കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ കരാർ, ദിവസക്കൂലി ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ദുർബലമായ സർവകലാശാല ചട്ടങ്ങളുടെ മറവിൽ. അനധ്യാപക തസ്തികകളിൽ പി.എസ്.സി വഴിയാണ് നിയമനം നടത്തേണ്ടത്. നിയമനാധികാരി സംസ്ഥാന സർക്കാറാണെങ്കിലും സർവകലാശാലതന്നെ രാഷ്ട്രീയ സ്വാധീനത്താൽ നിയമവിരുദ്ധ നിയമനം നടത്തുന്നതാണ് വിവാദമാകുന്നത്.
നിയമസഭ പാസാക്കിയ നിയമത്തെ വെല്ലുവിളിച്ചുള്ള ഇത്തരം സ്ഥിരപ്പെടുത്തൽ ജോലി തേടി നടക്കുന്ന നിരവധി ചെറുപ്പക്കാരുടെ അവസരമാണ് നഷ്ടപ്പെടുത്തുന്നത്. പി.എസ്.സിയുടെ ചട്ടങ്ങളാണ് സർവകലാശാലയിലെ നിയമനത്തിന് അടിസ്ഥാനമാക്കേണ്ടതെന്ന് പി.എസ്.സി പട്ടികയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. സെക്യൂരിറ്റി ഗാർഡ് തസ്തിക പോലെയുള്ളവക്ക് പി.എസ്.സിയുടെ ലാസ്റ്റ്ഗ്രേഡ് റാങ്ക് ലിസ്റ്റിൽനിന്ന് നിയമനം നടത്താമെന്ന തീരുമാനമുണ്ടായിരുന്നു. ഈ ലിസ്റ്റിെൻറ കാലാവധി ആറുമാസം ബാക്കിയുണ്ട്. ഹൈകോടതിയെ സമീപിച്ച് സർവകലാശാല നടപടി തിരുത്താനൊരുങ്ങുകയാണ് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ.
2015ലെ പി.എസ്.സിയുടെ 18ാം ചട്ടമനുസരിച്ചാണ് സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ നടത്തേണ്ടത്. നിയമനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലകൾ പി.എസ്.സിയുടെ ഉപദേശം തേടണം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ നിരവധി കോടതി വിധികളും നിലവിലുണ്ട്. അതേസമയം, പി.എസ്.സിയുടെ സ്പെഷൽ റൂളുകളൊന്നും നിലവിൽ വന്നിട്ടില്ലെന്നും സർവകലാശാല ചട്ടമനുസരിച്ചുതന്നെ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താമെന്നും വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
ഡിസംബർ 30ന് സിൻഡിക്കേറ്റ് തീരുമാനിച്ച സ്ഥിരപ്പെടുത്തൽ അതിവേഗമാണ് സർവകലാശാല നടപ്പാക്കുന്നത്. രണ്ട് കമ്പ്യൂട്ടർ പ്രോഗ്രാമർമാരെയും ആറ് ഡ്രൈവർമാരെയും സ്ഥിരെപ്പടുത്തി ഉത്തരവിറങ്ങി.
പ്രോഗ്രാമറെ നിയമിക്കാനാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചതെങ്കിലും അസിസ്റ്റൻറ് പ്രോഗ്രാമറെയും സ്ഥിരപ്പെടുത്തിയിട്ടുണ്ട്. സ്ഥിരപ്പെടുത്തിയ ഒരു പ്രോഗ്രാമർ സി.പി.എം പ്രാദേശിക നേതാവിെൻറ മകനാണ്. ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പള സ്കെയിലാണ് ഇവർക്ക് ലഭിക്കുക. 42,500-87,000 രൂപയാണ് പ്രോഗ്രാമറുെട സ്കെയിൽ. 32,300-68,700 രൂപയാണ് അസിസ്റ്റൻറ് പ്രോഗ്രാമറുടെ ശമ്പള സ്കെയിൽ. എം.സി.എക്ക് നിശ്ചിത ശതമാനം മാർക്ക് വേണമെന്ന നിബന്ധന പാലിച്ചോെയന്ന് പരിശോധിക്കണമെന്ന ആവശ്യവും ശക്തമാണ്. പുതിയ തസ്തിക സൃഷ്ടിച്ചാണ് ഇവർക്ക് ചട്ടവിരുദ്ധമായി നിയമനം നൽകുന്നത്.
ഡ്രൈവർ കം ഓഫിസ് അസിസ്റ്റൻറ് എന്ന തസ്തികയിലാണ് ആറ് താൽക്കാലിക ഡ്രൈവർമാരെ നിയമിക്കുന്നത്. ഇതിൽ ഒരാൾ വൈസ് ചാൻസലറുെട ഡ്രൈവറാണ്. 18,000-41,500 രൂപ എന്ന സ്കെയിലിലാണ് നിയമനം. സ്ഥിരപ്പെടുത്തുന്ന താൽക്കാലിക ജീവനക്കാർ ഭരണപക്ഷ അനുകൂലികളും അനധികൃതമായി സ്ഥാനക്കയറ്റം ലഭിക്കുന്ന ക്ലറിക്കൽ അസിസ്റ്റൻറുമാർ പ്രതിപക്ഷ അനുഭാവികളുമായതിനാൽ ഒത്തുകളി നടക്കുന്നതായും ആേക്ഷപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.