തിരുവല്ല: ചുമത്രയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മൂന്ന് പവൻ സ്വർണാഭരണങ്ങളും മുപ്പതിനായിരം രൂപയും കവർന്നു. പുനക്കുളത്ത് ജോജി മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് മോഷണ വിവരം പുറത്തിറഞ്ഞത്.
ജോജി മാത്യു കുടുംബ സമേതം ദുബൈയിലാണ്. മാതാവ് മറിയാമ്മ മാത്യു ആണ് വീട്ടിൽ താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് വീട് പൂട്ടിയശേഷം മറിയാമ്മ കുടുംബ വീട്ടിലേക്ക് പോയിരുന്നു. വ്യാഴാഴ്ച രാവിലെ വീട്ടിൽ തിരികെ എത്തിയപ്പോഴാണ് മുൻ വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. വീടിന് പുറത്ത് സ്ഥാപിച്ച മൂന്ന് സി.സി.ടി.വി ക്യാമറകൾ നശിപ്പിക്കപ്പെട്ട നിലയിലും ദിശ മാറ്റിയ നിലയിലും ആയിരുന്നു. ഇതിന്‍റെ ഹാർഡ് ഡിസ്ക് മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.
വീട്ടിലെ മൂന്ന് കിടപ്പുമുറകളിലെയും അലമാരകൾ കുത്തിത്തുറന്നിരുന്നു. തിരുവല്ല പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. വീടിന്‍റെ പിൻവശത്തെ മതിൽ ചാടി കടന്നാവാം മോഷ്ടാക്കൾ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.
രണ്ടാഴ്ച മുമ്പ് സമാനമായ തരത്തിൽ കാരക്കലിലെ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.