കാലിക്കറ്റിലെ അസിസ്റ്റന്‍റ് നിയമനം പി.എസ്.സി പട്ടികയില്‍നിന്നു മാത്രം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് ഒഴിവുകള്‍ പി.എസ്.സി പട്ടികയില്‍നിന്നുതന്നെ നികത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. യു.ഡി.എഫ് അംഗങ്ങളുടെ എതിര്‍പ്പ് തള്ളിയാണ് ശനിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്‍െറ തീരുമാനം. സര്‍വകലാശാല സ്വന്തം നിലക്ക് തയാറാക്കിയ പട്ടികയില്‍നിന്ന് നിയമനം നടത്തുന്നതിനെ കുറിച്ച് സര്‍ക്കാറില്‍നിന്ന് അഭിപ്രായം തേടാനും യോഗം തീരുമാനിച്ചു. തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗം അഡ്വ. പി.എം. നിയാസ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. പി.എസ്.സി പട്ടികയില്‍നിന്നുള്ളവരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജീവനക്കാര്‍ പുറത്ത് പ്രകടനം നടത്തുമ്പോഴാണ് കോണ്‍ഗ്രസ് അംഗം യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയതെന്നതാണ് ഏറെ കൗതുകകരം.

എന്‍.സി.എ വിഭാഗത്തില്‍പെട്ട 20 പേരുടെ ഒഴിവിലേക്ക് പൊതുവിഭാഗക്കാരെ നിയമിക്കരുതെന്ന് ലീഗ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. പി.എസ്.സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച 20പേര്‍ക്ക് ആദ്യഘട്ടത്തില്‍ നിയമനം നല്‍കും. അനധ്യാപക നിയമനം പി.എസ്.സിക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയെങ്കിലും കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വന്തം റാങ്ക്ലിസ്റ്റിന്‍െറ ഭാവി കണക്കിലെടുത്ത് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കിയിരുന്നില്ല. നിയമനം നേടാനായി എത്തിയ ഉദ്യോഗാര്‍ഥികളെ അധികൃതര്‍ തിരിച്ചയച്ചിരുന്നു. 

ശമ്പള പരിഷ്കരണയിനത്തില്‍ ജീവനക്കാര്‍ക്ക് നല്‍കേണ്ട കുടിശ്ശിക തീര്‍ക്കാന്‍ സര്‍വകലാശാലയുടെ സ്വന്തം ഫണ്ടായ 30 കോടി ഉപയോഗിക്കാമെന്ന സ്റ്റാറ്റ്യൂട്ടറി ഫിനാന്‍സ് കമ്മിറ്റിയുടെ ശിപാര്‍ശ യോഗം അംഗീകരിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ധനമന്ത്രിയെ കാണാനും അഭിപ്രായം തേടാനും കെ.കെ. ഹനീഫ കണ്‍വീനറായ സമിതിയെ നിയോഗിച്ചു. 

പ്യൂണ്‍ നിയമന റാങ്ക് പട്ടിക ചോര്‍ന്ന വിഷയം പൊലീസ് അന്വേഷിക്കും. ഏതുതരം അന്വേഷണം വേണമെന്നത് പൊലീസ് തീരുമാനിക്കുമെന്ന് വി.സി യോഗത്തെ അറിയിച്ചു. പ്രൊ വി.സി ഡോ. പി. മോഹന്‍ കണ്‍വീനറായ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് യോഗം അംഗീകരിച്ചു. സനാതന ധര്‍മ പീഠത്തിന് ആറുകോടിയുടെ കെട്ടിടം നിര്‍മിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ചെയറുകളുടെ കെട്ടിട നിര്‍മാണത്തിന് മാര്‍ഗരേഖ തയാറാക്കും. സര്‍വകലാശാലയേക്കാള്‍ വലിയ പദ്ധതികള്‍ വിവിധ ചെയറുകള്‍ സമര്‍പ്പിച്ച സാഹചര്യത്തിലാണ് പുതിയ നയമുണ്ടാക്കുന്നത്. റഷ്യന്‍ പഠനവകുപ്പിലെ വിവാദ പരീക്ഷ റദ്ദാക്കി. ഇവര്‍ക്കായി വീണ്ടും പരീക്ഷ നടത്തും. സര്‍വകലാശാലയിലെ എംപ്ളോയീസ് ഫോറം സ്വന്തം നിലക്ക് ഓഫിസ് പുതുക്കിപ്പണിത സംഭവത്തില്‍ ഭാരവാഹികളില്‍നിന്ന് വിശദീകരണം തേടും. ചെയറുകളും വിവിധ യൂനിയനുകളും കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സിന്‍ഡിക്കേറ്റ് സമിതിയെ നിയോഗിച്ചു. 

കാലിക്കറ്റിലെ നിയമോപദേശക നിയമനം സിന്‍ഡിക്കേറ്റ് അംഗീകരിച്ചില്ല
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമോപദേശക നിയമനം സിന്‍ഡിക്കേറ്റ് യോഗം അംഗീകരിച്ചില്ല. സിന്‍ഡിക്കേറ്റിന്‍െറ അധികാരമുപയോഗിച്ച് വി.സി നടത്തിയ നിയമനം ഭൂരിപക്ഷം വരുന്ന ഇടതംഗങ്ങളാണ് എതിര്‍ത്തത്. നിയമന കാര്യത്തില്‍ സംസ്ഥാന അഡ്വക്കറ്റ് ജനറലിന്‍െറ അഭിപ്രായം തേടണമെന്നും ഇടതംഗങ്ങള്‍ ആവശ്യപ്പെട്ടു. 

അസിസ്റ്റന്‍റ്, ലാസ്റ്റ്ഗ്രേഡ് നിയമന വിഷയങ്ങളില്‍ കോടതിയില്‍ ഹാജരാകാനാണ് നിയമോപദേശകനെ നിയമിച്ചിരുന്നത്. സ്റ്റാന്‍ഡിങ് കോണ്‍സലായ അഡ്വ. പി.സി. ശശിധരന്‍ ഈ കേസുകളില്‍ കക്ഷികള്‍ക്കു വേണ്ടി നേരത്തേ ഹാജരായ സാഹചര്യത്തില്‍ അദ്ദേഹം കോടതിയില്‍ ഹാജരാകില്ളെന്ന് അറിയിച്ചിരുന്നു. ഈ കേസുകള്‍ക്ക് വേണ്ടി മാത്രമായി സിന്‍ഡിക്കേറ്റുമായി ആലോചിച്ച് അഭിഭാഷകനെ നിയമിക്കാന്‍ അദ്ദേഹം വി.സിയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, സിന്‍ഡിക്കേറ്ററിയാതെ നടത്തിയ നിയമനത്തെ ഇടതംഗങ്ങള്‍ എതിര്‍ത്തതോടെ വിവാദമായി. 

സര്‍വകലാശാലയില്‍ ഡിജിറ്റല്‍ സ്റ്റുഡന്‍സ് സര്‍വിസ് സെന്‍റര്‍ സ്ഥാപിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ടാഗോര്‍ ഹാളില്‍ ഒരുക്കുന്ന കേന്ദ്രത്തില്‍ ഫ്രണ്ട് ഓഫിസ്, ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍, ഡിജിറ്റല്‍ കാള്‍ സിസ്റ്റം, എല്ലാ സെക്ഷനുകളിലെയും ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവയുണ്ടാകും. 
ഗവേഷണം പാതിവഴിയില്‍ നിര്‍ത്തിപോയവരില്‍നിന്ന് ഫെലോഷിപ് തുക തിരിച്ചുവാങ്ങും. ഗവേഷകരുടെ ഫെലോഷിപ് വര്‍ധിപ്പിക്കുന്നത് കോഴ്സസ് ആന്‍ഡ് റിസര്‍ച് സമിതി പഠിക്കും. സര്‍വകലാശാലയില്‍ ദേശീയ ഫുട്ബാള്‍ അക്കാദമി സ്ഥാപിക്കുന്നതിനും സായി പരിശീലന കേന്ദ്രം കാമ്പസിലേക്ക് മാറ്റുന്നതിനുമുള്ള നിര്‍ദേശം സിന്‍ഡിക്കേറ്റ് തള്ളി. കായിക വകുപ്പിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ചു. 

വിദൂരവിദ്യാഭ്യാസം യു.ജി പരീക്ഷകളുടെ സൂപ്പര്‍വിഷന് അഡീഷനല്‍ ചീഫ് സൂപ്രണ്ടുമാരെ നിയമിക്കുന്ന കാര്യം പരീക്ഷാ സ്ഥിരം സമിതി പരിഗണിക്കും. കോടഞ്ചേരി ഗവ. കോളജില്‍ ബി.എസ്സി ഫിസിക്സിന്‍െറ കോംപ്ളിമെന്‍ററി കോഴ്സ് കമ്പ്യൂട്ടര്‍ സയന്‍സിന് പകരം അടുത്ത വര്‍ഷം മുതല്‍ കെമിസ്ട്രിയായി മാറ്റും. 30 സ്വീപ്പര്‍ തസ്തികകള്‍ 60 പാര്‍ട്ട് ടൈം തസ്തികകളായി മാറ്റിയതിനെക്കുറിച്ച് ഓഡിറ്റ് വിഭാഗം ഉന്നയിച്ച തടസ്സം സ്റ്റാഫ് സ്ഥിരം സമിതി പരിശോധിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 


 

Tags:    
News Summary - calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.