തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ പരീക്ഷയും അനുബന്ധ സേവനങ്ങൾക്കുമുള്ള ഫീസ് 10 ശതമാനം വർധിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. പുതിയ അധ്യയനവർഷം മുതൽ വർധനവ് പ്രാബല്യത്തിൽ വരും. സിൻഡിക്കേറ്റിലെ യു.ഡി.എഫ് അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം. കഴിഞ്ഞവർഷവും ഫീസ് വർധിപ്പിച്ചതിനു പിന്നാലെയാണ് നടപടി.
കേരള സർവകലാശാല പ്രോ-വി.സി ഡോ. എൻ. വീരമണികണ്ഠെൻറ പിഎച്ച്.ഡി ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതു തന്നെയാണെന്ന സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണ റിപ്പോർട്ട് അംഗീകരിച്ചു. തുടർ നടപടികൾക്കായി വി.സി അധ്യക്ഷനും പ്രോ-വി.സി, സയൻസ് ഡീൻ, സംസ്ഥാനത്തിനു പുറത്തെ വിഷയ വിദഗ്ധൻ എന്നിവരടങ്ങുന്ന സമിതിയെ നിയോഗിച്ചു. കോടതി ഉത്തരവിനെ തുടർന്ന് സർവകലാശാല നടപടികൾ മരവിപ്പിച്ചിരിക്കുകയായിരുന്നു.
റെഗുലർ കോളജ് അധ്യാപകർ ജോലിയുടെ ഭാഗമായി മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം സെമസ്റ്ററിന് ഡിഗ്രിക്ക് 30, പി.ജിക്ക് 12 രൂപ എന്നിങ്ങനെ നിശ്ചയിച്ചു. ഇതിലും അധികം മൂല്യനിർണയം നടത്തുന്ന ഉത്തരക്കടലാസ് ഒന്നിന് ഡിഗ്രിക്ക് 15, പി.ജിക്ക് 22ഉം രൂപയായി നിജപ്പെടുത്തി. ദിവസബത്തയായി 400 രൂപയും അനുവദിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.
പുതിയ സ്വാശ്രയ കോളജുകൾ അനുവദിക്കാമെന്ന ഹൈകോടതി നിർദേശത്തിെൻറ അടിസ്ഥാനത്തിൽ നിയമാവലി പരിഷ്കരിക്കുന്നതിന് ഡോ. പി. വിജയരാഘവൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളജിൽ രസതന്ത്രത്തിൽ ഗവേഷണകേന്ദ്രം അനുവദിച്ചു. വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ കോ-ഓഡിനേറ്റർമാരുടെ പ്രത്യേക അലവൻസ് വർധിപ്പിച്ചു. കോളജുകളിൽ ഗാന്ധിയൻമൂല്യങ്ങൾ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഡോ. പി. ശിവദാസൻ അധ്യക്ഷനായ സമിതി പഠിക്കും. ഐ.എച്ച്.ആർ.ഡി.ഇ കോഴ്സുകളിൽ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്ന സർക്കാർ ഉത്തരവ് നടപ്പാക്കും.
ഭിന്നശേഷിക്കാരായ കുട്ടികളുള്ള മാതാപിതാക്കൾക്ക് ലഭിച്ചിരുന്ന പരിപാലന അലവൻസ് നൽകുന്നതിന് കുട്ടികളുടെ പ്രായപരിധി നോക്കില്ല. ഇത് 1500 രൂപയാക്കി ഉയർത്തിയിട്ടുമുണ്ട്. സനാതന ധർമപീഠത്തിന് ആസ്ഥാനമന്ദിരം ഒഴിവാക്കി ഓഫിസ് കെട്ടിടം നിർമിക്കാൻ അനുമതി നൽകുന്ന റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചു. ആസ്ഥാനമന്ദിരം പണിയാൻ അപേക്ഷിച്ചതിനെ തുടർന്നാണ് സമിതിയെ നിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.