കോഴിക്കോട്: മോട്ടോർ വാഹന വകുപ്പിന് നൽകിവരുന്ന സേവനങ്ങൾ സി -ഡിറ്റ് താൽക്കാലികമായി പുനഃസ്ഥാപിച്ചതോടെ ഓഫിസിതര പ്രവർത്തനങ്ങൾകൂടി ചെയ്യേണ്ട ബാധ്യത ഉദ്യോഗസ്ഥരുടെ തലയിൽ നിന്നൊഴിഞ്ഞു. സംസ്ഥാനത്തെ എല്ലാ ആർ.ടി.ഒ ഓഫിസുകളിലെയും സി-ഡിറ്റ് ജീവനക്കാരെ പിരിച്ചുവിട്ട ഉത്തരവ് വ്യാഴാഴ്ച രാത്രിയോടെയാണ് സി-ഡിറ്റ് പിൻവലിച്ചത്. മോട്ടോർ വാഹന വകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒക്ടോബർ 30 വരെ പുനഃസ്ഥാപിച്ചത്. കഴിഞ്ഞ ഒമ്പതു മാസത്തിലധികമായി നൽകുന്ന സേവനങ്ങൾക്കുള്ള പ്രതിഫലത്തുക ലഭിക്കാത്തതും പുതുക്കിയ കരാർ വ്യവസ്ഥകൾ അംഗീകരിക്കാത്തതിനാലുമാണ് എം.വി.ഡി പ്രോജക്റ്റിൽ പ്രവർത്തിച്ചിരുന്ന ജീവനക്കാരെ സി-ഡിറ്റ് പിരിച്ചുവിട്ടത്. 200 കരാർ ജീവനക്കാരെയാണ് പിരിച്ചുവിട്ടിരുന്നത്. സാങ്കേതിക- സാങ്കേതികേതര സർവിസുകളായിരുന്നു സി-ഡിറ്റ് നൽകിയിരുന്നത്. 2010 മുതൽ നൽകിവരുന്ന സഹായങ്ങളാണ് ജീവനക്കാരെ പിൻവലിച്ചതോടെ നിലച്ചിരുന്നത്.
ഓരോ ഓഫിസിലേക്കും രണ്ടിൽ കുറയാതെയുള്ള ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. മോട്ടോർ വാഹന വകുപ്പും ഫെസിലിറ്റി മാനേജ്മെന്റ് സർവിസും തമ്മിലുണ്ടാക്കിയ കരാർ 2021 ജനുവരിയിൽ അവസാനിച്ചെങ്കിലും സർക്കാർ നിർദേശത്തെതുടർന്ന് താൽക്കാലികമായി സി-ഡിറ്റ് സേവനം നൽകിയിരുന്നു. ഓഫിസിലെ വെള്ളം, ഇലക്ട്രോണിക് സംവിധാനങ്ങൾ, കമ്പ്യൂട്ടർ സംവിധാനം, നെറ്റ്വർക്ക് തുടങ്ങി എല്ലാ കാര്യങ്ങളിലും സി -ഡിറ്റിന്റെ സഹായമാണ് ലഭിച്ചിരുന്നത്.
മോട്ടോർ വാഹനവകുപ്പിന്റെ ദൈനംദിന പ്രവർത്തങ്ങളെ ബാധിച്ചതിനാൽ ഓഫിസിൽ എത്തുന്നവരും ദുരിതത്തിലായിരുന്നു. പല ഓഫിസുകളിലെയും കമ്പ്യൂട്ടർ കേടായതിനാൽ ഉദ്യോഗസ്ഥരും വെറുതെയിരിക്കേണ്ട ഗതികേടിലാണ് വ്യാഴാഴ്ച അടിയന്തരയോഗം ചേർന്നത്. മോട്ടോർ വാഹന വകുപ്പ് സാങ്കേതിക സഹായം നൽകുന്നതൊഴികെ കരാർ ജീവനക്കാർ ഏതെങ്കിലും തരത്തിൽ ഓഫിസ് സേവനങ്ങളുമായി ബന്ധപ്പെടുന്നതും വിലക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.