12 ഏക്കര്‍ ഭൂമി കാര്‍ക്കിനോസ് ഹെല്‍ത്ത് കെയറിന് പാട്ടത്തിന് നൽകാൻ മന്ത്രിസഭ തീരുമാനം

തിരുവനന്തപുരം: തൃശ്ശൂര്‍ ചാലക്കുടി തെക്കുമുറി വില്ലേജില്‍ കെഎസ്ഐടിഐഎല്ലിന്‍റെ കൈവശമുള്ള 30 ഏക്കര്‍ ഭൂമിയില്‍ നിന്ന് 12 ഏക്കര്‍ ഭൂമി കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനത്തിന് സെന്‍റര്‍ ഫോര്‍ ക്ലോംപ്ലക്സ് ക്യാന്‍സേഴ്സ് ആന്‍റ് ഇന്നവേഷന്‍ ഹബ്ബ് തുടങ്ങുന്നതിന് പാട്ടത്തിന് നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപവും നേരിട്ടുള്ള 300 തൊഴിലവസരങ്ങളും കാര്‍ക്കിനോസ് ലിമിറ്റഡ് ലഭ്യമാക്കുമെന്നാണ് ഒരു നിബന്ധന. ആദ്യ അഞ്ച് വര്‍ഷത്തെ പാട്ട തുക ഒഴിവാക്കിയും പിന്നീട് 1964ലെ ഭൂപതിവ് ചട്ടപ്രകാരമുള്ള നിരക്കിലും വ്യവസ്ഥകളോടെ 30 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കുക.

തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിക്ക് സമീപമുള്ള കാക്കനാട് വില്ലേജിലെ 16.19 ആര്‍ സ്ഥലം തൃക്കാക്കര മുന്‍സിപ്പല്‍ സഹകരണ ആശുപത്രിക്ക് നിലവിലുള്ള കമ്പോള വിലയുടെ 2 ശതമാനം വാര്‍ഷിക പാട്ട നിരക്കില്‍ 30 വര്‍ഷത്തേക്ക് പാട്ടത്തിന് അനുവദിക്കും. ആശുപത്രിക്ക് നിലവില്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍ പാട്ട കുടിശ്ശികയും മറ്റും ഈടാക്കുന്നത് സംബന്ധിച്ച വിഷയം പ്രത്യേകമായി പരിഗണിക്കും.

സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷനിലെ 152 സ്ഥിരം ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്ക്കരണം അനുവദിച്ച നടപടി സാധൂകരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ലാന്‍ഡ് കണ്‍സര്‍വന്‍സി യൂനിറ്റിലെ ആറ് തസ്തികകള്‍ക്ക് 2024 ഏപ്രിൽ ഒന്ന് മുതല്‍ 2025 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് തുടര്‍ച്ചാനുമതി നല്‍കിയ ഉത്തരവ് സാധൂകരിച്ചു.

എറണാകുളം രായമംഗലം വില്ലേജില്‍ പുല്ലുവഴിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഋഷികുലം ചാരിറ്റബിള്‍ ട്രസ്റ്റ് ദാനമായി നല്‍കുന്ന 99.34 ആര്‍ പുരയിടവും അതില്‍ സ്ഥിതി ചെയ്യുന്ന ശാരദാ ദേവി ക്ഷേത്രം, വീട്, ഓഫീസ് കെട്ടിടം മുതലായവയും വര്‍ക്കല ശിവഗിരി മഠത്തിന്‍റെ പേരില്‍ ദാനാധാരമായി രജിസ്റ്റര്‍ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷന്‍ ഫീസ് ഇനങ്ങളില്‍ വരുന്ന തുക പൂർണമായി ഇളവ് തചെയ്ത് നൽകാനും മന്ത്രിസഭ യോഗം തീരുമാനിച്ചു. 

Tags:    
News Summary - Cabinet decided to lease 12 acres of land to Karkinos Healthcare

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.