ചെന്നൈ: സേലത്തിനു സമീപം ബസുകൾ കൂട്ടിയിടിച്ച് ആറു മലയാളികളടക്കം ഏഴ് പേർ മരിച്ചു. ഇതിൽ നാലു പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. ബംഗളൂരുവിൽ താമസിക്കുന്ന, ആലപ്പുഴ എടത്വ കാട്ടാംപള്ളില്‍ ജോര്‍ജ് ജോസഫ് (മോന്‍സി -62), ഭാര്യ അല്‍ഫോന്‍സ (60), മകള്‍ ഡിനു ജോസഫ് (32), ഇവരുടെ ഭര്‍ത്താവ് ഇരിങ്ങാലക്കുട യൂക്കന്‍ കുടുംബാംഗം സിജി വിന്‍സെൻറ് (35), എടത്വ സെൻറ് അലോഷ്യസ് കോളജ് േകാമേഴ്സ് വിഭാഗം അധ്യാപകനായ എടത്വ കരിക്കംപള്ളി നന്നാട്ടുമാലില്‍ ജിം ജേക്കബ് (58), ബംഗളൂരു കെ.ആർ.പുരം ചർച്ച് ഒാഫ് ഗോഡിൽ താമസിക്കുന്ന, തലവടി ചിറ്റേഴത്ത് വര്‍ക്കി തര്യെൻറ മകന് ഷാനോ വി. തര്യൻ (28) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ മലയാളി ആണെന്ന് സംശയമുണ്ട്. 31 പേർക്ക് പരിക്കേറ്റു.
ജിം ജേക്കബിെൻറ ഭാര്യ മിനിക്കും മകൻ ജെയിംസിനും നിസ്സാര പരിക്കുണ്ട്. സിജി- ഡിനു ദമ്പതികളുടെ മൂന്നു വയസ്സുള്ള മകൻ ഏദൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. മാതാപിതാക്കൾ ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളും മരിച്ച്, ആരുമില്ലാതെ കരഞ്ഞുനിന്ന ഏദനെ സേലത്തെ അഭയകേന്ദ്രത്തിലാക്കിയിരിക്കുകയാണ്.
സേലം ബൈപ്പാസ് റോഡിൽ മാമങ്കത്ത് റാഡിസൺ ഹോട്ടലിനുസമീപം ശനിയാഴ്ച പുലർച്ച ഒന്നേ മുക്കാലോടെയാണ് അപകടം. സേലത്തുനിന്ന് കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് റോഡരികിൽ ടയർ പഞ്ചറായി നിർത്തിയിട്ട പിക്കപ്പ് വാനിൽ ഇടിച്ചശേഷം ഡിവൈഡർ തകർത്ത് എതിരെവന്ന, ബംഗളൂരു-തിരുവല്ല റൂട്ടിൽ സർവീസ് നടത്തുന്ന ‘യാത്ര’ ബസുമായി നേർക്കുനേർ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ‘യാത്ര’ ബസ് റോഡരികിലേക്ക് മറിഞ്ഞു. ഇതിലുള്ളവരാണ് മരിച്ചവരെല്ലാം.സേലം-കൃഷ്ണഗിരി ബസിലെ ഡ്രൈവർ ഉറങ്ങിയതും അമിതവേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. സൂരപ്പട്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ സേലം ഗവ.ജനറൽ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
40 വര്‍ഷമായി ബംഗളൂരുവിൽ താമസിക്കുന്ന ജോര്‍ജ് ജോസഫും കുടുംബവും ചാലക്കുടിയില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായാണ് നാട്ടിലേക്ക് തിരിച്ചത്. ഷാനോ വി. തര്യെൻറ മാതാവ്: എലിസബത്ത് തര്യന്. ഭാര്യ: ലിന്‍സി. സഹോദരങ്ങൾ: ഷൈനോ, ഷോണ്‍. എലിസബത്തിെൻറ പിതാവിെൻറ സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാൻ നാട്ടിലേക്ക് വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.