കോഴിക്കോട്: അധ്യാപകരുടെ സ്ഥാനക്കയറ്റം സംബന്ധിച്ച് കാലിക്കറ്റ് സര്‍വകലാശാലയെയും ഉന്നതവിദ്യാഭ്യാസ മന്ത്രിയെയും ബന്ധപ്പെടുത്തി മാധ്യമങ്ങൾ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി കാലിക്കറ്റ് സർവകലാശാല. അപകീര്‍ത്തികരമായ പ്രചാരണത്തില്‍നിന്ന് പിന്മാറുകയും തിരുത്തുകയും ചെയ്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാല വാർത്തക്കുറിപ്പില്‍ അറിയിച്ചു.
സര്‍വകലാശാല കോളജ് അധ്യാപകരുടെ തസ്തിക, സ്ഥാനക്കയറ്റ യോഗ്യതകള്‍ എന്നിവ നിര്‍ണയിക്കുന്നത് യു.ജി.സിയാണ്. സര്‍വിസ് കാലഘട്ടത്തില്‍ ലഭിക്കാന്‍ അര്‍ഹതയുള്ളതും ഭരണപരമായ കാലതാമസംകൊണ്ട് ലഭിക്കാത്തതുമായ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് സ്വാഭാവികമായും വിരമിച്ച തീയതിക്കുശേഷമാകും. സര്‍വിസിലിരുന്ന അധ്യാപകര്‍ക്കു മാത്രമേ പ്രഫസര്‍ പദവി നല്കാന് സര്‍വകലാശാല നിർദേശിച്ചിട്ടുള്ളൂ. സി.എ.എസ്. പ്രഫസര്ഷിപ്പിന് അര്‍ഹതയുള്ളവര്‍ പ്രിന്‍സിപ്പല്‍ മുഖേന സര്‍വകലാശാലയില്‍ അപേക്ഷിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ പ്രഫ. തസ്തികയില്‍ കുറയാത്ത വിഷയ വിദഗ്ധരുടെ പാനല്‍ രേഖകളും യു.ജി.സി. നിഷ്കര്‍ഷിക്കുന്ന എ.പി.ഐ പോയന്റും പരിശോധിച്ച് മാത്രമാണ് സ്ഥാനക്കയറ്റം നല്‍കുന്നത്. ഇതിനുശേഷമേ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശമ്പളം അനുവദിക്കൂ.
ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദുവിന്റേതായി ഇത്തരത്തില്‍ ഒരപേക്ഷയും സര്‍വകലാശാലക്ക് ലഭിച്ചിട്ടില്ല. ഒരധ്യാപകന് യു.ജി.സി. നിയമ പ്രകാരം പ്രഫസറാവാനുള്ള തീയതി വിരമിക്കുന്നതിന്റെ ഒരാഴ്ച മുമ്പാണ് എങ്കില്‍ നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അയാള്‍ക്ക് ഒരാഴ്ചകൊണ്ട് പ്രഫസര്‍ പദവി നല്കാന് കഴിയുകയില്ല. ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് ഇതിന് ചുരുങ്ങിയത് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ സമയമെടുക്കുന്നുണ്ട്.
അതിനാല്‍, വിരമിച്ചവര്‍ മാത്രമല്ല പല കാരണങ്ങള്‍കൊണ്ട് ഒരു സ്ഥാപനത്തില്‍നിന്ന് വിടുതല്‍ വാങ്ങിയ അധ്യാപകരുടെ ആ സ്ഥാപനത്തിലെ സേവന കാലത്തെ ആനുകൂല്യങ്ങള്‍ അവിടെ നിന്ന് ലഭ്യമാക്കുക എന്ന നിയമപരമായ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള നിർദേശത്തെയാണ് നിക്ഷിപ്ത താല്പര്യക്കാര് വളച്ചൊടിച്ച് രാഷ്ട്രീയവത്കരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അനാവശ്യവിവാദങ്ങള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന്, അധ്യാപകരുടെ സ്ഥാനക്കയറ്റത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സര്‍വകലാശാലാ സിൻഡിക്കേറ്റ് ഉപസമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.