കരുതൽ മേഖല: പരാതികളിൽ നേരിട്ട് പരിശോധന; വിദഗ്ധ സമിതി കാലാവധി രണ്ടുമാസം നീട്ടി

തിരുവനന്തപുരം: സംരക്ഷിത വനങ്ങളുടെ കരുതൽ മേഖലയിലെ ജനവാസകേന്ദ്രങ്ങളും മറ്റും നിര്‍ണയിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍ അധ്യക്ഷനായ അഞ്ചംഗ വിദഗ്ധസമിതിയുടെ കാലാവധി രണ്ടുമാസം കൂടി നീട്ടാൻ സർക്കാർ തീരുമാനിച്ചു.

ഡിസംബർ 30ന് കാലാവധി അവസാനിക്കാനിരിക്കെയാണ് ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം എടുത്തതെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. 23 സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ കരുതൽ മേഖലയില്‍ ഉള്‍പ്പെടുന്ന ജനവാസ മേഖലകള്‍ കണ്ടെത്തുകയാണ് പ്രധാനം. പരാതികള്‍ പരിശോധിച്ച ശേഷം കുടുംബശ്രീ സഹായത്തോടെ സ്ഥലപരിശോധന തുടങ്ങും. പരിശോധന തീയതി 20ന് ചേരുന്ന വിദഗ്ധസമിതിയോഗം തീരുമാനിക്കും.

കാലാവധി നീട്ടുന്നതുവഴി നേരിട്ടുള്ള സര്‍വേ ഒരു പരിധിവരെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കരുതൽ മേഖല നിർണയിക്കാൻ നടത്തിയ ഉപഗ്രഹ സര്‍വേയില്‍ ന്യൂനതകളുണ്ടെന്ന പരാതി വ്യാപകമാണ്. പരാതിയുള്ള പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്താന്‍ കൂടുതല്‍ സമയം ആവശ്യമാണ്. ഇതോടെ ഡിസംബര്‍ 30ന് അന്തിമ റിപ്പോർട്ട് തയാറാക്കാനുള്ള തീരുമാനവും മാറും. സംശയനിവാരണത്തിന് പഞ്ചായത്തുകളില്‍തന്നെ ഹെല്‍പ് ഡെസ്‌ക് സജ്ജമാക്കും.ഇതിന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കും.

പരിസ്ഥിതി ലോല മേഖല സംബന്ധിച്ച ജനങ്ങളുടെ പരാതികളും അഭിപ്രായങ്ങളും അറിയിക്കാനുള്ള സമയപരിധി നീട്ടി നല്‍കാനും നേരേത്ത ധാരണയായിരുന്നു. ഡിസംബർ 23 വരെയാണ് നിലവില്‍ സമയപരിധി അനുവദിച്ചിരുന്നത്. 20ന് വിദഗ്ധസമിതി യോഗം ചേര്‍ന്ന് ജനങ്ങളുടെ പരാതി അറിയിക്കാനുള്ള തീയതിയില്‍ മാറ്റം വരുത്തും.

Tags:    
News Summary - Buffer Zone: Direct verification on complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.