തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിൽ സെനറ്റിനും സിൻഡിക്കേറ്റിനും പകരം സമിതിയെ നാമനിർദേശം ചെയ്യുന്നതിന് ഒാർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി ഗവർണറോട് ശിപാർശ ചെയ്യും. നിലവിലെ സെനറ്റിെൻറയും സിൻഡിക്കേറ്റിെൻറയും കാലാവധി കഴിഞ്ഞ സാഹചര്യത്തിലും പുതിയ സമിതി രൂപവത്കരണത്തിന് കാലതാമസം ഉണ്ടാകും എന്നതുകൂടി പരിഗണിച്ചാണ് ഒാർഡിനൻസ് പുറപ്പെടുവിക്കുന്നത്. 14 അംഗ സിൻഡിക്കേറ്റിനെയായിരിക്കും നാമനിർദേശം ചെയ്യുക.
സെനറ്റിെൻറ അധികാരവും ഇൗ സമിതിക്കായിരിക്കും. ആറ് വിദ്യാഭ്യാസ വിചക്ഷണർ, ഒരു വിദ്യാർഥി പ്രതിനിധി, ഗവ. കോളജ് പ്രിൻസിപ്പൽ, ഗവ. കോളജ് അധ്യാപകൻ, രണ്ട് എയ്ഡഡ് കോളജ് അധ്യാപകർ, എയ്ഡഡ് കോളജ് പ്രിൻസിപ്പൽ, സർവകലാശാല അധ്യാപകൻ എന്നിവർ അടങ്ങുന്നതായിരിക്കും നോമിനേറ്റഡ് സിൻഡിക്കേറ്റ്. ആറ് വിദ്യാഭ്യാസ വിചക്ഷണരിൽ ഒരു വനിതയും ഒരു പട്ടികജാതി പ്രതിനിധിയും ഉൾപ്പെടും. കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റിൽ വിദ്യാഭ്യാസ വിചക്ഷണർ ആയി നാമനിർദേശം ചെയ്തവരെ ഭൂരിഭാഗത്തെയും പുതിയ സമിതിയിലും ഉൾപ്പെടുത്തുമെന്നാണ് സൂചന.
സെപ്റ്റംബർ 29നാണ് കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റിെൻറ കാലാവധി അവസാനിച്ചത്. പുതിയ സെനറ്റ് തെരഞ്ഞെടുപ്പിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും നടപടി എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.