തിരുവനന്തപുരം: കുടുംബശ്രീക്കുകീഴിലെ 35 ശതമാനം മൈക്രോസംരംഭങ്ങളും 2012-17കാലത്ത് പ്രവർത്തനക്ഷമമല്ലാത്തതായിരുന്നെന്ന് സി.എ.ജി റിപ്പോർട്ട്. പദ്ധതികളുടെ സാമ്പത്തികക്ഷമത പരിശോധിക്കാതെയാണ് ൈമക്രോ സംരംഭങ്ങൾ രജിസ്റ്റർ ചെയ്തത്. 5000 കുടുംബശ്രീ പ്രവർത്തകരെ പരിശീലിപ്പിക്കാനുള്ള നൈപുണ്യ നിയമന പദ്ധതി ‘പുനർജന’ 1794 പേർക്കാണ് പ്രയോജനപ്പെട്ടത്.
‘മഹിളാ കിസാൻ സശക്തീകരൺ’ പരിയോജനയിലൂടെ 1,50,000 സ്ത്രീകളുടെ പങ്കാളിത്തത്തോടെ 30,000 കാർഷികസംഘം രൂപവത്കരിച്ച് കുറഞ്ഞത് 24,000 ഹെക്ടർ സ്ഥലം കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യം കൈവരിക്കാനായില്ല. സ്ത്രീകളെ വിഡിയോ നിർമാണം പരിശീലിപ്പിക്കാനുള്ള മീഡിയശ്രീ പദ്ധതി ഗുണം ചെയ്തില്ല.
ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സോഷ്യൽ സയൻസസുമായി സഹകരിച്ച് കുടുംബശ്രീ നടപ്പാക്കിയ കമ്യൂണിറ്റി കോളജ് സംരംഭമായ ഡെവലപ്മെൻറ് പ്രാക്സിസിൽ ഒരു വർഷ ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് വിദ്യാർഥികളുടെ ഒരു ബാച്ചിന് മാത്രമാണ് പ്രവേശനം നൽകാനായത്. കുടുംബശ്രീയുടെ സാമ്പത്തിക നിർവഹണത്തിലും പോരായ്മയുണ്ടായിരുന്നു. സാമ്പത്തിക സ്റ്റേറ്റ്മെൻറുകളിൽ വസ്തുതാപരമായ പിഴവുണ്ട്. ഇത് 2012-16 കാലയളവിലെ കുടുംബശ്രീയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തമായ രൂപം നൽകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്നതിനുള്ള കേരള സാമൂഹിക സുരക്ഷ മിഷെൻറ (കെ.എസ്.എസ്.എം) പദ്ധതിയായ ‘സ്നേഹപൂർവ’ത്തിൽ 57,831 ഉപഭോക്താക്കൾക്ക് ധനസഹായം നിരസിക്കപ്പെട്ടു. അവിവാഹിതരായ ആദിവാസി അമ്മമാരെ കണ്ടെത്തുന്നതിൽ വയോമിത്രം കോഒാഡിനേറ്റർമാരും ശിശുവികസന പദ്ധതി ഒാഫിസർമാരും വീഴ്ചവരുത്തിയതുമൂലം എല്ലാവർക്കും സാമ്പത്തികസഹായം നൽകാൻ സാധിച്ചില്ല. കെ.എസ്.എസ്.എമ്മിെൻറ 2012-15 സാമ്പത്തികവർഷം വരെയുള്ള കണക്ക് മാത്രമാണ് ഒാഡിറ്റ് ചെയ്തത്.
2012-13 മുതൽ 2014-15 വരെ ഒാഡിറ്റർമാർ ചൂണ്ടിക്കാട്ടിയ പോരായ്മ നിലനിൽക്കുന്നു. കെ.എസ്.എസ്.എമ്മിെൻറ കോർപസ് ഫണ്ടിൽനിന്ന് 20 കോടി രൂപ കുടുംബശ്രീ മിഷനിലേക്ക് മാറ്റാനുള്ള തീരുമാനം, സ്ഥിരനിക്ഷേപം കാലാവധി തീരും മുമ്പ് അവസാനിപ്പിക്കാൻ ഇടയാക്കി. ഇത് പലിശവരുമാനത്തിൽ 59 ലക്ഷം രൂപ നഷ്ടപ്പെടാൻ കാരണമായി. കിടപ്പിലായ രോഗികളെ പരിചരിക്കുന്നവർക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതിയായ ‘ആശ്വാസ കിരണി’െൻറ കീഴിൽ ധനസഹായത്തിന് ലഭിച്ച 10000ഒാളം അപേക്ഷ കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.