 4ജി ഒരുക്കാൻ പലയിടത്തുനിന്നായി ഹാർഡ്വെയറും സോഫ്റ്റ്വെയറും വാങ്ങി സംയോജിപ്പിക്കുന്ന 'സിസ്റ്റം ഇൻറഗ്രേറ്റർ' കമ്പനി രൂപവത്കരിക്കാനാണ് ശിപാർശയെന്ന് ബി.എസ്.എൻ.എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. ഈ കമ്പനിയായിരിക്കും 4ജി നെറ്റ്വർക്ക് തയാറാക്കുന്നതും പരിപാലിക്കുന്നതും.
സ്വകാര്യ ടെലികോം കമ്പനികൾ ഒറ്റ കേന്ദ്രത്തിൽനിന്ന് കരാർ അടിസ്ഥാനത്തിൽ നെറ്റ്വർക്ക് സാമഗ്രികൾ സമാഹരിക്കുേമ്പാൾ, ഈ സൗകര്യം ബി.എസ്.എൻ.എല്ലിന് നിഷേധിക്കുകയാണ്. ഒന്നിലധികം സ്ഥാപനങ്ങൾ ഇടപെടുേമ്പാൾ ഭാവിയിൽ സാങ്കേതിക പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്.
അതിർത്തിയിലെ പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് കമ്പനികളെ മാറ്റിനിർത്താനെന്ന പേരിലാണ് ബി.എസ്.എൻ.എല്ലിെൻറ 4ജി ടെൻഡർ നടപടികൾ കേന്ദ്രം റദ്ദാക്കിയത്. സ്വകാര്യ കമ്പനികൾക്ക് എവിടെനിന്നും സാമഗ്രമികൾ വാങ്ങാം. എന്നാൽ, ബി.എസ്.എൻ.എൽ തദ്ദേശീയ സാമഗ്രികൾതന്നെ വാങ്ങണമെന്ന് നിബന്ധനവെക്കുകയായിരുന്നു. 4ജി നെറ്റ്വർക്കിനുള്ള റേഡിയോ, കോർ ഉൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിൽ മികവ് തെളിയിച്ച കമ്പനികൾ ഇന്ത്യയിലില്ല. ഈ സാഹചര്യത്തിലാണ് 'സിസ്റ്റം ഇൻറഗ്രേറ്റർ' രൂപവത്കരിക്കുന്നത്.
ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കാൻ ബോധപൂർവം നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണ് ഇതെന്ന് എംപ്ലോയീസ് യൂനിയൻ ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു അഭിപ്രായപ്പെട്ടു. ബി.എസ്.എൻ.എല്ലിനെ ഇല്ലാതാക്കാൻ ആഴത്തിലുള്ള ഗൂഢാലോചന നടക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.