പാലക്കാട്: മദ്യപിക്കുന്ന പാർട്ടി അംഗങ്ങളെ ചൂണ്ടിക്കാണിച്ചാൽ പുറത്താക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ആറുമാസം സമയം തരാമെന്നും ഒരാളെയെങ്കിലും ഈ കാരണത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം.വി. ഗോവിന്ദന് സാധിക്കുമോ എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ ചോദിച്ചു.
പാർട്ടി അംഗങ്ങൾ മദ്യപിക്കാൻ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ടെന്നുമായിരുന്നു എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ‘ഞങ്ങളുടെ പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാൻ പാടില്ല. മദ്യപിക്കരുതെന്ന് ഭരണഘടനാപരമായി തന്നെ പറയുന്നുണ്ട്. ഞങ്ങളാരും ഇന്നുവരെ ഒരുതുള്ളി കുടിച്ചിട്ടില്ല. മദ്യപിക്കില്ല, സിഗരറ്റ് വലിക്കില്ല, അങ്ങനെ വലിക്കാൻ പാടില്ല എന്ന ദാർശനിക കാഴ്ചപ്പാടിൽ വളർന്നുവന്നവരാണ് ഞങ്ങൾ. ആരെങ്കിലും മദ്യപിക്കുന്നതായി നിങ്ങൾ പറഞ്ഞാൽ ഞങ്ങൾ അപ്പോൾ തന്നെ അവരെ പുറത്താക്കും’ -അദ്ദേഹം പറഞ്ഞു.
ഇതിനുപിന്നാലെയാണ് ബൽറാം രംഗത്തെത്തിയത്. ‘എല്ലാവരേയും ഒന്നും വേണ്ട, ഈ കാരണത്താൽ ഒരാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി കാണിക്കാൻ മിസ്റ്റർ എം വി ഗോവിന്ദന് സാധിക്കുമോ? ആറ് മാസം സമയം തരാം. രാഷ്ട്രീയ നേതാക്കളുടെ ഇത്തരം പരിഹാസ്യമായ അവകാശ വാദങ്ങളും നാട്യങ്ങളുമാണ് പുതു തലമുറ നിങ്ങളെയാകെ പുച്ഛിക്കുന്ന അവസ്ഥ ഇവിടെ ഉണ്ടാക്കുന്നത്’ -അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ലഹരിവിപണനവും ഉപയോഗവും കേരളത്തിൽ സജീവമാകുന്നുണ്ടെന്നും അതിന്റെ തെളിവുകളാണ് അടുത്തിടെ ഉണ്ടായ സംഭവങ്ങളെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു. ലഹരിക്കെതിരെ കക്ഷി രാഷ്ട്രീയം നോക്കാതെ ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.