തൃശൂർ: ബി.എസ്.എൻ.എൽ 4ജി സേവനം 2022 അവസാനം. 4ജി സംവിധാനം ഒരുക്കാൻ ചുമതലയേറ്റ ടാറ്റ കൺസൽട്ടൻസി സർവിസസിന്റെ (ടി.സി.എസ്) നേതൃത്വത്തിലുള്ള കൺസോർഷ്യം ബി.എസ്.എൻ.എലിന് നൽകിയ താൽപര്യപത്രത്തിൽ പറഞ്ഞതുപ്രകാരം 4ജി സംവിധാനം ഇതുവരെ പ്രവർത്തിപ്പിച്ച് കാണിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സേവനം ഉപഭോക്താക്കളിലെത്താൻ ഇനിയും ഒരുവർഷം കാത്തിരിക്കേണ്ട അവസ്ഥയുണ്ടായത്.
ട്രയൽ വിജയകരമായി പൂർത്തിയായാലും 4ജി സേവനം ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ 10 മാസംകൂടി വേണ്ടിവരുമെന്നാണ് ബി.എസ്.എൻ.എലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. ടി.സി.എസ് കൺസോർഷ്യത്തിന്റെ നടപടികൾ വൈകുന്നതിൽ ബി.എസ്.എൻ.എൽ അതൃപ്തി അറിയിച്ചിട്ടുണ്ട്. 40 വാട്ട് റേഡിയോ ഉപയോഗിച്ച് 4ജി ട്രയൽ വിജയകരമായി നടത്തണമെന്നാണ് താൽപര്യപത്രത്തിൽ നിർദേശിക്കുന്നത്. എന്നാൽ ടി.സി.എസ് ഇപ്പോഴും 20 വാട്ട് റേഡിയോ ഉപയോഗിച്ചാണ് ട്രയൽ നടത്തുന്നത്.
പൊതുമേഖല സ്ഥാപനമായ സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് ടെലിമാറ്റിക്സ്, ബംഗളൂരു ആസ്ഥാനമായ തേജസ് നെറ്റ്വർക്സ് എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് ടി.സി.എസ് 4ജി സംവിധാനം സജ്ജമാക്കുന്നത്. 4ജി സംവിധാനത്തിന് വിദേശ ഉപകരണങ്ങൾ വാങ്ങാൻ ബി.എസ്.എൻ.എലിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ചൈനയുമായുള്ള അതിർത്തി തർക്കത്തിെൻറ പശ്ചാത്തലത്തിൽ ചൈനീസ് ഉപകരണങ്ങൾക്ക് കർശന വിലക്കും ഏർപ്പെടുത്തി.
അതേസമയം, സ്വകാര്യ മൊബൈൽ കമ്പനികൾ ചൈന അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് 4ജി സജ്ജീകരിച്ചതും ഇപ്പോൾ 5ജിയിലേക്ക് നീങ്ങുന്നതും. 'ആത്മനിർഭർ ഭാരത്' പദ്ധതിയിൽ രാജ്യത്തെ ഉപകരണങ്ങൾ ഉപയോഗിച്ച് 4ജി സംവിധാനം ഒരുക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും 2ജി, 3ജി സേവനങ്ങളിൽ നിൽക്കുന്ന ബി.എസ്.എൻ.എലിന് 4ജിയിലേക്കുള്ള ചുവടുവെപ്പിന് തടസ്സവും ഈ വ്യവസ്ഥതന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.