കണ്ണൂർ: ''മണ്ണിടാൻ ലോറി വന്നപ്പോൾ ഞാൻ വീട്ടിൽ വാതിലടച്ചിരുന്നു. കണ്ടുനിൽക്കാനായില്ല..'' കീഴാറ്റൂർ വയൽക്കിളി സമരനായിക നമ്പ്രാടത്ത് ജാനകിയുടെ വാക്കുകളിൽ നിരാശ മാത്രം. നീണ്ട മൂന്നുവർഷം സമരതീവ്രമായിരുന്നു കീഴാറ്റൂരിലെ ഈ വയൽക്കര. കേരളം ഏറെനാൾ ചർച്ച ചെയ്ത സമരങ്ങൾക്കെല്ലാമൊടുവിൽ കീഴാറ്റൂരിലെ പുതിയകാഴ്ച ഇതാണ്; വയൽ രണ്ടായി പിളർന്നുമാറി. നടുവിൽ കണ്ണെത്താദൂരത്തോളം റോഡിനായി ഉയരത്തിൽ മൺതിട്ട ഉയർന്നു. അതിലൂടെ മണ്ണുനിറച്ച ലോറികൾ പൊടിപറത്തി തലങ്ങും വിലങ്ങും പായുന്നു. ഒരാഴ്ച മുമ്പാണ് വയലിൽ മണ്ണിട്ടുതുടങ്ങിയത്. വയൽ നികത്തില്ലെന്നും തൂണുകൾ സ്ഥാപിച്ച് ആകാശപാതയാണ് നിർമിക്കുന്നതെന്നുമാണ് സമരകാലത്ത് അധികൃതർ പറഞ്ഞത്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കപ്പെട്ടില്ല. സമീപത്തെ നീർച്ചാലുകൾ നികത്തില്ലെന്ന പ്രഖ്യാപനവും വെറുതെയായി.
സി.പി.എമ്മിന് ശക്തമായ അടിത്തറയുള്ള പാർട്ടി ഗ്രാമമാണ് കീഴാറ്റൂർ. വയൽനികത്തി റോഡ് നിർമിക്കുന്നതിന്റെ പരിസ്ഥിതി നാശം ചൂണ്ടിക്കാട്ടി ആദ്യം രംഗത്തുവന്നത് പാർട്ടിക്കാർ തന്നെ. നേതൃത്വം വിരട്ടിയപ്പോൾ ഭൂരിപക്ഷവും പിന്മാറി. തുടർന്നും വയലിനുവേണ്ടി വാദിച്ചവരെ ആരോ പരിഹസിച്ചുവിളിച്ച പേരാണ് 'വയൽക്കിളി'കൾ. അത് അംഗീകാരമായി സമരക്കാർ ഏറ്റെടുത്തതോടെ 'വയൽക്കിളി'കളുടെ സമരത്തിന് പിന്തുണയുമായി സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ കീഴാറ്റൂരിലേക്ക് ഒഴുകിയെത്തി. ഇതേച്ചൊല്ലി രാഷ്ട്രീയ വിവാദം കത്തിപ്പടർന്നു. പ്രതിപക്ഷ പിന്തുണയിൽ പ്രതീക്ഷവെച്ച് കീഴാറ്റൂരിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾ വയൽക്കിളികൾ പലകുറി തടഞ്ഞു. പലവട്ടം സംഘർഷങ്ങളുണ്ടായി. ബൈപാസ് കീഴാറ്റൂർ വഴി തന്നെയെന്ന ഉറച്ചനിലപാടിൽനിന്ന് കേന്ദ്ര സർക്കാർ ഒട്ടും മാറിയില്ല. അതേ നിലപാടിൽ സംസ്ഥാന സർക്കാറും ഉറച്ചുനിന്നു. സമരപ്പന്തൽ തീയിട്ട് പൊലീസ് സംരക്ഷണത്തിൽ ഭൂമി ഏറ്റെടുത്തു. പിന്തുണയുമായി എത്തിയവർ ഓരോരുത്തരായി പിന്മാറിയപ്പോൾ വയൽക്കിളികളുടെ ചിറകറ്റു. സമരത്തിന് മുൻപന്തിയിൽനിന്ന പലരും പല വഴിക്ക് പിരിഞ്ഞു. നമ്പ്രാടത്ത് ജാനകിയെപ്പോലുള്ള പലരും നിശ്ശബ്ദരായി. ഇവർക്കൊപ്പം സമരം നയിച്ച സുരേഷ് കീഴാറ്റൂർ ഇപ്പോൾ സി.പി.എമ്മിനൊപ്പമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.