തിരുവനന്തപുരം: ഏപ്രിൽ ഒമ്പതുവരെ അപേക്ഷിച്ചവരിൽനിന്ന് കെട്ടിടനിർമാണത്തിന് പഴയ ഫീസ് വാങ്ങിയാൽ മതിയെന്ന ഉത്തരവിറങ്ങിയെങ്കിലും നൂറുകണക്കിന് അപേക്ഷകരിൽ നിന്നും ഇതിനകം ഈടാക്കിയ പത്തിരട്ടി പുതുക്കിയ നിരക്ക് മടക്കി നൽകുന്നതിൽ തീരുമാനമായില്ല. അധികമായി വാങ്ങിയ തുക മടക്കി നൽകുമെന്ന് കഴിഞ്ഞദിവസം തദ്ദേശമന്ത്രി എം.ബി. രാജേഷ് സൂചിപ്പിച്ചുവെങ്കിലും നടപടി മാത്രമില്ല.
ഏപ്രിൽ പത്തിന് ശേഷം തദ്ദേശസ്ഥാപനങ്ങൾ കോടികളുടെ വരുമാനമാണ് സ്വരുക്കൂട്ടിയത്. ഇതിൽ നല്ലൊരുശതമാനം പഴയ അപേക്ഷകരിൽനിന്ന് വാങ്ങിയ അധികനിരക്കാണ്. സർക്കാറിലേക്ക് വസൂലാക്കിയ ഈതുക അപേക്ഷകർക്ക് മടക്കി നൽകണമെങ്കിൽ വലിയ കടമ്പയാണ്. തദ്ദേശവകുപ്പ് ഇതിനായി പ്രത്യേകം ഉത്തരവിറക്കണം. അതുണ്ടായാൽ തന്നെ സർക്കാറിലേക്ക് എത്തിയ പണം തിരിച്ചുനൽകുന്നതിന് പിന്നെയും തടസ്സങ്ങളുണ്ടാകും.
ഇതിനായി തദ്ദേശസ്ഥാപനങ്ങൾ കയറിയിറങ്ങേണ്ട അവസ്ഥയുണ്ടാകുമെന്നാണ് അപേക്ഷകരുടെ ആശങ്ക. വർഷങ്ങൾക്ക് മുമ്പ് പെർമിറ്റ് എടുത്തിട്ടും കെട്ടിടം പണിയാൻ സാഹചര്യം ഒരുങ്ങാത്തവർക്ക് അത് പുതുക്കാൻ പത്തിരട്ടി അധിക നിരക്ക് നൽകേണ്ട അവസ്ഥയാണ്.
ഒരിക്കൽ എടുക്കുന്ന പെർമിറ്റിന് 1999 മുതൽ 2019 വരെ മൂന്നുവർഷം ആയിരുന്നു കാലാവധി. 2019ന് ശേഷം അത് നാല് കൊല്ലമാക്കി ഉയർത്തി. കാലാവധിക്ക് ശേഷം ഒരുവർഷത്തിനുള്ളിലാണെങ്കിൽ 10 ശതമാനം അധികഫീസ് നൽകി പുതുക്കാം.
അതിനുശേഷമുള്ള പെർമിറ്റുകൾക്ക് 50 ശതമാനം ഫീസ് നൽകേണ്ടിവരും. അപ്രകാരം പെർമിറ്റ് പുതുക്കാൻ വരുന്നവരോടാണ് വർധിപ്പിച്ച പുതുക്കിയ നിരക്ക് പഴയ പെർമിറ്റുകൾക്കും നൽകാൻ ആവശ്യപ്പെടുന്നത്. പഴയ അപേക്ഷകരിൽനിന്ന് പുതുക്കിയ ഫീസ് വാങ്ങുന്ന നടപടി പുനഃപരിശോധിച്ചതുപോലെ പെർമിറ്റ് പുതുക്കുന്നവരുടെ കാര്യത്തിലും പുനരാലോചന ഉണ്ടാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.