ശുചിത്വ മിഷൻ സാങ്കേതികാനുമതി നൽകിയ പദ്ധതികളിൽ പൂർത്തീകരിച്ചത് 38 ശതമാനമെന്ന് സി.എ.ജി

കോഴിക്കോട് : ശുചിത്വ മിഷൻ 2016-2020 കാലയളവിൽ സാങ്കേതികാനുമതി നൽകിയ പദ്ധതികളിൽ പൂർത്തീകരിച്ചത് 38.64 ശതമാനമെന്ന് സി.എ.ജി റിപ്പോർട്ട്. പദ്ധതികളുടെ സൂക്ഷ്മപരിശോധന നടത്തിയതിൽ 220 പദ്ധതികളിൽ 85 എണ്ണം മാത്രമാണ് പൂർത്തീകരിച്ചതെന്ന് കണ്ടെത്തി.

ഭൂമിയുടെ ലഭ്യതക്കുറവ്, പൊതുജനപ്രക്ഷോഭം തുടങ്ങിയവയാണ് പൂർത്തീകരിക്കാത്തതിന്റെ പ്രധാന കാരണങ്ങളെന്നാണ് മിഷന്റെ വിശദീകരണം. അനുവദിച്ച 19 പദ്ധതികൾ ഉപേക്ഷിച്ചെങ്കിലും15 പദ്ധതികൾ ഉപേക്ഷിച്ചതിന് പിന്നിലെ കാരണങ്ങളെകുറിച്ച് ശുചിത്വ മിഷന് അറിവുണ്ടായിരുന്നില്ല. പൂർത്തിയാകാത്ത 135 പദ്ധതികളിൽ, 43 പദ്ധതികൾ പൂർത്തീകരിക്കാത്തതിന്റെ കാരണങ്ങൾ വ്യക്തമാക്കാൻ ശുചിത്വ മിഷന് കഴിഞ്ഞതില്ല.

മാലിന്യ സംസ്കരണ യൂനിറ്റുകളുടെ സ്ഥാപിക്കലും പ്രവർത്തനവും പരിപാലനവും സംബന്ധിച്ച് അന്തിമ ഉപയോക്താക്കൾക്ക് ഓൺ-സൈറ്റ് പരിഹാരം വ്യാപിപ്പിക്കുന്നതിന് ശുചിത്വ മിഷൻ 2014-2016 കാലയളവിൽ 74 സേവനദാതാക്കളെ എംപാനൽ ചെയ്തിരുന്നു. എന്നാൽ, മിഷൻ നടത്തിയ സർവേ പ്രകാരം 71 സേവന ദാതാക്കളിൽ 44 പേർ മാത്രമാണ് (61.97 ശതമാനം) തൃപ്തികരമായ പ്രകടനം രേഖപ്പെടുത്തിയത്. 35.09 ശതമാനം ഗാർഹികതല കമ്പോസ്റ്റിംഗ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി.

വീടുകളിൽ ജൈവ മാലിന്യങ്ങളുടെ ഉറവിടതല സംസ്കരണം സുഗമമാക്കുന്നതിന് ശുചിത്വ മിഷൻ അവതരിപ്പിച്ച പൈപ്പ് കമ്പോസ്റ്റ് സാങ്കേതികവിദ്യ പൈപ്പുകളുടെ അപര്യാപ്തമായ വ്യാസം, പുഴുക്കളുടെ ഉൽപാദനം ദുർഗന്ധം, കമ്പോസ്റ്റ് ഉൽപാദനത്തിലെ കാലതാമസം തുടങ്ങിയ പ്രശ്നങ്ങൾ കാരണം ഉപേക്ഷിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ 2012-16-ൽ സ്ഥാപിച്ച 87,000 പൈപ്പ് കമ്പോസ്റ്റ് യൂനിറ്റുകളിൽ 4,641 യൂനിറ്റുകൾ മാത്രമാണ് ഓഡിറ്റ് സമയത്ത് പ്രവർത്തിക്കുന്നത്.

മിഷന്റെ സാങ്കേതിക അനുമതിയോടെയുള്ള പ്രോജക്ടുകളുടെ ശരിയായ തുടർനടപടി, മേൽ നിരീക്ഷണം, സ്വതന്ത്രമായ വിലയിരുത്തൽ നടക്കുന്നില്ല. ആവശ്യത്തിന് മനുഷ്യശേഷി ഇല്ലാത്തതിനാൽ, നടപ്പാക്കാൻ സാമ്പത്തിക സഹായം നൽകിയിട്ടുള്ള പദ്ധതികൾ മാത്രമാണ് ശുചിത്വമിഷൻ സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. പദ്ധതി രൂപീകരണത്തിന്റെയും നിർവഹണത്തിന്റെയും ഉത്തരവാദിത്തം പൂർണമായും തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമാണെന്നും സർക്കാർ മറുപടി നൽകി.

സംസ്ഥാനത്തെ മാലിന്യ പരിപാലന സംരംഭങ്ങൾക്ക് സാങ്കേതിക പിന്തുണ നൽകാനുള്ള ഉത്തരവാദിത്തം നോഡൽ ഏജൻസിയായ ശുചിത്വ മിഷനിൽ നിക്ഷിപ്തമായതിനാൽ ന്യായീകരണം സ്വീകാര്യമല്ലെന്നാണ് സി.എ.ജിയുടെ വിമർശനം. ഫലപ്രദമല്ലാത്ത മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആണ് നിലവിലുള്ളതെന്നാണ് സി.എ.ജിയുടെ നിരീക്ഷണം. ഖരമാലിന്യ സംസ്കരണം സംബന്ധിച്ച സംസ്ഥാന നയം അനുസരിച്ച്, ഉചിതമായ മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എം.ഐ.എസ്) മുഖേന ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുകയും ആവശ്യമുള്ളിടതെല്ലാം തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് സർക്കാരിനെ സഹായിക്കേണ്ടത് ശുചിത്വ മിഷനാണ്.

ഹരിതകേരളം മിഷൻ ആവശ്യപ്പെട്ടതനുസരിച്ച്, തദ്ദേശസ്ഥാപനങ്ങൾ നടപ്പാക്കുന്ന മാലിന്യ പരിപാലന പ്രവർത്തനങ്ങളും പദ്ധതികളും നിരീക്ഷിക്കുന്നതിനായി സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം (എസ്.എം.എസ്) എന്ന മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം 2019 ജൂണിൽ കെൽട്രോൺ വികസിപ്പിച്ചെടുത്തു. മാലിന്യ പരിപാലന സംവിധാനത്തിൽ തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കുകയും ഖരമാലിന്യ പരിപാലനത്തിനായി തദ്ദേശ സ്ഥാപനങ്ങൾക്കുവേണ്ടി ഒരു കേന്ദ്രീകൃത സംസ്ഥാന ഓൺലൈൻ പ്ലാറ്റ് ഫോം വികസിപ്പിച്ചെടുക്കുകയും ചെയ്യുക എന്നതായിരുന്നു. എം.ഐ.എസിന്റെ പ്രധാന ലക്ഷ്യം.

ഹരിതകേരളം മിഷൻ രൂപീകരിച്ച ഒരു സാങ്കേതിക സമിതിയാണ് ഈ സംവിധാനത്തെ വിലയിരുത്തിയത്. 2020 ഒക്ടോബറിൽ പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഈ സംവിധാനം വികസിപ്പിച്ചെടുക്കുന്നതിനുള്ള ചെലവ് (1.71 കോടി) വഹിക്കുന്നതിന്, ഫണ്ട് വകയിരുത്തുവാൻ ശുചിത്വ മിഷനോട് നിർദേശിച്ചു. പദ്ധതി അംഗീകരിച്ച് ഒമ്പത് മാസങ്ങൾക്ക് ശേഷം 2021 ജൂലൈയിൽ കെൽട്രോണിന് എസ്.ജി.എംഎസ് നടപ്പിലാക്കാൻ ശുചിത്വ മിഷൻ വർക്ക് ഓർഡർ നൽകി. അതിനുശേഷം എം.ഐ.എസ് നടപ്പാക്കുന്നതിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. അതുപോലെ, യു.എൽ.ബികൾ പദ്ധതികൾ നടപ്പിലാക്കുന്നത് നിരീക്ഷിക്കുന്നതിന് ശുചിത്വ മിഷനിൽ ഒരു സംവിധാനവും നിലവിലില്ലെന്നും സി.എ.ജി റിപ്പോർട്ടിൽ വ്യക്തമാക്കി.

Tags:    
News Summary - CAG said that 38 percent of the projects given technical permission by the Sanitation Mission have been completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.