തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർഥികളുടെ സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ നിയമനിർമാണത്തിന് ജസ്റ്റിസ് കെ.കെ. ദിനേശൻ കമീഷൻ റിേപ്പാർട്ടിൽ ശിപാർശ. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ആദ്യമായി നിയോഗിച്ച കമീഷെൻറ റിേപ്പാർട്ട് ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
സ്വാശ്രയ കോളജുകളിൽ അധ്യാപകർക്കും സംഘടന സ്വാതന്ത്ര്യം അനുവദിക്കുന്നതിനും നിയമപ്രകാരമുള്ള അധ്യാപക രക്ഷാകർതൃസമിതി രൂപവത്കരിക്കുന്നതിനും നിയമനിർമാണം നടത്തണമെന്നും ശിപാർശ ചെയ്തിട്ടുണ്ടെന്ന് ചെയർമാൻ ജസ്റ്റിസ് കെ.കെ. ദിനേശൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാമ്പസുകളിൽ സമാധാനപരമായി നടത്തുന്ന പ്രതിഷേധങ്ങൾ തടയുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അംഗീകൃത വിദ്യാർഥി സംഘടനകളെ മാത്രം കാമ്പസിനുള്ളിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ മതിയോ എന്നത് സർക്കാർ തീരുമാനിക്കണം. വിദ്യാർഥി രാഷ്ട്രീയത്തിന് ന്യായമായ പരിധി ഏർപ്പെടുത്താൻ മാനേജ്മെൻറുകൾക്ക് അധികാരമില്ലെന്നും ഇത് നിയമനിർമാണത്തിലൂടെയേ സാധ്യമാവൂ എന്നും ശിപാർശയിലുണ്ട്.
ഭരണഘടനയുടെ 19-ാം അനുച്ഛേദപ്രകാരം പൗരന്മാർക്ക് അഭിപ്രായപ്രകടനം നടത്താനും സമാധാനപരമായി സമ്മേളിക്കാനും സംഘടനകൾ രൂപവത്കരിക്കാനും അവകാശമുണ്ട്. അതേസമയം, ഏത് വ്യാപാരത്തിലും ബിസിനസിലും ജോലിയിലും ഏർപ്പെടാനും ഇതേ അനുച്ഛേദം പൗരന്മാർക്ക് അവകാശം നൽകുന്നുമുണ്ട്. വിദ്യാഭ്യാസം ഒരു തൊഴിലായാണ് നിർവചിച്ചിട്ടുള്ളത്. ഇതിനുള്ള അവകാശത്തിനുമാത്രം പ്രാധാന്യം നൽകിയാണ് വിദ്യാർഥി രാഷ്ട്രീയത്തിന് കോടതി വിലക്കേർപ്പെടുത്തിയത്. വിദ്യാർഥികൾക്ക് സംഘടിക്കാനും യൂനിയൻ പ്രവർത്തനം നടത്താനുമുള്ള അധികാരത്തിന് പരിധി നിശ്ചയിക്കാൻ മാനേജ്മെൻറുകൾക്ക് സോജൻ ഫ്രാൻസിസ് കേസിലെ ഉത്തരവിലൂടെ ഹൈകോടതി അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ഈ പരിധി മാനേജ്മെൻറുകൾക്ക് നിശ്ചയിക്കാനാവുന്നതല്ല.
സ്വാശ്രയ കോളജുകളിലെ അധ്യാപകർക്ക് സംഘടന രൂപവത്കരിക്കാനും നിയമനിർമാണം അത്യാവശ്യമാെണന്നും ശിപാർശയുണ്ട്. കോളജുകളെ വ്യവസായ സ്ഥാപനങ്ങളായാണ് പരിഗണിക്കുന്നതെങ്കിലും അനധ്യാപകർ മാത്രമാണ് തൊഴിലാളികളുടെ പരിധിയിൽവരുന്നത്. ഇവർക്ക് വ്യവസായ തർക്കപരിഹാര നിയമത്തിലെ വ്യവസ്ഥകൾ ബാധകമാണ്. മാനേജ്മെൻറിനെതിരെ തൊഴിൽ കോടതിയെ സമീപിക്കാൻ അനധ്യാപകർക്ക് അധികാരമുണ്ട്. പക്ഷേ, അധ്യാപകരെ തൊഴിലാളികളായല്ല നിയമം വ്യാഖ്യാനിക്കുന്നത്. അതിനാൽ അധ്യാപകർക്ക് സംഘടന രൂപവത്കരിച്ച് പ്രവർത്തനം നടത്തുന്നതിൽ തെറ്റില്ല.
സ്വാശ്രയ കോളജുകളിൽ അധ്യാപക- രക്ഷാകർതൃ സമിതികൾ (പി.ടി.എ) രൂപവത്കരിക്കണമെന്നത് നിയമപരമായി നിർബന്ധമാണ്. പി.ടി.എയിലേക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പിന് സർക്കാർ ചട്ടങ്ങളുണ്ടാക്കണം. കമീഷൻ അംഗങ്ങളായ ഡോ.കെ.കെ.എൻ. കുറുപ്പ്, പ്രഫ. ആർ.വി.ജി. മേനോൻ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.