തിരുവനന്തപുരം: സസ്പെൻഡ് ചെയ്യുന്ന ലൈസൻസുകൾ തിരികെ കിട്ടാൻ ഇനി അൽപം കടുക്കും. നിലവിൽ എത്ര കാലത്തേക്കാണോ സസ്പെൻഡ് ചെയ്തത്, ആ സമയപരിധി തികച്ചാൽ മതിയായിരുന്നു. എന്നാൽ ഇനി മുതൽ മോട്ടോർ വാഹനവകുപ്പിന്റെ എടപ്പാളിലുള്ള ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവിങ് ആൻഡ് റിസർച്ചിൽ (ഐ.ഡി.ടി.ആർ) അഞ്ച് ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കണം.
5000 രൂപയാണ് ഈ പരിശീലനത്തിന് നിശ്ചയിച്ചിരിക്കുന്ന ഫീസ്. സമയപരിധി തികച്ചാലും ഐ.ഡി.ടി.ആറിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിച്ചാലേ ആർ.ടി.ഒയോ ജോയന്റ് ആർ.ടി.ഒയോ ലൈസൻസ് പുനഃസ്ഥാപിക്കൂ. അപകടകരമായ ഡ്രൈവിങ് വ്യാപകമാവുകയും ഗതാഗതകുറ്റങ്ങൾ വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഗതാഗത വകുപ്പ് നടപടികൾ കൂടുതൽ കർശനമാക്കുന്നത്. ഇത് സംബന്ധിച്ച് നിയമനടപടികൾ പൂർത്തിയാക്കി ഉടൻ ഉത്തരവിറങ്ങുമെന്നാണ് വിവരം.
അപകടകരമായ ഡ്രൈവിങ്, മദ്യപിച്ചുള്ള വാഹനമോടിക്കൽ, അപകടമുണ്ടാക്കൽ തുടങ്ങിയ കാരണങ്ങളാലാണ് നിലവിൽ ലൈസൻസ് റദ്ദാക്കുന്നത്. മൂന്ന് മാസത്തേക്കോ ആറ് മാസത്തേക്കോ ആണ് സസ്പെൻഷൻ. എന്നാൽ ഇത് ലാഘവത്തോടെ കണ്ട് ഗുരുതര ഗതാഗത കുറ്റങ്ങൾക്ക് മുതിരുന്നവരുടെ എണ്ണം വർധിക്കുന്നുവെന്നാണ് സർക്കാറിന്റെ വിലയിരുത്തൽ. തത്വത്തിൽ ഐ.ഡി.ടി.ആർ പരിശീലനത്തിന് തീരുമാനമെടുത്തെങ്കിലും നിയമപരമായ കടമ്പകൾ മുന്നിലുണ്ട്.
ഇത് സംബന്ധിച്ച് ഐ.ഡി.ടി.ആറിനെ ചുമതലപ്പെടുത്തി നിയമഭേദഗതി വരുത്തണം. പരിശീലനത്തിനെതിരെ ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഒഴിവാക്കി നടപടിക്ക് നിയമപ്രാബല്യം ഉറപ്പുവരുത്താനാണിത്. നിലവിൽ കുറ്റക്കാരായ ഡ്രൈവർമാരെ നല്ല നടപ്പിന് ആശുപത്രി സേവനത്തിനായി അയക്കുന്ന ഒറ്റപ്പെട്ട നിലയുണ്ടെങ്കിലും ഇതിന് പോലും നിർബന്ധ സ്വഭാവമില്ല.
ഐ.ഡി.ടി.ആറിന്റെ സബ്സെൻററുകൾ എല്ലാ ജില്ലകളിലും ആരംഭിക്കുന്നതിനും ആലോചനയുണ്ട്. ഇതിനായി കേന്ദ്ര സർക്കാറിനെ സമീപിച്ചിരിക്കുകയാണ് സർക്കാർ. ഒരു സബ്സെന്ററിന് ഒരു കോടി രൂപയാണ് മോട്ടോർ വാഹന വകുപ്പ് ചെലവ് കണക്കാക്കുന്നത്. ഇത് കൂടി യാഥാർഥ്യമാകുന്നതോടെ നല്ലനടപ്പ് പരിശീലനത്തിന് എല്ലാ ജില്ലകളിലും സൗകര്യവുമാകും. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിന് പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ നിരീക്ഷണ സംവിധാനം ഉടൻ പുറത്തിറക്കാനും മോട്ടോർ വാഹനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൊബൈൽ ആപ് വഴി ചിത്രമടക്കം കൈമാറാൻ കഴിയുംവിധത്തിലാണ് പുതിയ ക്രമീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.