പാലക്കാട്: പാലക്കാട്ട് നിയമസഭ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് പറഞ്ഞ സന്ദീപ് വാര്യര്‍ക്ക് മറുപടിയുമായി ബി.ജെ.പി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാര്‍. സംഘടനയോട് ആത്മാര്‍ഥതയുള്ള, സംഘടനയില്‍ ഉറച്ചുനില്‍ക്കുന്ന ഒരാള്‍ക്കും തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല.
അമ്മ മരിച്ച സമയത്ത് വീട്ടില്‍ വരുകയോ ഫോണില്‍ വിളിക്കുകയോ ചെയ്തില്ലെന്ന സന്ദീപ് വാര്യരുടെ ആരോപണത്തിനും കൃഷ്ണകുമാര്‍ മറുപടി നല്കി. അമ്മ മരിച്ച സമയത്ത് താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും സന്ദീപിനെ ഫോണില്‍ വിളിച്ചിരുന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പ് കണ്ടിട്ടില്ല. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകനാണ്. സന്ദീപിന് എന്തെങ്കിലും വിഷമമുണ്ടെങ്കില്‍ തീര്‍ച്ചയായും സംസാരിച്ച് പരിഹാരം കാണും. ബൂത്ത് തലം മുതല്‍ പോസ്റ്റര്‍ ഒട്ടിച്ചു വളര്‍ന്നയാളാണ് താനെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് വാര്യരെ അനുനയിപ്പിക്കാൻ ബി.ജെ.പി ശ്രമം. തിങ്കളാഴ്ച വൈകീട്ട് ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.ആർ. ശിവശങ്കർ സന്ദീപ് വാര്യരുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ‘അദ്ദേഹത്തിനുണ്ടായ വിഷമം പങ്കുവെക്കാന്‍ സുഹൃത്തെന്ന നിലയിലാണ് വന്നത്.
ഇപ്പോള്‍ സംസാരിക്കുന്നതിന്റെ വിശദാംശങ്ങള്‍ പാര്‍ട്ടി അനുവാദം തന്നാലല്ലാതെ പുറത്തുപറയില്ല. സന്ദീപിനുണ്ടായ വിഷമം പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞുതീര്‍ക്കും. ഈ പാര്‍ട്ടിയില്‍നിന്ന് ആരെങ്കിലും പുറത്തുപോകുമെന്നും മറ്റൊരു പാര്‍ട്ടിയില്‍ ചേരുമെന്നും ആരും പ്രതീക്ഷിക്കേണ്ട’- ശിവശങ്കരന് മാധ്യമങ്ങളോട് പറഞ്ഞു. പിന്നാലെ ആർ.എസ്.എസ് നേതാക്കളും സന്ദീപ് വാര്യരുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
അതേസമയം, ഫേസ്ബുക്കിൽ വൈകാരിക പ്രതിഷേധവുമായാണ് പാർട്ടി നേതാവ് സന്ദീപ് വാര്യർ എത്തി. തന്റെ അമ്മ മരിച്ചപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന തന്റെ വീട്ടിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വന്നില്ലെന്നും ഒരു ഫോൺ കോളിൽ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ലെന്നും സന്ദീപ് വ്യക്തമാക്കി. പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും സന്ദീപ് വാര്യർ അറിയിച്ചു.
എന്റെ അമ്മ രണ്ടുവര്‍ഷം മുമ്പ് ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അന്ന് ഞാന്‍ നിങ്ങളുടെ സംസ്ഥാന ഭാരവാഹിയായിരുന്നു. അതായത് പ്രോട്ടോകോള്‍ പ്രകാരം വേദിയില്‍ ഇരിക്കേണ്ട ആള്. എന്റെ അമ്മ എന്നത് പോട്ടെ, സംഘപ്രസ്ഥാനങ്ങള്‍ക്ക് കാര്യാലയം നിർമിക്കാന്‍ സ്വന്തം വളപ്പിലെ സ്ഥലം, കിടക്കയില്‍ അസുഖബാധിതയായി കിടന്നുകൊണ്ട് ആവശ്യത്തിന് എടുത്തോ എന്ന് അനുമതി നല്കിയ ഒരു അമ്മ, മരിച്ചുകിടന്നപ്പോള്‍ പോലും ജില്ലയില്‍നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നിങ്ങള്‍ വന്നില്ല.
ഒരു ഫോൺകാളില്‍ പോലും എന്നെയോ എന്റെ അച്ഛനെയോ ആശ്വസിപ്പിച്ചില്ല. ഞാന്‍ സംസ്ഥാന ഭാരവാഹിയായ കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തില്‍ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വെച്ചില്ല എന്നത് മറന്നുപോകരുത്. എന്നെ കൂടുതല്‍ സ്നേഹിച്ച് കൊല്ലരുത് എന്നു മാത്രമേ പറയാനുള്ളൂ.
‘ഞാനും സന്ദീപും യുവമോര്‍ച്ച കാലം മുതൽ ഒരുമിച്ച് പ്രവര്ത്തിച്ചതാണെ’ന്ന് കൃഷ്ണകുമാര്‍ ഏട്ടന് ഇന്നലെ ചാനലില്‍ പറയുന്നത് കേട്ടു. ഏട്ടാ, നമ്മള് ഒരിക്കലും യുവമോര്‍ച്ചയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഏട്ടന് എപ്പോഴെങ്കിലും എന്റെ വീട് കണ്ടിട്ടുണ്ടോ? കൃഷ്ണകുമാര്‍ ഏട്ടന് വിജയാശംസകള്‍ നേരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.