കാലിക്കറ്റില്‍ ഇന്നത്തെ പരീക്ഷമാറ്റം ഇടത് അനുകൂല അധ്യാപകരുടെ പണിമുടക്ക് ഭയന്ന്

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്തേണ്ട പരീക്ഷകള്‍ മാറ്റിയത് ഇടത് അനുകൂല അധ്യാപകരുടെ പണിമുടക്ക് കണക്കിലെടുത്ത്. ഹര്‍ത്താലൊഴികെ മറ്റൊരു സാഹചര്യത്തിലും പരീക്ഷ മാറ്റരുതെന്ന കീഴ്വഴക്കം അവഗണിച്ചാണ് പരീക്ഷാ കണ്‍ട്രോളറുടെ തീരുമാനം. കെ.എസ്.യു കഴിഞ്ഞയാഴ്ച നടത്തിയ വിദ്യാഭ്യാസ ബന്ദിലും പരീക്ഷകള്‍ മാറ്റിയിരുന്നില്ല. അന്താരാഷ്ട്ര അധ്യാപകദിനമായ ഒക്ടോബര്‍ അഞ്ചിന് സര്‍വകലാശാലാ-കോളജ് അധ്യാപകര്‍ കൂട്ടയവധിയെടുത്താണ് സമരം. കേന്ദ്രസര്‍ക്കാറിന്‍െറ ഉന്നത വിദ്യാഭ്യാസ വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് യൂനിവേഴ്സിറ്റി ആന്‍ഡ് കോളജ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍െറ നിര്‍ദേശപ്രകാരമാണ് പണിമുടക്കുന്നത്.

സംസ്ഥാനത്തെ സര്‍വകലാശാലകളിലെയും കോളജുകളിലെയും ഇടത് അധ്യാപക സംഘടനകളാണ് പണിമുടക്കുന്നത്. ഇടതു സംഘടനകളായ എ.കെ.ജി.സി.ടി, എ.കെ.പി.സി.ടി.എ, അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് എന്നീ സംഘടനാ പ്രതിനിധികള്‍ കൂട്ട അവധിയെടുക്കും.
പരീക്ഷയും ഫലപ്രഖ്യാപനവും സമയബന്ധിതമാക്കുന്നതിന് ഇടക്കിടെയുള്ള പരീക്ഷമാറ്റം ഒഴിവാക്കണമെന്നാണ് നേരത്തേയുണ്ടാക്കിയ ധാരണ. യൂനിവേഴ്സിറ്റി യൂനിയന്‍ ഭാരവാഹിയുടെ വിവാഹത്തിനുപോലും പരീക്ഷ മാറ്റിയ മുന്‍കാല സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ധാരണയുണ്ടാക്കിയത്.
പരീക്ഷ നടത്തിപ്പിന് ബദല്‍ മാര്‍ഗങ്ങളൊന്നും ആലോചിക്കാതെ എല്ലാ പരീക്ഷകളും മാറ്റുകയാണുണ്ടായതെന്ന് ബന്ധപ്പെട്ട ജീവനക്കാര്‍ ആരോപിച്ചു.
Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.