തിരുവനന്തപുരം: ബി.എസ്.എൻ.എൽ എൻജിനീയേഴ്സ് സഹകരണ സംഘം തട്ടിപ്പ് കേസിൽ വൈസ് പ്രസിഡന്റിനെയും നാല് ഡയറക്ടർ ബോർഡ് അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്ചെയ്‌തു.
ബി.എസ്.എൻ.എൽ ഡെപ്യൂട്ടി ജനറൽ മാനേജറും എൻജി.സംഘം വൈസ് പ്രസിഡന്റുമായ ഐ. മിനിമോൾ, ഡയറക്ടർ ബോർഡംഗങ്ങളായ ഡിവിഷനൽ എൻജിനീയർ കെ. മനോജ് കൃഷ്ണൻ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എ. അനിൽകുമാർ, മുൻ ജീവനക്കാരിയും ഡയറക്ടർ ബോർഡ് അംഗവുമായ സോഫിയാമ്മ തോമസ് എന്നിവരാണ് പിടിയിലായത്.
ഡിവിഷനൽ എൻജിനീയറും ഡയറക്ടർ ബോർഡംഗവുമായ പ്രസാദ് രാജ് വഞ്ചിയൂർ കോടതിയിൽ കീഴടങ്ങി. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. ഇതോടെ സംഘത്തിലെ ഡയറക്ടർ ബോർഡംഗങ്ങളെല്ലാം അറസ്റ്റിലായി. മുഖ്യപ്രതികളായ എ.ആർ. ഗോപിനാഥനും രാജീവും റിമാൻഡിലാണ്. അനധികൃത വായ്പയിലൂടെയും വ്യാജ നിക്ഷേപരേഖകൾ ഉണ്ടാക്കിയും 260.18 കോടി രൂപ തട്ടിയെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. നിക്ഷേപമായി നൽകുന്ന പണം രജിസ്റ്ററിൽ ചേർക്കാതെ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. 260 കോടിയിൽ 240 കോടിയും സ്ഥിരനിക്ഷേപമാണെങ്കിലും ഇതു സംഘത്തിന്റെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടില്ല. ഗോപിനാഥനും രാജീവും ചേർന്ന് നേരിട്ടാണ് പണം വകമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.