തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ഈ അധ്യയന വർഷം ബിരുദ ബിരുദാനന്തര കോഴ്സുകളിൽ വൻ സീറ്റ് വർധന അംഗീകരിച്ച് ഉത്തരവായി. 13,500ലേറെ ബിരുദ, ബിരുദാനന്തര സീറ്റുകളാണ് പ്രത്യേക ആനുപാതിക വർധനവായി അനുവദിച്ചതെന്ന് ൈവസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ പറഞ്ഞു. സർവകലാശാലക്ക് കീഴിലുള്ള 214 കോളജുകളിലാണ് സീറ്റ് വർധന. ബിരുദ കോഴ്സുകളിലേക്കുള്ള പുതിയ സീറ്റുകൾ വ്യാഴാഴ്ച ഇറങ്ങുന്ന നാലാം അലോട്ട്മെൻറ് പട്ടികയിലുൾപ്പെടുത്തും. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കുള്ള സീറ്റുകൾ നിലവിലെ റാങ്ക്ലിസ്റ്റിൽനിന്ന് നികത്തും.
അപേക്ഷിച്ച കോളജുകൾക്കെല്ലാം സീറ്റുകൾ അനുവദിച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ബി.സി.എ ബിരുദ കോഴ്സുകൾക്ക് കോളജുകളിലെ പരമാവധി സീറ്റിെൻറ എണ്ണം 48 ആയി ഉയർന്നു. മറ്റ് സയൻസ് ബിരുദ കോഴ്സുകളുടെ സീറ്റുകൾ 40 ആണ്. സയൻസ് ഇതര സീറ്റുകൾ 60 ആയും വർധിച്ചു. മാത്ത്സ്, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി, എം.എസ്.ഡബ്ല്യു, കമ്പ്യൂട്ടർ സയൻസ് എന്നിവ ഒഴികെയുള്ള സയൻസ് ബിരുദാനന്തര കോഴ്സുകൾക്ക് പരമാവധി സീറ്റുകൾ 16 ആണ്. സീറ്റുകളുടെ കാര്യത്തിൽ ചട്ടഭേദഗതിക്ക് സിൻഡിക്കേറ്റ് സർക്കാറിെൻറ അനുമതി തേടിയിട്ടുണ്ട്. അനുമതി ലഭിക്കുമെന്ന നിഗമനത്തിലാണ് പ്രേത്യക ആനുപാതിക സീറ്റ് വർധനവ് നടപ്പാക്കിയത്.
സർവകലാശാലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിലുള്ള വൻ സീറ്റ് വർധനവ്. സർക്കാർ, എയ്ഡഡ് കോളജുകളിലേതിനേക്കാൾ സ്വാശ്രയ കോളജുകളിലാണ് കൂടുതൽ സീറ്റ് വർധനവ്. സീറ്റ് വർധന അനുവദിച്ചുള്ള സർക്കാർ ഉത്തരവിെൻറ ചുവടുപിടിച്ചും സീറ്റ് ക്ഷാമം പരിഗണിച്ചുമാണ് സർവകലാശാലയുടെ നടപടി. ആവശ്യമായ സൗകര്യങ്ങളുള്ള കോളജുകൾക്ക് മാത്രമാണ് സീറ്റ് അനുവദിച്ചതെന്ന് സർവകലാശാല ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ അതത് പ്രിൻസിപ്പൽമാർ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
ജനറൽ, മാനേജ്മെൻറ്, കമ്യൂണിറ്റി േക്വാട്ടകളുടെ സീറ്റ് അനുപാതത്തിൽ മാറ്റമുണ്ടാകില്ല. സീറ്റുകൾ കൂടുന്നതോെട ജീവനക്കാരുടെ എണ്ണം കൂട്ടാനോ സർവകലാശാലക്കും സർക്കാറിനും അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കാനോ പാടില്ല. ഈ അധ്യയന വർഷത്തേക്ക് താൽക്കാലികമായാണ് ഇപ്പോഴുള്ള വർധനവ്. ഭാവിയിൽ ചട്ടം പരിഷ്കരിക്കുന്നതോടെ വർധിപ്പിച്ച സീറ്റുകളുടെ എണ്ണം കുറയുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.