തിരുവനന്തപുരം: ആഗസ്റ്റ് 29ന് സ്കൂള്‍ തുറക്കുന്നതിനാൽ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകള്‍ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ആവശ്യമാണെങ്കില്‍ സ്വകാര്യ കെട്ടിടങ്ങള്‍ വാടകക്ക് എടുക്കണം. പൂട്ടിക്കിടക്കുന്ന വീടുകള്‍ ഉപയോഗിക്കാന്‍ പറ്റുമോയെന്ന് ബന്ധപ്പെട്ട ജില്ല കലക്ടര്‍മാര്‍ പരിശോധിക്കണം. ആലപ്പുഴ ജില്ലയിലാണ് കൂടുതല്‍ ക്യാമ്പുകള്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്നത്. ക്യാമ്പുകളില്ലാത്ത സ്കൂളുകള്‍ അടുത്ത രണ്ടു ദിവസത്തിനകം പൂര്‍ണമായും വൃത്തിയാക്കണം. സ്കൂളുകള്‍ വൃത്തിയാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരും രംഗത്തുണ്ട്.
പ്രളയദുരിതാശ്വാസ പ്രവര്‍ത്തന അവലോകനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിലവിൽ 1435 ക്യാമ്പുകളിലായി 4,62,456 പേരാണുള്ളത്. ആഗസ്റ്റ് എട്ടുമുതല്‍ ഇന്നുവരെ 302 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലായിടത്തും സജീവമായി നടക്കുന്നുണ്ട്. ഇതിനകം മൂന്നു ലക്ഷത്തിലധികം വീടുകള്‍ വൃത്തിയാക്കി. വെള്ളം കെട്ടിനില്‍ക്കുന്ന പ്രദേശങ്ങളില്‍ പമ്പ് ഉപയോഗിച്ച് വെള്ളം ഒഴിവാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 3,64,000 പക്ഷികളുടെയും 3285 വലിയ മൃഗങ്ങളുടെയും 14,274 ചെറിയ മൃഗങ്ങളുടെയും ശവങ്ങള് മറവുചെയ്തു. ഇനിയും ശവങ്ങള് ബാക്കിയുണ്ടെങ്കില്‍ അടിയന്തരമായി മറവുചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
അജൈവ മാലിന്യം ശേഖരിച്ചുെവക്കുന്നതിനുള്ള സ്ഥലങ്ങള്‍ തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടെത്തണം. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറണം. കുടിവെള്ളം ലഭ്യമാക്കുന്നതിന് കിയോസ്കുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പെട്ടെന്ന് പൂര്‍ത്തിയാക്കണം. വീടുകളില്‍ പാത്രങ്ങളില്‍ വെള്ളം വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്. കന്നുകാലികള്‍ക്ക് ഭക്ഷണം ലഭ്യമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇതിനകം ഒരു ലക്ഷത്തിലേറെ ചാക്ക് കാലിത്തീറ്റ വിതരണം ചെയ്തു.
ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് െബഹ്റ, ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിൻഹ, ഫയര്‍ഫോഴ്സ് മേധാവി എ. ഹേമേന്ദ്രന്‍, വനം-വന്യജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വേണു, ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാള്‍, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.