കൽപറ്റ: കുട്ടികൾ ലഹരിമരുന്ന് വാങ്ങുന്നത് തടയാൻ എല്ലാ മെഡിക്കൽ ഷോപ്പുകളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്ന ബാലാവകാശ കമീഷൻ നിർദേശത്തിന്റെ ഭാഗമായി നടപടി തുടങ്ങി. ടൗണുകൾ കേന്ദ്രീകരിച്ച് കാമറ സ്ഥാപിക്കലിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുന്നതായി സംസ്ഥാന ഡ്രഗ്സ് കൺട്രോളർ സുജിത്ത് കുമാർ പറഞ്ഞു.
തുടർന്ന് ഗ്രാമീണ മേഖലകളിലും നടപ്പാക്കും. സുരക്ഷക്കായി പല കടകളിലും നിലവിൽ കാമറകളുണ്ട്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രി ഫാർമസികൾ, റീട്ടെയിൽ-ഹോൾസെയിൽ മെഡിക്കൽ ഷോപ്പുകളടക്കം 25,000ത്തിലേറെ സ്ഥാപനങ്ങളുണ്ട്. കാമറ സ്ഥാപിക്കൽ ചുരുങ്ങിയ സമയത്തിനുള്ളിൽ നടപ്പാക്കണമെന്നാണ് കമീഷൻ നിർദേശം.
ഇവ സ്ഥാപിച്ചതടക്കമുള്ള പരിശോധന എക്സൈസും ഡ്രഗ്സ് കൺട്രോൾ വകുപ്പും സംയുക്തമായി നടത്തും. കണക്കെടുപ്പ് പൂർത്തിയായാൽ കാമറ സ്ഥാപിക്കാത്ത മെഡിക്കൽ ഷോപ്പുകളുടെ എണ്ണമറിയാൻ സാധിക്കും. തുടർന്ന് ഈ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകും. സംസ്ഥാനത്ത് മെഡിക്കൽ ഷോപ്പുവഴി കുട്ടികൾ ലഹരിമരുന്ന് വാങ്ങുന്ന പ്രവണത കുറവാണെന്ന് ഡ്രഗ്സ് കൺട്രോളർ പറഞ്ഞു.
ഡോക്ടർമാരുടെ കുറിപ്പടിയില്ലാതെ ലഹരി കിട്ടുന്ന മരുന്നുകൾ കുട്ടികൾ വാങ്ങുന്നത് കാമറയിൽ കണ്ടെത്താൻ കഴിയും. മെഡിക്കൽ ഷോപ്പിൽ കാമറ വെച്ചാൽ മരുന്ന് വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും സാധിക്കും. കൂടാതെ ഫാർമസിസ്റ്റ് ഇല്ലാതെ മെഡിക്കൽ ഷോപ്പിൽനിന്ന് മരുന്നു വിതരണം ചെയ്യുന്നത് അവസാനിപ്പിക്കാനും കഴിയും.
കാമറകളുണ്ടായാൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ചുണ്ടാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും കഴിയും. സി.സി.ടി.വി കാമറകൾ വെക്കുന്നത് വേഗത്തിലാക്കണമെന്നും നിരന്തര പരിശോധന യഥാസമയങ്ങളിൽ ഉണ്ടായാൽ മാത്രമേ ഫലപ്രദമാവൂവെന്നുമാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.