കൊച്ചി: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ കൂട്ടിയ ബസ് നിരക്ക് വെട്ടിക്കുറച്ചത് സ്റ്റേ ചെയ്ത ഹൈകോടതി ഉത്തരവിനെതിെര സർക്കാർ അപ്പീൽ. വസ്തുതകൾ പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് നടപടിയെന്ന് കാട്ടിയാണ് അപ്പീൽ. നിരക്ക് കുറച്ചതിനെതിരെ ഓൾ കേരള ബസ് ഓപറേറ്റേഴ്സ് ഫോറം സെക്രട്ടറി ജോൺസൺ പയ്യപ്പിള്ളി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ച് സ്റ്റേ നൽകിയത്.
ചാർജ് കുറച്ചതിനെതിരെ ഹരജിക്കാരെൻറ നിവേദനം പുനർനിർണയ സമിതി രണ്ടാഴ്ചക്കകം പരിഗണിച്ച് സർക്കാറിന് ശിപാർശ നൽകണമെന്നും തുടർന്നുള്ള രണ്ടാഴ്ചക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ കാലയളവിൽ നേരത്തേ നിശ്ചയിച്ച ഉയർന്ന നിരക്കിൽതന്നെ സർവിസ് നടത്താനും അനുമതി നൽകി.
ഒരുസീറ്റിൽ ഒരാളെന്ന വ്യവസ്ഥയിൽ സർവിസ് നടത്താൻ അനുവദിച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം കണക്കിലെടുത്താണ് യാത്രനിരക്ക് 50 ശതമാനം വർധിപ്പിച്ച് മേയ് 19ന് സർക്കാർ ഉത്തരവിറക്കിയതെന്ന് അപ്പീലിൽ പറയുന്നു. ഇതോടെ മിനിമം നിരക്ക് എട്ടിൽനിന്ന് 12 രൂപയായി. ഈ മാസം 30ന് അവസാനിക്കുന്ന മൂന്നുമാസ കാലയളവിലെ മോട്ടോർ വാഹന നികുതി ഇളവും നൽകി. പിന്നീട് ഒരുസീറ്റിൽ രണ്ടുപേർക്ക് യാത്ര ചെയ്യാമെന്നായതോടെ കൂട്ടിയ നിരക്ക് പിൻവലിച്ച് ഈ മാസം രണ്ടിന് ഉത്തരവിറക്കി.
വാഹന നികുതിയിളവ് പിൻവലിച്ചിട്ടില്ല. ലോക്ഡൗണിനെത്തുടർന്ന് പ്രതിസന്ധിയിലായ പൊതുജനങ്ങൾക്ക് കൂടിയ നിരക്കിൽ യാത്ര ചെയ്യാനാവില്ലെന്നത് കണക്കിലെടുത്താണ് നിരക്ക് കുറച്ചത്. നിരക്ക് വർധിപ്പിക്കണമെന്ന നിവേദനം പുനർനിർണയ സമിതിക്ക് വിട്ടിരുന്നു. ഹിയറിങ് നടപടികൾ തുടരുകയാണെന്നും അന്തിമ തീരുമാനമെടുക്കാൻ ഒരുമാസം വേണമെന്നും സർക്കാർ വിശദീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.