കെട്ടിട നമ്പർ തട്ടിപ്പ്: സോണൽ ഓഫിസുകളിലേക്കും അന്വേഷണം

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ആസ്ഥാന ഓഫിസിൽ കോഴിക്കോട് മാതൃകയിൽ കെട്ടിട നമ്പർ തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് സോണൽ ഓഫിസുകളിലും പരിശോധന ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് മേയർ ആര്യ രാജേന്ദ്രൻ നിർദേശം നൽകി.

ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര അന്വേഷണത്തി‍െൻറ ചുമതല റവന്യൂ ഓഫിസറുടെ ചുമതല വഹിക്കുന്ന എസ്. ജയകുമാറിന് നൽകിയതായി മേയർ അറിയിച്ചു. കോഴിക്കോട് കോർപറേഷനിൽ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെയാണ് ആസ്ഥാന ഓഫിസ്, ഫോർട്ട്, നേമം സോണൽ ഓഫിസുകൾ എന്നിവിടങ്ങളിൽനിന്ന് അനുവദിച്ച രണ്ടുമാസത്തെ കെട്ടിട നമ്പറുകൾ പരിശോധിക്കാൻ തീരുമാനിച്ചത്.

ഏപ്രിൽ, മേയ് മാസങ്ങളിൽ ആകെ 1686 കെട്ടിടങ്ങൾക്ക് നമ്പർ നൽകിയതിൽ 312 എണ്ണത്തി‍െൻറ പരിശോധന പൂർത്തിയായപ്പോഴാണ് ക്രമക്കേട് പിടികൂടിയത്. കേശവദാസപുരം വാർഡിൽ മരപ്പാലത്തുള്ള അജയഘോഷി‍െൻറ ഉടമസ്ഥതയിലുള്ള രണ്ട് കെട്ടിടങ്ങളുടെ നിർമാണവിവരങ്ങൾ നൽകിയാണ് തട്ടിപ്പ് നടന്നത്. കേശവദാസപുരം വാർഡിലെ ബിൽ കലക്ടറുടെ സംശയവും അതിനെ തുടർന്നുണ്ടായ പരാതിയുമാണ് തട്ടിപ്പ് പുറത്ത് കൊണ്ടുവന്നത്.

ബിൽ കലക്ടറുടെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ജനുവരി 28ന് രാവിലെ 8.26നാണ് ഫയൽ കമ്പ്യൂട്ടറിൽ എന്‍റർ ചെയ്തിരിക്കുന്നത്. റവന്യൂ ഇൻസ്പെക്ടറുടെ പാസ്വേഡ് ഉപയോഗിച്ച് 8.30ന് പരിശോധിക്കുകയും 8.37ന് റവന്യൂ ഓഫിസറുടെ പാസ്വേഡ് ഉപയോഗിച്ച് സി 15/ 2909 (1), ടി.സി 15/ 2909 (2) നമ്പർ അനുവദിക്കുകയും ചെയ്തതായാണ് കണ്ടെത്തൽ. തട്ടിപ്പ് പുറത്തായതോടെ കെട്ടിടങ്ങൾക്ക് പുറമെ ഇതി‍െൻറ പരിസര പ്രദേശങ്ങളിലുള്ള മറ്റ് അസസ്മെൻറുകളുടെയും പരിശോധന നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ രണ്ട് താൽക്കാലിക ജീവനക്കാരെ അന്വേഷണവിധേയമായി ജോലിയിൽനിന്ന് മാറ്റിനിർത്തിയിട്ടുണ്ട്.

ഇവർ ഉപയോഗിച്ച കമ്പ്യൂട്ടറിൽ നിന്നാണ് ക്രമക്കേട് നടന്നതെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ടി‍െൻറ അടിസ്ഥാനത്തിലാണ് ജീവനക്കാരെ മാറ്റിനിർത്തിയിരിക്കുന്നത്. കൂടുതൽ പരിശോധയിൽ മാത്രമേ കുറ്റക്കാരാരെന്ന് കണ്ടെത്താനാകൂ. മേയർ നൽകിയ പരാതിയിൽ തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോർപറേഷനുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട സേവനങ്ങൾക്ക് നേരിട്ട് കോർപറേഷൻ ഓഫിസിൽ ഹാജരാകുകയോ അല്ലെങ്കിൽ വാർഡ് കൗൺസിലർമാരെ കോർപറേഷനിലെ വിവിധ സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ഏജൻറുമാരായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരം ചതിക്കുഴിയിൽപെട്ട് പോകാതിരിക്കാൻ നഗരജനത ജാഗ്രത പാലിക്കണമെന്നും മേയർ അറിയിച്ചു.

Tags:    
News Summary - Building number fraud: Probe to zonal offices too

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.