ചവറ അപകടം; ആശ്രിതര്‍ക്ക് പത്തുലക്ഷം നൽകും

തിരുവനന്തപുരം: ചവറയിലെ കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സില്‍ ഒക്ടോബര്‍ 30 ന് ഇരുമ്പുപാലം  മരിച്ച കെ.എം.എം.എല്‍ ജീവനക്കാരായ ശ്യാമളാദേവി, ആഞ്ജലീന, അന്നമ്മ എന്നിവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപാ  കമ്പനി ധനസഹായം നൽകും. നിയമാനുസൃതമായി നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കു പുറമെയാണ് ഈ സഹായം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം ജോലി നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് കമ്പനിനോട് നിര്‍ദ്ദേശിക്കാനും മന്ത്രിസഭാ യോഗത്തിൽ  തീരുമാനിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 32 ജീവനക്കാരുടെ ചികിത്സാചെലവ് പൂര്‍ണ്ണമായും കമ്പനി വഹിക്കണം. തകര്‍ന്ന പാലം റോഡ്സ് ആന്‍റ് ബ്രിഡ്ജസ് ഡവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ സാങ്കേതിക സഹായത്തോടെ പുനര്‍നിര്‍മ്മിക്കണം. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ ചുമതലപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 


മറ്റുതീരുമാനങ്ങൾ 

  • ദേഹത്ത് മരം വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ മുന്‍ വടക്കേ വയനാട് എം.എല്‍.എ കെ.സി. കുഞ്ഞിരാമന്‍റെ ചികിത്സാചെലവിലേക്ക് അഞ്ചു ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനിച്ചു.
  • മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനാല്‍ കാസര്‍കോട് മഹിളാമന്ദിരത്തില്‍ കഴിയുന്ന കുമാരി ദിവ്യയ്ക്ക് പരപ്പ അഡീഷണല്‍ ഐ.സി.ഡി.എസില്‍ പാര്‍ട് ടൈം സ്വീപ്പറായി നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഇതിനുവേണ്ടി ഐ.സി.ഡി.എസില്‍ തസ്തിക സൃഷ്ടിക്കുന്നതാണ്. 
  • കേരളാ സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പളപരിഷ്കരണത്തിന്‍റെ ആനുകൂല്യം നല്‍കാന്‍ തീരുമാനിച്ചു.
  • സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് വിരമിച്ച ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ തീരുമാനിച്ചു.
  • കണ്ണൂര്‍ ജില്ലയിലെ പടിയൂരില്‍ പുതിയ ഐടിഐ ആരംഭിക്കാന്‍ തീരുമാനിച്ചു. ഫിറ്റര്‍ ട്രേഡിന്‍റെ രണ്ടു യൂണിറ്റുകളാണ് ഇവിടെ ആരംഭിക്കുക. ഇതിനുവേണ്ടി 6 തസ്തികകള്‍ സൃഷ്ടിക്കും. 
  • പിണറായി ഗവണ്‍മെന്‍റ് ഐടിഐയില്‍ 8 തസ്തികകള്‍ അധികമായി സൃഷ്ടിക്കാന്‍ തീരൂമാനിച്ചു.
  • ഭവനനിര്‍മാണ ബോര്‍ഡിന്‍റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2018 മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചു. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത ബോര്‍ഡുതന്നെ ഏറ്റെടുക്കണമെന്ന വ്യവസ്ഥയിലാണ് തീരുമാനം. 
  • 1993 ഐ.എ.എസ് ബാച്ചിലെ ഉഷടൈറ്റസ്, കെ.ആര്‍. ജ്യോതിലാല്‍, പുനീത് കുമാര്‍, ഡോ.ദേവേന്ദ്രകുമാര്‍ ദൊധാവത്ത്, ഡോ. രാജന്‍ ഖോബ്രാഗഡെ എന്നിവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനുളള ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഒഴിവു വരുന്ന മുറയ്ക്ക് ഇവര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിയമനം നല്‍കുന്നതാണ്. 
  • ഹൈക്കോടതിയിലെ 38 ഓഫീസ് അസിസ്റ്റന്‍റ് തസ്തികകള്‍ സേവക് തസ്തികകളാക്കി മാറ്റുന്നതിന് തീരുമാനിച്ചു. ഇവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും ഉള്‍പ്പടെ 20330/- രൂപയായിരിക്കും വേതനം. 
Tags:    
News Summary - Cabinet Decisions on Chavara Accident-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.