തിരുവനന്തപുരം: ടിക്കറ്റ് വിൽപനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയിൽവേ കൊയ്യുന്നത് കോടികൾ. 2014 മുതൽ 2022 വരെയുള്ള കണക്കുകൾ പ്രകാരം 10,986 കോടിയാണ് റെയിൽവേയുടെ അക്കൗണ്ടിലെത്തിയത്. ഇതിൽ 2019 മുതൽ 2022 വരെ മാത്രം പിടുങ്ങിയത് 6,297 കോടി. കഴിഞ്ഞ നാല് വർഷത്തിനിടെ മാത്രം 31 കോടി ടിക്കറ്റുകളാണ് യാത്ര ഉപേക്ഷിച്ചതിനെ തുടർന്ന് റദ്ദാക്കപ്പെട്ടത്. അതായത് പ്രതിദിനം കാൻസൽ ചെയ്യുന്ന ടിക്കറ്റ് ഇനത്തിൽ മാത്രം റെയിൽവേക്ക് ലഭിക്കുന്നത് ശരാശരി 4.31 കോടി രൂപ. 2021ൽ നിന്ന് 2022 ലേക്കെത്തുമ്പോൾ ഈ ഇനത്തിലെ വരുമാന വർധനയിൽ 32 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണുള്ളത്. അതായത് 2021 ലെ 1660 കോടിയിൽ നിന്ന് 2022 ൽ ഉയർന്നത് 2184 കോടിയായി.
2014 -2015 കാലയളവിൽ 908 കോടിയായിരുന്ന വരുമാനം 2022 ൽ എത്തിയപ്പോഴേക്കും 2184 കോടിയിലെത്തി എന്നതാണ് കൗതുകകരം. ടിക്കറ്റ് റദ്ദാക്കുമ്പോൾ ഈടാക്കുന്ന തുക ഇരട്ടിയാക്കിയും കൺേഫാം ടിക്കറ്റുകൾ റദ്ദാക്കാനുള്ള സമയപരിധി വെട്ടിച്ചുരുക്കിയുമുള്ള ഒടുവിലെ പരിഷ്കാരമാണ് യാത്രക്കാരന്റെ പോക്കറ്റ് പിഴിയുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പുവരെ കാൻസൽ ചെയ്യുന്ന ടിക്കറ്റുകൾക്കേ നിലവിൽ പണം തിരികെ ലഭിക്കൂ. ട്രെയിൻ പുറപ്പെട്ട് രണ്ടു മണിക്കൂർ കഴിഞ്ഞുവരെ ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക വരെ നേരത്തെ തിരികെ ലഭ്യമായിരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പുള്ള ടിക്കറ്റ് റദ്ദാക്കലുകൾക്ക് മിനിമം നിരക്ക് എന്ന പേരിലാണ് റെയിൽവേയുടെ പോക്കറ്റടി. ഏത് തരം കോച്ചായാലും വെയിറ്റിങ് ലിസ്റ്റിൽപെടുകയും പിന്നീട് റദ്ദാക്കേണ്ടി വരുകയും ചെയ്താൽ 60 രൂപ നഷ്ടപ്പെടും. നേരത്തെ സെക്കൻഡ് ക്ലാസുകളിൽ ഇത് 30 രൂപ മാത്രമായിരുന്നു.
സെക്കൻഡ് സീറ്റിങ്ങിലെ കൺഫോം ടിക്കറ്റുകളുടെ റദ്ദാക്കലുകൾക്കും മിനിമം നിരക്ക് 60 രൂപയാണ്. സ്ലീപ്പർ ക്ലാസിലെ ഉറപ്പായ ടിക്കറ്റിന് 120 രൂപയാണ് കാൻസലേഷൻ നിരക്ക്. നേരത്തെ ഇത് 60 രൂപ മാത്രമായിരുന്നു.
എ.സി ചെയർകാറിൽ 180 രൂപയും (മുമ്പ് 90 രൂപ) എ.സി ത്രീ ടയറിലും ടു ടയറിലും 200 രൂപയും (മുമ്പ് 100) എ.സി ഒന്നാം ക്ലാസിൽ 240 രൂപയുമാണ് (മുമ്പ് 120) കാൻസലേഷെൻറ പേരിൽ പിടുങ്ങുന്നത്.
െട്രയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലാകട്ടെ പല കണക്കാണ്. ടിക്കറ്റ് റദ്ദാക്കുന്നത് െട്രയിൻ യാത്ര തുടങ്ങുന്നതിന് 12 മണിക്കൂറിന് മുമ്പാണെങ്കിൽ 25 ശതമാനം തുക നഷ്ടെപ്പടുകയാണ്. 12 മണിക്കൂറിനുള്ളിലും നാല് മണിക്കൂറിന് മുമ്പുമാണെങ്കിൽ പകുതി കാശും പോവും.
വെയിറ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ റദ്ദാക്കപ്പടാതിരിക്കുന്നതും റെയിൽവേക്ക് ലോട്ടറിയാണ്. 2019 മുതൽ 2022 വരെ 9.03 കോടി വെയ്റ്റിങ് ലിസ്റ്റിലുള്ള ടിക്കറ്റുകളാണ് റദ്ദാക്കപ്പെടാതിരുന്നത്. ഒരു രൂപ പോലും യാത്രക്കാരന് നൽകാതെ ഈ ഇനത്തിൽ റെയിൽവേയുടെ പെട്ടിയിലെത്തിയത് 4107 കോടി. 2021ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന രണ്ടര മടങ്ങാണ്. 2019 ൽ 1489 ഉം 2020 ൽ 299 ഉം 2021ൽ 713 ഉം 2022 ൽ 1604 ഉം കോടി രൂപയുടെ ടിക്കറ്റുകളാണ് റദ്ദാക്കപ്പെടാതെ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.